മണിക്കൂറില്‍ ഒരു ഇന്ത്യക്കാരന്‍ വീതം യുഎസിലേക്ക് കുടിയേറുന്നു

മണിക്കൂറില്‍ ഒരു ഇന്ത്യക്കാരന്‍ വീതം യുഎസിലേക്ക് കുടിയേറുന്നു


ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി രണ്ടാംതവണയും അധികാരത്തിലേറിയ ഉടന്‍ കൈക്കൊണ്ട സുപ്രധാന തീരുമാനമായിരുന്നു അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്നും പുറത്താക്കുക എന്നത്. സ്ഥാനാരോഹണത്തിന് പിന്നാലെ ഇതിനുള്ള നടപടികളും അതിവേഗത്തില്‍ ആരംഭിച്ചു. ട്രംപിന്റെ തീരുമാനത്തിന്റെ കാഠിന്യം കൂടുതല്‍ അറിഞ്ഞ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച 104 പേരുമായി ആദ്യ യുഎസ് സൈനിക വിമാനം ഫെബ്രുവരി 5 ന് അമൃത്സറില്‍ ലാന്റ് ചെയ്തതിന് പിന്നാലെ വിഷയം രാജ്യത്തെ സജീവ ചര്‍ച്ചകളില്‍ ഒന്നായിമാറി. എന്നാല്‍ ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്നങ്ങള്‍ സംബന്ധിച്ച ചില വസ്തുതകള്‍ ഏറെ ശ്രദ്ധേമാണ്

യുഎസ് ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം വരുന്നതും രാജ്യത്തെ വിദേശികളുടെ 22 ശതമാനത്തോളം വരുന്നതുമായ അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍. അനധികൃത കുടിയേറ്റക്കാരായ 18,000 ത്തില്‍ അധികം ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് യുഎസ് അധികൃതരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പ്യൂ റിസര്‍ച്ച് സെന്റര്‍, സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ സ്റ്റഡീസ് ഓഫ് ന്യൂയോര്‍ക്ക് എന്നിവയുടെ കണക്കുകള്‍ പ്രകാരം അനധികൃതമായി കുടിയേറിയ ഏഴ് ലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎസിലുണ്ട്. മെക്സികോ, എല്‍ സാല്‍വദോര്‍ പൗരന്‍മാര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (എംപിഐ) കണക്ക് പ്രകാരം ഇത് 375,000 ആണ്. 2022 ല്‍ 220,000 ഇന്ത്യക്കാര്‍ അനധികൃതമായി രാജ്യത്തുണ്ട് എന്ന് ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനമായ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ (ഡിഎച്ച്എസ്) ഡാറ്റ ചൂണ്ടിക്കാട്ടുന്നു. കണക്കുകളിലെ ഈ വ്യത്യാസം പോലും അനധികൃത ഇന്ത്യക്കാരുടെ എണ്ണത്തിന്റെ തോത് വെളിപ്പെടുത്തുന്നവയാണ്.

പ്യൂ, സിഎംഎസ് ഡാറ്റകള്‍ പരിശോധിച്ചാല്‍ മണിക്കൂറില്‍ ഒരാള്‍ എന്ന നിലയില്‍ അനധികൃത കുടിയേറ്റക്കാരനായി യുഎസില്‍ എത്തുന്നു എന്ന് വിലയിരുത്തേണ്ടിവരും. യുഎസില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിദേശികളും ഇന്ത്യക്കാരാണ്. 1990 ല്‍ 600,000 ഇന്ത്യക്കാര്‍ യുഎസില്‍ ഉണ്ടായിരുന്നു എങ്കില്‍ 2022 ല്‍ ഇത് 32 ലക്ഷമായി ഉയര്‍ന്നു. ഡിഎച്ച് എസ് കണക്കുകള്‍ പ്രകാരം 2022 ല്‍ രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണം 60 ശതമാനം കുറഞ്ഞു. 2016 ല്‍ 560,000 ആയിരുന്നു ഈ കണക്ക് എങ്കില്‍ 2022 ല്‍ ഇത് 220,000 ആയി ഇടിഞ്ഞു.

എന്നാല്‍, കോവിഡ് രോഗ ബാധയുള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ് ഈ ഇടിവിന് വഴിവച്ചത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2023, 2024 വര്‍ഷങ്ങളിലെ കണക്കുകള്‍ ലഭ്യമായാല്‍ ഈ ഇടിവ് മറികടന്നേക്കും. അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിലും വിഹിതത്തിലും ക്രമാനുഗതമായ വളര്‍ച്ചയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ യുഎസില്‍ ഉണ്ടായത്. 1990-ല്‍ 0.8 ശതമാനമായിരുന്നു അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ എങ്കില്‍ 2015- ഇത് 3.9 ശതമാനമായി. 2022-ല്‍ 2 ശതമാനമായി ആയി കുറഞ്ഞു എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമായും രണ്ട് അതിര്‍ത്തികളാണ് യുഎസിനുള്ളത്. അരിസോണ, ന്യൂ മെക്സികോ, കാലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാനങ്ങളും ടെക്സാസും ഉള്‍പ്പെടുന്ന മെക്സികോ പ്രദേശം. 11 സ്റ്റേറ്റുകള്‍ കാനഡയുമായും അതിര്‍ത്തി പങ്കിടുന്നു. 2010 ന് മുന്‍പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഈ രണ്ട് അതിര്‍ത്തികള്‍ വഴി യുഎസ് യാത്ര തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം പ്രതിവര്‍ഷം ആയിരത്തില്‍ താഴെ മാത്രമായിരുന്നു.

2024 ലെ കണക്കുകളില്‍ യുഎസിന്റെ വടക്കന്‍ അതിര്‍ത്തി വഴിയുള്ള ഇന്ത്യന്‍ കുടിയേറ്റം 36 ശതമാനം വര്‍ധിച്ചു. കാനഡ വഴിയാണ് ഇന്ത്യക്കാര്‍ കുടുതലായും യുഎസിലേക്ക് പ്രവേശിക്കാന്‍ തിരഞ്ഞെടുത്തത്. യുഎസിനെ അപേക്ഷിച്ച് വിസ നടപടികളിലെ ഇളവുകളാണ് ഇതിലെ പ്രധാന കാരണം. 2021 - 23 കാലഘട്ടത്തില്‍ മെക്സികോ അതിര്‍ത്തിവഴിയുള്ള കുടിയേറ്റവും വന്‍ തോതില്‍ വര്‍ധിച്ചു.

കാലിഫോര്‍ണിയ (112,000), ടെക്സസ് (61,000), ന്യൂജേഴ്‌സി (55,000), ന്യൂയോര്‍ക്ക് (43,000), ഇല്ലിനോയി (31,000) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഉള്ളത്. ഒഹായോ (16%), മിഷിഗണ്‍ (14%), ന്യൂജേഴ്‌സി (12%), പെന്‍സില്‍വാനിയ (11%) എന്നിവിടങ്ങളിലെ മൊത്തം അനധികൃത ജനസംഖ്യയുടെ വലിയ പങ്കും ഇന്ത്യക്കാരാണ്. ടെന്നസി, ഇന്ത്യാന, ജോര്‍ജിയ, വിസ്‌കോണ്‍സിന്‍, കാലിഫോര്‍ണിയ സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരില്‍ 20 ശതമാനത്തോളം അനധികൃത കുടിയേറ്റക്കാരാണ് എന്നും കണക്കുകള്‍ പറയുന്നു.

സ്വന്തം രാജ്യത്ത് പീഡനം നേരിടുമെന്ന് ഭയക്കുന്ന ജനങ്ങള്‍ക്ക് അഭയം നല്‍കാമെന്ന യുഎസ് ഇമിഗ്രേഷന്‍ നിയമത്തിന്റെ ആനുകൂല്യമാണ് കുടിയേറ്റത്തിന്റെ മറ്റൊരുവഴി. കോടതി മുഖേന ഇത്തരം സാഹചര്യങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. അഭയാര്‍ത്ഥിത്വം എന്ന അവകാശ വാദങ്ങളില്‍ പഞ്ചാബി സംസാരിക്കുന്നവരാണ് യുഎസില്‍ കൂടുതല്‍.

ഭാഷാ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ പഞ്ചാബികള്‍ക്ക് പുറമെ ഹിന്ദി സംസാരിക്കുന്നവര്‍ (14%), ഇംഗ്ലീഷ് (8%), ഗുജറാത്തി (7%) എന്നിവ മാതൃഭാഷകളായവരും അഭയാര്‍ത്ഥിത്വം തേടിയെത്തി. ഇത്തരം അപേക്ഷകളില്‍ പഞ്ചാബി സംസാരിക്കുന്നവരില്‍ 63 ശതമാനം പേരുടെ അപേക്ഷകള്‍ അംഗീകരിച്ചു. ഹിന്ദി സംസാരിക്കുന്നവരില്‍ 58 ശതമാനം പേര്‍ക്കും അനുകൂല നിലപാട് ലഭിച്ചപ്പോള്‍ ഗുജറാത്തി സംസാരിക്കുന്നവരുടെ അപേക്ഷകളില്‍ നാലിലൊന്ന് മാത്രമേ അംഗീകരിച്ചിട്ടുള്ളൂ.

കണക്കുകള്‍ പ്രകാരം അഭയാര്‍ഥികളായി എത്തുന്നവരുടെ എണ്ണം 2021 ല്‍ 5000 ആയിരുന്നു എങ്കില്‍ 2023 ല്‍ ഇത് 51,000 ആണ്. യുഎസിന് പുറമെ കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും അഭയം തേടിയുള്ള അപേക്ഷകരില്‍ ഇന്ത്യക്കാരുടെ പങ്ക് വലുതാണ്.

അഭയം തേടുന്നവരും ഇന്ത്യന്‍ സാഹചര്യങ്ങളും

അഭയം തേടി യുഎസില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും പഞ്ചാബി, ഗുജറാത്തി വിഭാഗക്കാരാണെന്നത് ശ്രദ്ധേയമാണ്. കുടിയേറ്റത്തിനായുള്ള ഉയര്‍ന്ന ചെലവുള്ള യാത്രകള്‍ താങ്ങാന്‍ കഴിവുള്ളവരാണ് ഇവര്‍ എന്നതാണ് ഇതിലെ പ്രധാന വസ്തുത. എന്നാല്‍, ഇന്ത്യന്‍ മുസ്ലീങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗങ്ങള്‍, മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മേഖലകള്‍, കശ്മീര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വളരെ ചെറുതാണ്. സാമ്പത്തിക കുടിയേറ്റമാണ് അഭയം തേടുന്നവരുടെ ലക്ഷ്യം എന്ന് ഈ കണക്കുകള്‍ പറയുന്നു.

കാനഡയിലെ വ്യാജ വിദ്യാര്‍ത്ഥികള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവയിലൂടെ യുഎസിലേക്കുള്ള യാത്രയ്ക്ക് 30-100 മടങ്ങ് അധിക ചെലവ് വരുന്നതാണ്. അതിനാല്‍, യാത്രകള്‍ക്ക് കുടുംബത്തിന്റെ സാമ്പത്തിക നില പ്രധാനമാണെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ആപേക്ഷിക ദാരിദ്ര്യവും ജനാധിപത്യവും

യുഎസില്‍ അഭയം തേടാന്‍ ശ്രമിക്കുന്നവരുടെ കണക്ക് കേട്ടാല്‍ രാജ്യത്തെ ജനാധിപത്യ ശോഷണം പ്രധാനമെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം. എന്നാല്‍ ഇതില്‍ കാര്യമായ യാഥാര്‍ഥ്യം ഇല്ലെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കുടിയേറ്റത്തിന്റെ നീണ്ട ചരിത്രമുള്ളവരാണ് പഞ്ചാബ്, ഗുജറാത്ത് മേഖലയുള്ളവര്‍. യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഇവരുടെ സാന്നിധ്യം വലുതാണ്. 2023 ല്‍ ഏകദേശം 120 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലേക്ക് വിദേശത്തു നിന്നും ഇന്ത്യയിലേക്ക് എത്തിയത്.

നിലവില്‍ കുടിയേറ്റം തിരഞ്ഞെടുക്കുന്നത് ദാരിദ്ര്യമല്ല കാരണം എന്നും ആപേക്ഷിക ദാരിദ്ര്യമാണെന്നും റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നു. മെച്ചപ്പെട്ട ജീവിതം എന്ന ആഗ്രഹമാണ് ഇത്തരം കുടിയേറ്റങ്ങള്‍ക്ക് പിന്നില്‍. ഇതിനൊപ്പം ഇന്ത്യയില്‍ ഏജന്റുമാര്‍ ഉള്‍പ്പെട്ട ഒരു സമാന്തര വ്യവസായവും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യ എന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം നിയമവിരുദ്ധ കുടിയേറ്റത്തില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ സ്വീകരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ആളുകള്‍ രാജ്യം വിടുന്നത് തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

തിരിച്ചയക്കപ്പെട്ട ഇന്ത്യക്കാര്‍

2009 - 2024 കാലത്ത് ഏകദേശം 16000 ഇന്ത്യക്കാരെ യുഎസ് തിരിച്ചയച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം കണക്കുകള്‍ പറയുന്നത്. ബരാക് ഒബാമ ഭരണകാലത്ത് പ്രതിവര്‍ഷം 750 പേര്‍ എന്ന നിലയില്‍ ആളുകളെ തിരിച്ചയിച്ചിട്ടുണ്ട്. ഒന്നാം ട്രംപ് ഭരണകാലത്ത് 1550 പേരെങ്കിലും പ്രതിവര്‍ഷം തിരിച്ചയക്കപ്പെട്ടു. ജോ ബൈഡന്‍ ഭരണകാലത്ത് ഇത് 900ത്തില്‍ താഴെയായിരുന്നു. 2300 പേര്‍ തിരിച്ചെത്തിയ 2020 ആണ് പട്ടികയില്‍ മുന്നില്‍