സ്പിരിറ്റ് എയര്‍ലൈന്‍സ് അടച്ചുപൂട്ടലിന്റെ വക്കില്‍

സ്പിരിറ്റ് എയര്‍ലൈന്‍സ് അടച്ചുപൂട്ടലിന്റെ വക്കില്‍


ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബജറ്റ് എയര്‍ലൈനായ സ്പിരിറ്റ് എയര്‍ലൈന്‍സ് അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 500 മില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ സുരക്ഷിത കരാറിനായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

സ്ഥിതി വഷളായ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായം ഉറപ്പാക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും ചില ബോണ്ട് ഉടമകളുടെ എതിര്‍പ്പാണ് കരാര്‍ തകരാന്‍ കാരണമായത്. വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ലെങ്കിലും സേവനങ്ങള്‍ സാധാരണ പോലെ തുടരുന്നതായി സ്പിരിറ്റ് വക്താവ് അറിയിച്ചു.

വാര്‍ത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരികള്‍ 74 ശതമാനം വരെ ഇടിഞ്ഞു. അതേസമയം സ്പിരിറ്റ് എയര്‍ലൈന്‍സുമായി മത്സരിക്കുന്ന കമ്പനികളായ ജെറ്റ്ബ്ലു എയര്‍വയ്‌സ്, ഫ്രന്റിയര്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് എന്നിവയുടെ ഓഹരികള്‍ ഉയര്‍ന്നു.

നേരത്തെ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് സിറ്റാഡല്‍ ഉള്‍പ്പെടുന്ന കടപ്പത്രദാതാക്കളുടെ സംഘം നിര്‍ദേശിച്ച വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെ ഫിനാന്‍സിംഗ് ചര്‍ച്ചകള്‍ നിലച്ചിരുന്നു.

അമേരിക്കന്‍ വാണിജ്യമന്ത്രി ഹൊവാര്‍ഡ് ലുട്‌നിക്കാണ് ഈ ഇടപെടല്‍ ശ്രമത്തിന് നേതൃത്വം നല്‍കിയത്. ഡൊണള്‍ഡ് ട്രംപ് ഭരണകൂടം  പുന:സംഘടനക്ക് വിധേയമാകുന്ന കമ്പനിയിലെ 90 ശതമാനം വരെ ഓഹരി കൈവശപ്പെടുത്താനുള്ള വാറന്റുകള്‍ സര്‍ക്കാര്‍ നേടുന്ന തരത്തിലുള്ള കരാര്‍ പരിഗണിച്ചിരുന്നു. ഏകദേശം 14,000 തൊഴിലവസരങ്ങള്‍ സംരക്ഷിക്കേണ്ട സാഹചര്യമുണ്ടെന്നു ചൂണ്ടിക്കാട്ടി ട്രംപ് ബെയില്‍ഔട്ടിനോട് അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്നു.

2025 ഓഗസ്റ്റില്‍ രണ്ടാം തവണ ചാപ്റ്റര്‍ 11 പാപ്പരത്തത്തിന് സംരക്ഷണത്തിന് അപേക്ഷിച്ച സ്പിരിറ്റ് ചെറിയ കമ്പനിയായി പ്രവര്‍ത്തനം പുന:രാരംഭിക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. വിമാനങ്ങളുടെ എണ്ണം 76 മുതല്‍ 80 വരെ കുറയ്ക്കുകയും ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍, ഒര്‍ലാന്റോ, ഡെട്രോയിറ്റ്, ന്യൂയോര്‍ക്ക് സിറ്റി എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം പുനഃസംഘടിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. മൊത്തം കടബാധ്യതയും ലീസ് ബാധ്യതകളും 7.4 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം 2 ബില്യണ്‍ ഡോളറായി കുറയ്ക്കികയായിരുന്നു ലക്ഷ്യം.

അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജെറ്റ് ഇന്ധനവില ഉയര്‍ന്നത് കമ്പനിയുടെ സാമ്പത്തിക നിലയെ കൂടുതല്‍ ബാധിക്കുകയായിരുന്നു. 2026-ലെ ഓപ്പറേറ്റിംഗ് മാര്‍ജിന്‍ -7 ശതമാനത്തില്‍ നിന്ന് -20 ശതമാനമായി താഴാന്‍ സാധ്യതയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇതിന് പുറമെ പ്രാട്ട് ആന്റ് വിറ്റ്‌നി എന്‍ജിന്‍ റിക്കോള്‍ മൂലം നിരവധി എയര്‍ബസ് വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നതും ജെറ്റ്ബ്ലൂ ഏറ്റെടുക്കല്‍ കരാര്‍ കോടതിയില്‍ തടയപ്പെട്ടതും കമ്പനി നേരിട്ട തിരിച്ചടികളാണ്. 2022-ല്‍ ഫ്രണ്ടിയര്‍ എയര്‍ലൈന്‍സുമായുള്ള ലയന നിര്‍ദ്ദേശം തള്ളിയതിനു പിന്നാലെ കരാര്‍ ഒപ്പുവെച്ചെങ്കിലും അത് പിന്നീട് തടയപ്പെട്ടു.