'പുതിയ ബംഗ്ലാദേശില്‍ അക്രമത്തിന് ഇടമില്ല'; ഹിന്ദു യുവാവിന്റെ കൊലപാതകം അപലപിച്ച് യൂനുസ് സര്‍ക്കാര്‍

'പുതിയ ബംഗ്ലാദേശില്‍ അക്രമത്തിന് ഇടമില്ല'; ഹിന്ദു യുവാവിന്റെ കൊലപാതകം അപലപിച്ച് യൂനുസ് സര്‍ക്കാര്‍


ധാക്ക: മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍. 'പുതിയ ബംഗ്ലാദേശില്‍ ഇത്തരം അക്രമങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലെ'ന്ന് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍വ്യക്തമാക്കി. മൈമന്‍സിംഗ് ജില്ലയില്‍ നടന്ന കൊലപാതകത്തില്‍ പങ്കാളികളായ ആരെയും വെറുതെ വിടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഓസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കൊലപാതകം നടന്നത്. രാജ്യത്താകമാനം വ്യാപിക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ ചെറുക്കാന്‍ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും, ഭീഷണി, തീ വെപ്പ്, സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ എല്ലാ അക്രമങ്ങളെയും സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും റഫറണ്ടവും വെറും രാഷ്ട്രീയ പ്രക്രിയയല്ല, മറിച്ച് രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ഗൗരവമേറിയ ദേശീയ പ്രതിബദ്ധതയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജൂലൈ 2024 ലെ പ്രക്ഷോഭത്തില്‍ ജീവന്‍ നല്‍കിയ ഷഹീദ് ശരീഫ് ഓസ്മാന്‍ ഹാദിയുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ സംയമനവും ഉത്തരവാദിത്വവും വിദ്വേഷത്തെ നിരസിക്കുന്ന നിലപാടും അനിവാര്യമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അക്രമത്തിനിടെ ഡെയിലി സ്റ്റാര്‍, പ്രഥം ആലോ, ന്യൂ ഏജ് എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച സര്‍ക്കാര്‍, പത്രപ്രവര്‍ത്തകരോടുള്ള ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം സത്യത്തോടുള്ള ആക്രമണമാണെന്നും പൂര്‍ണ നീതി ഉറപ്പാക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, ഇന്‍കിലാബ് മോഞ്ചോ നേതാവും 2024 ലെ ജൂലൈ പ്രക്ഷോഭത്തിലെ പ്രമുഖനുമായ ശരീഫ് ഓസ്മാന്‍ ബിന്‍ ഹാദി വെടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്. ഡിസംബര്‍ 12 ന് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഹാദി വ്യാഴാഴ്ചയാണ് മരിച്ചത്. അക്രമങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനം അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്‍കിലാബ് മോഞ്ചോ ആഹ്വാനം ചെയ്തു.