ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വ നിയന്ത്രണ നീക്കം തടഞ്ഞ് യുഎസ്‌ സുപ്രീംകോടതി

ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വ നിയന്ത്രണ നീക്കം തടഞ്ഞ് യുഎസ്‌ സുപ്രീംകോടതി


വാഷിം​ഗ്ടൺ: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്‌സിക്യുട്ടീവ് ഉത്തരവിന് തിരിച്ചടിയായി യുഎസ്‌ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. ട്രംപിന്റെ ഉത്തരവ് നേരിട്ട് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് കോടതി തടഞ്ഞു. അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വ അവകാശം ഉറപ്പുനല്‍കുന്ന 14-ാം ഭരണഘടന ഭേദഗതിയുടെ സാധുത വെല്ലുവിളിക്കുന്നതാണ് ട്രംപിന്റെ ഉത്തരവെന്നും അത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒമ്പത് അംഗ ബെഞ്ചിൽ 6-3 ഭൂരിപക്ഷത്തിനാണ് ട്രംപിന്റെ ഉത്തരവ് തള്ളിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. ‌

അനധികൃത കുടിയേറ്റക്കാരുടെയോ താല്‍ക്കാലിക വിസയില്‍ കഴിയുന്നവരുടെയോ കുട്ടികള്‍ക്ക് സ്വമേധയാ പൗരത്വം ലഭിക്കുന്ന സംവിധാനം നിയന്ത്രിക്കണമെന്ന നിലപാടാണ് ട്രംപ് മുന്നോട്ട് വെച്ചിരുന്നത്. മാതാപിതാക്കളില്‍ ഒരാള്‍ യുഎസ് പൗരനോ നിയമപരമായി സ്ഥിരതാമസക്കാരനോ ആയിരിക്കണമെന്നായിരുന്നു എക്‌സിക്യുട്ടീവ് ഓര്‍ഡര്‍.  പൗരന്മാരല്ലാത്തവരുടെ കുട്ടികൾ (രേഖകളില്ലാത്ത കുടിയേറ്റക്കാരായാലും താൽക്കാലിക വിസയിലുള്ളവരായാലും) യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ "അധികാരപരിധിക്ക് വിധേയരല്ല" എന്ന ഭരണകൂടത്തിന്റെ വാദം കോടതി തള്ളി. 2025 ജനുവരിയിൽ രണ്ടാമത് അധികാരമേറ്റ ട്രംപ് ആദ്യ ദിവസം ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൊന്നായിരുന്നു ഇത്. ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമ വിദഗ്ധരും മനുഷ്യാവകാശ സംഘടനകളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

നേരത്തെ ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ച കീഴ്‌ക്കോടതി ഉത്തരവിനെ ശരിവെക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. സുപ്രീംകോടതിയുടെ പുതിയ തീരുമാനം അമേരിക്കയിലെ കുടിയേറ്റ നയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ്. രാജ്യത്തെ പൗരത്വ നിയമങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയവും നിയമപരവുമായ തര്‍ക്കങ്ങള്‍ തുടരുമെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ നിയമപരമായ വ്യക്തതയ്ക്കായി തുടര്‍ നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.