വെര്‍മോണ്ട് ജനപ്രതിനിധി സഭയിലേക്ക് ഇന്ത്യന്‍ വംശജന്‍ പ്രണീത് മേനോന്‍

വെര്‍മോണ്ട് ജനപ്രതിനിധി സഭയിലേക്ക് ഇന്ത്യന്‍ വംശജന്‍ പ്രണീത് മേനോന്‍


വെര്‍മോണ്ട്: വെര്‍മോണ്ട് സംസ്ഥാന ജനപ്രതിനിധി സഭയിലേക്ക് ഇന്ത്യയില്‍ ജനിച്ച പ്രണീത് മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ഒര്‍ലീന്‍സ്‌ലാമോയില്‍ ജില്ലയില്‍നിന്നാണ് മേനോന്‍ വിജയിച്ചത്. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ പ്രതിനിധി എന്ന ഇരട്ട വിശേഷണത്തോടെയാണ് പൊതുതിരഞ്ഞെടുപ്പിലെ ബാലറ്റില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നത്.

തെരഞ്ഞെടുപ്പില്‍ മേനോന് 1,992 വോട്ടുകള്‍ ലഭിച്ചപ്പോള്‍ നിലവിലെ ജനപ്രതിനിധിയായ ലോവല്‍ സ്വദേശിയായ മാര്‍ക്ക് ഹിഗ്ലിക്ക് 2,815 വോട്ടുകള്‍ ലഭിച്ചു. 43 പേര്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ എഴുതിച്ചേര്‍ത്ത് വോട്ട് രേഖപ്പെടുത്തി. വെര്‍മോണ്ട് സ്റ്റേറ്റ് സെക്രട്ടറിയുടെ ഔദ്യോഗിക വിവരങ്ങള്‍ അടിസ്ഥാനമാക്കി എഫ്വൈഐവിടി പസിദ്ധീകരിച്ച ഫലങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരുവരുടെയും പേരുകള്‍ ബാലറ്റില്‍ 'റിപ്പ/ഡെമോ' എന്ന വിശേഷണത്തോടെയാണ് രേഖപ്പെടുത്തിയിരുന്നത്.

ജില്ലയില്‍നിന്ന് രണ്ട് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനാല്‍ ഇരുവര്‍ക്കും വിജയികളാകാന്‍ സാധിക്കും. അതിനാല്‍ മേനോന് ഹിഗ്ലിയേക്കാള്‍ വോട്ട് കുറവാണെന്ന കാരണത്താല്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന് വിലയിരുത്താനാകില്ല.

വെര്‍മോണ്ട് പബ്ലിക്കിന്റെ പ്രൈമറി തെരഞ്ഞെടുപ്പ് മാര്‍ഗദര്‍ശം പ്രകാരം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായാണ് മേനോന്‍ മത്സരരംഗത്തെത്തിയത്. പിന്നീട് ബാലറ്റില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ ഇരട്ട വിശേഷണങ്ങള്‍ ഉള്‍പ്പെട്ടത് അദ്ദേഹം പാര്‍ട്ടി മാറിയെന്നതിന് തെളിവല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുടുംബങ്ങളുടെ ജീവിതച്ചെലവ്, സ്‌കൂളുകള്‍, ഭവനമേഖല, ആരോഗ്യപരിരക്ഷ, ഗ്രാമീണ മേഖലയിലെ തൊഴില്‍ക്ഷാമം എന്നിവയ്ക്കായിരുന്നു മേനോന്റെ പ്രചാരണത്തില്‍ പ്രധാന്യം നല്‍കിയത്. വസ്തുനികുതി, വൈദ്യുതി ബില്ലുകള്‍, മറ്റ് കുടുംബച്ചെലവുകള്‍ എന്നിവയില്‍ കൂടുതല്‍ പരിശോധനയും നിയന്ത്രണവും വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. പ്രാദേശിക നികുതി വരുമാനത്തിന്റെ അടിത്തറ വിപുലീകരിക്കുന്നതിനുള്ള നയങ്ങള്‍ക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.

ചെറുകിട വ്യവസായങ്ങള്‍ക്ക് സഹായം നല്‍കുക, തൊഴില്‍പരിശീലനം വിപുലീകരിക്കുക, ശിശുപരിചരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുക എന്നിവയിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കണമെന്നതായിരുന്നു തൊഴില്‍മേഖലയിലെ അദ്ദേഹത്തിന്റെ നിലപാട്.

വര്‍ഷം മുഴുവന്‍ താമസിക്കാവുന്ന വീടുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി കെട്ടിടനിര്‍മാണ അനുമതി നടപടികളില്‍ മാറ്റം വരുത്തുക, അടിസ്ഥാനസൗകര്യ വികസനത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഭവനനയത്തിന്റെ ഭാഗമായി മുന്നോട്ടുവെച്ചു.

ക്ലാസ് മുറികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുക, ആവശ്യമായ സാമ്പത്തികവിഭവങ്ങള്‍ ഉറപ്പാക്കാതെ പുതിയ ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികളെ എതിര്‍ക്കുക എന്നിവയ്ക്കാണ് വിദ്യാഭ്യാസമേഖലയില്‍ മേനോന്‍ ഊന്നല്‍ നല്‍കിയത്.

സമൂഹാടിസ്ഥാനത്തിലുള്ള ആരോഗ്യപരിരക്ഷ ശക്തിപ്പെടുത്തുക, ടെലിഹെല്‍ത്ത് സേവനങ്ങള്‍ വ്യാപിപ്പിക്കുക, മാനസികാരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.

'ഉത്തരവാദിത്വപൂര്‍ണമായ പരിപാലനം, പ്രായോഗികമായ പ്രവര്‍ത്തനം' എന്നതായിരുന്നു മേനോന്റെ പ്രചാരണത്തിന്റെ മുദ്രാവാക്യം.

പ്രചാരണ വെബ്‌സൈറ്റിലെ ജീവചരിത്രവിവരങ്ങള്‍ പ്രകാരം സ്വകാര്യ വ്യവസായമേഖലയില്‍ വ്യോമയാന, പ്രതിരോധ പദ്ധതികളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കന്‍ വ്യോമസേനയുമായും കരസേനയുമായും ബന്ധപ്പെട്ട കരാര്‍ ജോലികളിലും പങ്കാളിയായിരുന്നുവെന്നാണ് പ്രചാരണ വെബ്‌സൈറ്റിലെ വിശദീകരണം. സര്‍ട്ടിഫൈഡ് ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടറായി യോഗ്യത നേടിയതായും സ്വന്തമായി ചെറുകിട സോഫ്റ്റ്വെയര്‍ സംരംഭം ആരംഭിച്ചതായും വെബ്‌സൈറ്റ് പറയുന്നു. 

ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന മേനോന്‍ 16-ാം വയസ്സിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. റെന്‍സലെയര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് എയറോനോട്ടിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് വെര്‍മോണ്ടില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി.

ഏകദേശം ഒരു ദശാബ്ദത്തോളം മറ്റിടങ്ങളില്‍ താമസിച്ചശേഷം കോവിഡ് കാലത്താണ് മേനോന്റെ കുടുംബം കോവന്‍ട്രിയിലേക്ക് താമസം മാറിയതെന്ന് പ്രചാരണ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. പ്രാദേശിക ആസൂത്രണ കമ്മിഷന്‍, ടൗണ്‍ ഫിനാന്‍സ് കമ്മിറ്റി എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ സ്‌കൂള്‍ ബോര്‍ഡുകളുടെയും സൂപ്പര്‍വൈസറി യൂണിയന്‍ ബോര്‍ഡുകളുടെയും നേതൃത്വചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.