ഇനി അമേരിക്കയുടെ സുവര്‍ണകാലം; ആദ്യ പ്രസംഗത്തില്‍ ട്രംപ്

ഇനി അമേരിക്കയുടെ സുവര്‍ണകാലം; ആദ്യ പ്രസംഗത്തില്‍ ട്രംപ്


വാഷിംഗ്ടണ്‍: 'അമേരിക്കയുടെ സുവര്‍ണ്ണകാലം ഇപ്പോള്‍ ആരംഭിക്കുന്നു' എന്നാണ് 47-ാമത് യു എസ് പ്രസിഡന്റായി സ്ഥാനമേറ്റയുടന്‍ ആദ്യ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞത്. അമേരിക്കയെ ഒന്നാമതെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നുമുതല്‍ യു എസ് അഭിവൃദ്ധി പ്രാപിക്കുമെന്നും എല്ലാ രാഷ്ട്രങ്ങളും അസൂയപ്പെടുമെന്നും പറഞ്ഞു.

ഇനി യു എസിനെ മുതലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നു പറഞ്ഞ ട്രംപ് അമേരിക്ക വീണ്ടും ബഹുമാനിക്കപ്പെടുമെന്നും തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു. 

ആത്മവിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും ദേശീയ വിജയത്തിന്റെ ആവേശകരമായ പുതിയ യുഗത്തിന്റെ തുടക്കത്തിലാണുള്ളതെന്നും ട്രംപ് പ്രസംഗിച്ചു. മാറ്റം വളരെ വേഗത്തിലായിരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള തന്റെ പ്രസംഗത്തില്‍ മുന്‍ഗാമിയായ ജോ ബൈഡനെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ് 'സ്വദേശത്ത് ലളിതമായ പ്രതിസന്ധി പോലും കൈകാര്യം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍' എന്നു വിശേഷിപ്പിക്കുകയും  'വിദേശത്ത് വിനാശകരമായ സംഭവങ്ങളുടെ തുടര്‍ച്ചയായ പട്ടികയിലേക്ക്' ഇടറിയെന്നും പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ ബൈഡന്‍ ട്രംപില്‍ നിന്നും ഏതാനും ചുവടുകള്‍ മാത്രമായിരുന്നു അകലെ. എന്നിട്ടും ബൈഡന്‍ സര്‍ക്കാരിന്റെ നയങ്ങളെ ട്രംപ് വിമര്‍ശിക്കുന്നത് തുടര്‍ന്നു.

കുടിയേറ്റ വിഷയത്തിലും ട്രംപ് ശക്തമായി പ്രതികരണം നടത്തി. 'നമ്മുടെ മഹത്തായ നിയമം അനുസരിക്കുന്ന പൗരന്മാരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു' എന്നു വിമര്‍ശിച്ച ട്രംപ് എന്നാല്‍ 'അപകടകരമായ കുറ്റവാളികള്‍ക്ക് അഭയവും സംരക്ഷണവും' നല്‍കുന്നു എന്നും ആരോപിച്ചു. 

വിദേശ അതിര്‍ത്തികളുടെ പ്രതിരോധത്തിന് സര്‍ക്കാര്‍ പരിധിയില്ലാത്ത ധനസഹായം നല്‍കിയിട്ടുണ്ടെങ്കിലും അമേരിക്കന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ തയ്യാറായില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉണ്ടായിരുന്നത്. 

രണ്ട് ബൈബിളുകളിലാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. ഒന്ന് 1861-ല്‍ സ്ഥാനാരോഹണത്തിന് എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ചതും മറ്റേത് 1955-ല്‍ അദ്ദേഹത്തിന്റെ അമ്മ നല്‍കിയതുമാണ്.