ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവയിലേക്ക്

ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവയിലേക്ക്


കൊച്ചി: കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയും ആക്ടിങ് ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക് ചീഫ് ജസ്റ്റിസ് പദവിയിലേക്ക്. അദ്ദേഹത്തെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ സുപ്രിം കോടതി കോളിജിയം തീരുമാനിച്ച വിവരം ഇന്ന് പുറത്തു വന്നു.

2014ല്‍  ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ അദ്ദേഹം ഇതിനോടകം അരലക്ഷത്തിലേറെ കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്.

ഹൈക്കോടതി ഐ ടി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജസ്റ്റിസ് മുഹമ്മദ് മുസ്താക് രാജ്യത്തിനു തന്നെ മാതൃകയാവുന്ന തരത്തില്‍ കേരളത്തിലെ കോടതികളില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഇ-ഫയലിംഗ് സംവിധാനവും കോടതികളുടെ ഡിജിറ്റല്‍വത്കരണത്തിനും നേതൃത്വം നല്‍കി. 

ഹൈക്കോടതി വിധികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കുന്നതിനും കോടതി നോട്ടീസുകള്‍ കാലതാമസം കൂടാതെ കക്ഷികളില്‍ എത്തിക്കുന്ന ഇ- പോസ്റ്റ് സംവിധാനവും രാജ്യത്തെ മറ്റു ഹൈക്കോടതികളില്‍ നിന്നും കേരള ഹൈക്കോടതിയിലെ കേസുകള്‍ തീര്‍പ്പാക്കുന്നതിനും വേഗത കൂട്ടി.

കെല്‍സ, കേരള മീഡിയേഷന്‍ സെന്റര്‍ എന്നിവയുടെയും നേതൃത്വം വഹിക്കവെ ചുരുങ്ങിയ ചിലവില്‍  സാധാരണക്കാരിലേക്കും സമൂഹത്തിലെ താഴെ തട്ടിലുള്ളവരിലേക്കും നീതി ലഭ്യമാക്കുന്നതില്‍ ജസ്റ്റിസ് മുഹമ്മദ് മുസ്താക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തി.

സാധാരണക്കാരുടെ ന്യായാധിപന്‍ എന്ന് അഭിഭാഷക സമൂഹം വിശേഷിപ്പിക്കുന്ന ന്യായാധിപന്‍ കൂടിയാണ് അദ്ദേഹം.