ലോകത്തിലെ സമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അംബാനിമാര്‍ മാത്രം

ലോകത്തിലെ സമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അംബാനിമാര്‍ മാത്രം


ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നരായ 25 കുടുംബങ്ങളുടെ ബ്ലൂംബെര്‍ഗ് 2025 റാങ്കിങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക കുടുംബമായി അംബാനിമാര്‍
ഇടംപിടിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള അംബാനി കുടുംബത്തിന്റെ ആകെ സമ്പത്ത് 105.6 ബില്യണ്‍ ഡോളറായാണ് ബ്ലൂംബെര്‍ഗ് കണക്കാക്കുന്നത്. ഊര്‍ജം, പെട്രോകെമിക്കല്‍സ്, ടെലികമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളില്‍ ആധിപത്യം പുലര്‍ത്തുന്ന റിലയന്‍സ് ഗ്രൂപ്പ്, ഡിജിറ്റല്‍ സേവനങ്ങളും സുസ്ഥിരത കേന്ദ്രീകരിച്ച പദ്ധതികളും വഴി ബിസിനസ് വ്യാപ്തി കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്.

ഈ പട്ടികയിലെ 25 കുടുംബങ്ങള്‍ ചേര്‍ന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 358.7 ബില്യണ്‍ ഡോളറിന്റെ സമ്പത്ത് വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ സമ്പത്ത് 2.9 ട്രില്യണ്‍ ഡോളറിലെത്തിയതിനു പിന്നില്‍ ഉയര്‍ന്ന ഓഹരി വിലകളും ലോഹ വ്യവസായം മുതല്‍ പെറ്റ് ഫുഡ് വരെ വ്യാപിച്ച വിപണി ആവശ്യകതകളും തലമുറകളിലൂടെ കൈമാറപ്പെട്ട ബിസിനസ് പരിചയവുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പട്ടികയില്‍ ഇടംനേടാന്‍ വേണ്ട ഏറ്റവും കുറഞ്ഞ സമ്പത്ത് ഇത്തവണ 46.4 ബില്യണ്‍ ഡോളറാണ് - കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.7 ബില്യണ്‍ ഡോളര്‍ അധികം.

അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ടിന്റെ ഉടമകളായ വാള്‍ട്ടണ്‍ കുടുംബം 513.4 ബില്യണ്‍ ഡോളറിന്റെ സമ്പത്തോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യമായാണ് ഒരു കുടുംബത്തിന്റെ സമ്പത്ത് അര ട്രില്യണ്‍ ഡോളര്‍ കടക്കുന്നത്. 10,750ത്തിലധികം സ്‌റ്റോറുകളുള്ള വാള്‍മാര്‍ട്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 681 ബില്യണ്‍ ഡോളര്‍ വരുമാനം നേടി.

നാലു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള നാല് പുതിയ കുടുംബങ്ങളാണ് ഇത്തവണ പട്ടികയില്‍ പ്രവേശിച്ചത്. മെക്‌സിക്കോയിലെ ലാറിയ മോറ്റ വെലാസ്‌കോ കുടുംബവും ചിലിയിലെ ലുക്‌സിക് കുടുംബവും ചെമ്പ് ഖനനത്തിലൂടെയാണ് സമ്പത്ത് നേടിയിരിക്കുന്നത്. ഇറ്റലിയിലെ ഡെല്‍ വെക്കിയോ കുടുംബം എസ്സിലോര്‍ലക്‌സോട്ടിക്കയിലൂടെയും എ.ഐ. സാങ്കേതികവിദ്യയുള്ള കണ്ണട വിപണിയിലെ മുന്നേറ്റത്തിലൂടെയും സമ്പത്ത് വര്‍ധിപ്പിച്ചു. സൗദി അറേബ്യയിലെ ഒലയാന്‍ കുടുംബം രാജ്യാന്തര ബിസിനസ് ശൃംഖലയും വാള്‍സ്ട്രീറ്റ് ബന്ധങ്ങളും വഴി ശക്തമായ സാന്നിധ്യം ഉറപ്പാക്കി.

യുഎഇയുടെ ഭരണകുടുംബമായ അല്‍ നഹ്യാന്‍ കുടുംബം 335.9 ബില്യണ്‍ ഡോളറിന്റെ സമ്പത്തോടെ പട്ടികയില്‍ മുന്‍നിരയിലാണ്. സൗദി അറേബ്യയുടെ രാജകുടുംബമായ അല്‍ സൗദിന് 213.6 ബില്യണ്‍ ഡോളറും ഖത്തറിന്റെ അല്‍ താനി കുടുംബത്തിന് 199.5 ബില്യണ്‍ ഡോളറുമാണ് കണക്കാക്കുന്നത്. ആഡംബര ബ്രാന്‍ഡായ ഹെര്‍മീസിന്റെ ഉടമകളായ ഹെര്‍മീസ് കുടുംബം 184.5 ബില്യണ്‍ ഡോളറിന്റെ സമ്പത്തോടെ ആറു തലമുറകളായി ബിസിനസ് നിയന്ത്രണം നിലനിര്‍ത്തുന്നു. കോക്ക്, മാര്‍സ്, വേര്‍തൈമര്‍, തോംസണ്‍ തുടങ്ങിയ കുടുംബങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.