1971ന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തന്ത്രപര വെല്ലുവിളി: ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളില്‍ മുന്നറിയിപ്പുമായി പാര്‍ലമെന്റ് സമിതി

1971ന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തന്ത്രപര വെല്ലുവിളി: ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളില്‍ മുന്നറിയിപ്പുമായി പാര്‍ലമെന്റ് സമിതി



ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ 1971 ലെ വിമോചനയുദ്ധത്തിനു ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തന്ത്രപര വെല്ലുവിളിയാണെന്ന് പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതി. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ടു. ഇസ്‌ലാമിസ്റ്റ് ശക്തികളുടെ പുനരുജ്ജീവനം, ആഭ്യന്തര രാഷ്ട്രീയത്തിലെ അസ്ഥിരത, കൂടാതെ ധാക്കയില്‍ ചൈനയും പാക്കിസ്ഥാനും വര്‍ധിപ്പിക്കുന്ന സ്വാധീനം എന്നിവയാണ് ഇന്ത്യയ്ക്ക് പ്രധാന ആശങ്കകളെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യ ഈ ഘട്ടത്തില്‍ തന്റെ സമീപനം പുനഃക്രമീകരിക്കാന്‍ പരാജയപ്പെട്ടാല്‍ യുദ്ധത്തിലൂടെയല്ല, മറിച്ച് പ്രസക്തി നഷ്ടപ്പെടുന്നതിലൂടെ തന്നെ ധാക്കയിലെ തന്ത്രപര ഇടം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് സമിതി മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ വെല്ലുവിളി ഉടനടി നിലനില്‍പ്പിനെ ബാധിക്കുന്നതല്ലെങ്കിലും ദീര്‍ഘകാലത്ത് ഇന്ത്യയുടെ സുരക്ഷാവിദേശനയങ്ങളെ പുനര്‍നിര്‍വ്വചിക്കാവുന്ന തരത്തിലുള്ളതാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും സ്വതന്ത്ര വിദഗ്ധരുടേയും മൊഴികള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍, ചൂണ്ടിക്കാണിക്കുന്നു.

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ രാഷ്ട്രീയ ആധിപത്യം കുറഞ്ഞുവരുന്നതാണ് നിലവിലെ അനിശ്ചിതത്വത്തിന് പ്രധാന കാരണങ്ങളിലൊന്നെന്ന് സമിതി വിലയിരുത്തി. 2024 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 300 സീറ്റുകളില്‍ 224 നേടിയാണ് അവാമി ലീഗ് വിജയം സ്വന്തമാക്കിയതെങ്കിലും, വെറും 40 ശതമാനം മാത്രമായിരുന്ന വോട്ടര്‍ പങ്കാളിത്തം ഭരണകക്ഷിയുടെ ജനപിന്തുണയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

യുവജന നേതൃത്വം നല്‍കുന്ന ദേശീയതാഭാവം ബംഗ്ലാദേശില്‍ ശക്തമായ രാഷ്ട്രീയ പ്രവണതയായി ഉയര്‍ന്നു വരുന്നതായും, അതോടൊപ്പം ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഇന്ത്യയ്ക്ക് ആശങ്കാജനകമാണെന്നും സമിതി വ്യക്തമാക്കി. ചൈനയും പാക്കിസ്ഥാനും ബംഗ്ലാദേശില്‍ അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നത് ഇന്ത്യയുടെ പരമ്പരാഗത സ്വാധീനം ക്ഷയിപ്പിക്കാനും പ്രാദേശിക സുരക്ഷാ സമവാക്യങ്ങള്‍ സങ്കീര്‍ണ്ണമാക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങളെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവുമായി കൂട്ടിക്കുഴയ്ക്കാതിരിക്കാന്‍ ഡല്‍ഹി സജീവ ശ്രമങ്ങള്‍ തുടരുന്നതായും, ഇടക്കാല സര്‍ക്കാരുമായി ഇടപെടല്‍ ശക്തമാക്കിയതായും, ബംഗ്ലാദേശ് ജനതയുടെ ആഗ്രഹങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നതായും വിദേശകാര്യ മന്ത്രാലയം സമിതിയെ അറിയിച്ചു. ബംഗ്ലാദേശിലെ മാറിവരുന്ന രാഷ്ട്രീയ ദിശയും അതിന്റെ ബാഹ്യ ബന്ധങ്ങളും ഇന്ത്യ ദീര്‍ഘകാല ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് സമിതി റിപ്പോര്‍ട്ടില്‍ നിഗമനത്തിലെത്തി.