സംസ്ഥാനത്തിന് വന്‍ തിരിച്ചടി: വായ്പാ പരിധിയില്‍ 5900 കോടി വെട്ടിക്കുറച്ചെന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

സംസ്ഥാനത്തിന് വന്‍ തിരിച്ചടി: വായ്പാ പരിധിയില്‍ 5900 കോടി വെട്ടിക്കുറച്ചെന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍


കൊച്ചി: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് വായ്പാ പരിധിയില്‍ 5900 കോടി രൂപയുടെ കുറവ് വരുത്തി കേന്ദ്രസര്‍ക്കാര്‍.

 വ്യാഴാഴ്ച രാത്രിയാണ് വായ്പാ പരിധി വെട്ടിക്കുറച്ചു കേന്ദ്രത്തിന്റെ കത്ത് ലഭിച്ചതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ എറണാകുളം ഗവ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ അറിയിച്ചിരിക്കുന്ന 5900 കോടി രൂപയുടെ കുറവിന് പുറമെ, കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവയുടെ പേരില്‍ നേരത്തെ തന്നെ വായ്പാ പരിധിയില്‍ വെട്ടിക്കുറയ്ക്കല്‍ നടത്തിയിരുന്നു. ഇതെല്ലാം ചേര്‍ത്താല്‍ ഈ സാമ്പത്തിക വര്‍ഷം മാത്രം വായ്പാ ഇനത്തിലും ഗ്രാന്റിലുമായി സംസ്ഥാനത്തിന് ഏകദേശം 17,000 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന നടപടിയാണിതെന്നും, ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണിതെന്നും മന്ത്രി പറഞ്ഞു.

വായ്പാ വെട്ടിക്കുറയ്ക്കലിന് പുറമെ, തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കുറച്ചതും സംസ്ഥാനത്തിന് തിരിച്ചടിയാണ്. പദ്ധതിയുടെ ചെലവ് 60:40 അനുപാതത്തിലാക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തും. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 9.7 കോടി തൊഴില്‍ ദിനങ്ങളാണ് ഉണ്ടായത്. 13.72 ലക്ഷം കുടുംബങ്ങളെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണിത്. കേന്ദ്രത്തിന്റെ പുതിയ നീക്കം ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ വരുമാനത്തെയും തൊഴിലിനെയും ഗുരുതരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജി.എസ്.ടി നിരക്കുകള്‍ ഏകീകരിച്ചതിലൂടെയും സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടമാണ് സംഭവിക്കുന്നത്. അടുത്ത വര്‍ഷം കേരളത്തിന് 8,000 മുതല്‍ 10,000 കോടി രൂപ വരെ കുറവുണ്ടാകുമെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാറുകളുടെയും മറ്റും നികുതി കുറച്ചത് ഉപഭോഗം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും, യഥാര്‍ത്ഥത്തില്‍ വന്‍കിട കമ്പനികള്‍ക്കാണ് ഇതിന്റെ ലാഭം ലഭിക്കുന്നതെന്നും സാധാരണക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ പുതിയ താരിഫ് നയങ്ങള്‍ കേരളത്തിന്റെ കയറ്റുമതി മേഖലയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ചെമ്മീന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പ്ലാന്റേഷന്‍ മേഖല എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കും. ഈ പ്രതിസന്ധി മറികടക്കാന്‍ മൂലധന നിക്ഷേപത്തിനായി 0.5% അധിക തുക അനുവദിക്കണമെന്ന് സംസ്ഥാനം 
ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അത് പരിഗണിച്ചില്ല.

ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ മാത്രം പ്രശ്‌നമല്ല, മറിച്ച് കേരളത്തിലെ ജനങ്ങളുടെയാകെ പ്രശ്‌നമാണ്. സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുടങ്ങാതെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.