മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നൽകിയ സുപ്രധാന സംഭാവനകൾക്കുള്ള അംഗീകാരമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ സമ്മാനിച്ചു. സുൽത്താൻ ഹൈഥം ബിൻ താരിഖാണ് ബഹുമതി നൽകിയത്. ജോർദാൻ, എത്യോപ്യ എന്നിവ ഉൾപ്പെട്ട ത്രിരാഷ്ട്ര രാജ്യ സന്ദർശനത്തിന്റെ അവസാന ഘട്ടമായ ഒമാനിലെ രണ്ട് ദിവസത്തെ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി ബഹുമതി ഏറ്റുവാങ്ങിയത്. വിദേശ രാജ്യങ്ങൾ നൽകുന്ന 28-ലധികം പരമോന്നത സിവിലിയൻ ബഹുമതികളുടെ പട്ടികയിലേക്കാണ് ‘ഓർഡർ ഓഫ് ഒമാൻ’ കൂടി ചേർന്നത്. അടുത്തിടെ എത്യോപ്യയുടെ ‘ഗ്രേറ്റ് ഹോണർ നിഷാൻ ഓഫ് എത്യോപ്യ’, കുവൈത്തിന്റെ ‘ഓർഡർ ഓഫ് മുബാറക് അൽ-കബീർ’ എന്നിവയും മോഡിക്ക് ലഭിച്ചിരുന്നു.
ഇതോടൊപ്പം, പ്രധാനമന്ത്രി മോഡിയുടെ സന്ദർശനത്തിനിടെ ഇന്ത്യയും ഒമാനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ വ്യാഴാഴ്ച ഒപ്പുവച്ചു. ഗൾഫ് മേഖലയുമായുള്ള ന്യൂഡൽഹിയുടെ സാമ്പത്തിക ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും വ്യാപാര വൈവിധ്യവൽക്കരണ തന്ത്രത്തിന് കൂടുതൽ കരുത്ത് പകരുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്.
ഒരു രാജ്യവുമായി ഒമാൻ ഒപ്പുവയ്ക്കുന്ന രണ്ടാമത്തെ സ്വതന്ത്ര വ്യാപാര കരാറാണിത്. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ഒപ്പുവയ്ക്കുന്ന ആദ്യ കരാറുമാണിത്. ഊർജ സുരക്ഷ, പ്രവാസി വരുമാനം, ലോജിസ്റ്റിക്സ്, മേഖലാതല വ്യാപാര പ്രവാഹങ്ങൾ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്ന തന്ത്രപ്രധാനമായ ഗൾഫ് വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം വിപുലീകരിക്കാൻ കരാർ സഹായകമാകും.
വസ്തുക്കൾക്കും സേവനങ്ങൾക്കും വിപണി പ്രവേശനം മെച്ചപ്പെടുത്തുന്നതിനും ഇരുവശ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് കരാർ വഴിയൊരുക്കുന്നത്. ആഗോള സാമ്പത്തിക പുനഃക്രമീകരണത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര വൈവിധ്യവൽക്കരണത്തിനും വിതരണ ശൃംഖലയുടെ സ്ഥിരതയ്ക്കും ഇത് പിന്തുണ നൽകുമെന്നും വിലയിരുത്തപ്പെടുന്നു.
ഇന്ത്യ– ഒമാൻ ബിസിനസ് ഫോറത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള കടൽവ്യാപാര ബന്ധങ്ങളാണ് ഇന്നത്തെ സജീവമായ വാണിജ്യ ഇടപാടുകളുടെ അടിത്തറയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 70 വർഷത്തെ നയതന്ത്ര ബന്ധങ്ങൾ നൂറ്റാണ്ടുകളിലായി രൂപപ്പെട്ട വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണെന്നും മോഡി പറഞ്ഞു.
ഇന്ത്യ– ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പൂർണ ശേഷിയോടെ പ്രയോജനപ്പെടുത്താൻ ബിസിനസ് നേതാക്കളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യ– ഒമാൻ പങ്കിടുന്ന ഭാവിക്കുള്ള ‘ബ്ലൂപ്രിന്റ്’ എന്നാണു അദ്ദേഹം വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളുടെയും വ്യാപാര- നിക്ഷേപ ബന്ധങ്ങൾക്ക് പുതിയ ഊർജം നൽകുന്നതിനൊപ്പം പരസ്പര വളർച്ചയ്ക്കും നവീകരണത്തിനും തൊഴിൽസൃഷ്ടിക്കും വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
