നാഷണല്‍ ഗാര്‍ഡിനെ വെടിവച്ച പ്രതി അമേരിക്കയില്‍ എത്തിയ ശേഷം തീവ്രവാദിയായതാവാം: ക്രിസ്റ്റി നോയം

നാഷണല്‍ ഗാര്‍ഡിനെ വെടിവച്ച പ്രതി അമേരിക്കയില്‍ എത്തിയ ശേഷം തീവ്രവാദിയായതാവാം: ക്രിസ്റ്റി നോയം


വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വെടിവച്ച സംഭവത്തിലെ പ്രതിയായ റഹ്മാനുല്ല ലകാന്‍വല്‍ അമേരിക്കയില്‍ എത്തിയ ശേഷം തീവ്രവാദ ചിന്തകള്‍ക്ക് ഇരയായതാവാമെന്ന സംശയമുണ്ടെന്ന് ആഭ്യന്തരസുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയം വ്യക്തമാക്കി. ദേശീയസേനാംഗങ്ങളായ 20
കാരി സാറ ബക്‌സ്ട്രം, 24കാരനായ ആന്‍ഡ്രൂ വോള്‍ഫ് എന്നിവരെ ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ബുധനാഴ്ച നടന്ന ആക്രമണം. 

അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സിഐഎയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന 29കാരനായ ലകാന്‍വല്‍ 2021ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് 'ഓപ്പറേഷന്‍ ആലൈസ് വെല്‍ക്കം' പദ്ധതിയിലൂടെ അമേരിക്കയിലെത്തുകയും, പിന്നീട് ഇയാള്‍ക്ക് ഈ വര്‍ഷം ഏപ്രിലില്‍ അഭയം ലഭിക്കുകയും ചെയ്തിരുന്നു. ബൈഡന്‍ ഭരണകൂടം നടത്തിയ പരിശോധനകള്‍ കുറ്റമറ്റതല്ലെന്നും, അതിനാല്‍തന്നെ അമേരിക്കയില്‍ എത്തിയ ശേഷം തന്നെ ഇയാള്‍ തീവ്രവാദീകരിക്കപ്പെട്ടതാകാമെന്നുമാണ് നോയത്തിന്റെ ആരോപണം.

എന്നാല്‍, ലകാന്‍വലിന്റെ അഭയാര്‍ഥി അപേക്ഷ പ്രോസസ്സ് ചെയ്യുമ്പോള്‍ തന്നെ ട്രംപ് ഭരണകൂടം മാസങ്ങളോളം അധികാരത്തിലുണ്ടായിരുന്നുവെന്ന ചൂണ്ടിക്കാട്ടലുകള്‍ക്കും അവര്‍ മറുപടി നല്‍കി. അപേക്ഷയ്ക്ക് വേണ്ട വിവരശേഖരണം ബൈഡന്‍ ഭരണകാലത്താണ് നടന്നതെന്നും, അതിന്റെ ഉത്തരവാദിത്വം ഇപ്പോഴത്തെ ഭരണകൂടത്തിനല്ലെന്നും നോയം വ്യക്തമാക്കി. പുതിയ ഭരണകാലത്ത് പരിശോധനാമാര്‍ഗങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ടെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

ഒപ്പറേഷന്‍ ആലൈസ് വെല്‍ക്കം വഴി അമേരിക്കയിലെത്തിയ അഫ്ഗാന്‍ പൗരന്മാര്‍ക്ക് പരിശോധന പൂര്‍ണ്ണമായിരുന്നില്ലെന്ന ആരോപണം മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. അഭയാര്‍ത്ഥികളുടെ ജീവചരിത്രവും ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചുവെന്ന് മുന്‍ ആഭ്യന്തരസുരക്ഷാ ഇന്റലിജന്‍സ് അണ്ടര്‍സെക്രട്ടറി ജോണ്‍ കോഹന്‍ വ്യക്തമാക്കി. മൂന്നാം രാജ്യങ്ങളിലെ പ്രത്യേക 'ലില്ലിപാഡ്' കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം, പലപ്പോഴും ആഴ്ചകളോളം നടത്തിയ കര്‍ശന പരിശോധനകളിലൂടെയായിരുന്നു ഇവരുടെ യാത്രാമുന്നൊരുക്കം നടന്നതെന്നും മുന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉേദ്യാഗസ്ഥന്‍ സാം ആരോണ്‍സണ്‍ വ്യക്തമാക്കി.

സിഐഎയുമായി ബന്ധപ്പെട്ടിരുന്ന ലകാന്‍വല്‍ നേരത്തെയും കര്‍ശന പരിശോധനകള്‍ക്കു വിധേയനായിരുന്നിരിക്കാനാണ് സാധ്യതയെന്ന് സംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനകളില്‍ ഒരിടത്തും അയാള്‍ക്കെതിരെ പ്രശ്‌നങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെ ചുറ്റിപ്പറ്റി നോയത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് വാന്‍ ഹോളന്‍ ശക്തമായി മറുപടി നല്‍കി. 'ഒരാളുടെ കുറ്റത്തിന് മുഴുവന്‍ സമൂഹത്തെയും ശിക്ഷിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ്. താലിബാന്‍ വിരുദ്ധ പോരാട്ടത്തില്‍ അമേരിക്കയ്‌ക്കൊപ്പമുണ്ടായിരുന്നവരാണ് ഇവര്‍. ഇവരെ തിരികെ അയച്ചാല്‍ അവര്‍ക്കു മരണഭീഷണി നേരിടേണ്ടിവരും,' വാന്‍ ഹോളന്‍ ചൂണ്ടിക്കാട്ടി.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപ് ഭരണകൂടം അഭയ നിര്‍ണയങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതിനെക്കുറിച്ചും വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.