ന്യൂയോര്‍ക്ക്/ ലോസ് ആഞ്ചലസ്: കഴിഞ്ഞ 30 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന 60 വയസ്സുള്ള ഇന്ത്യന്‍ വംശജയായ വനിതയെ ഗ്രീന്‍ കാര്‍ഡ് അപേക്ഷയുമായി ബന്ധപ്പെട്ട അവസാനഘട്ട അഭിമുഖത്തിനിടെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ബബ്ലിജിത് കൗര്‍ എന്ന ബബ്ലി കൗര്‍ എന്ന വനിതയെ യു എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ബയോമെട്രിക് സ്‌കാന്‍ നടപടിക്കെത്തിയപ്പോഴാണ് ഫെഡറല്‍ ഏജന്റുകള്‍ അറസ്റ്റ് ചെയ്തതെന്ന് മകള്‍ ജ്യോതി അറിയിച്ചു.
1994 മുതല്‍ അമേരിക്കയില്‍ താമസിക്കുന്ന ബബ്ലി കൗറിന് യു എസ് പൗരയായ മറ്റൊരു മകളുടെയും ഗ്രീന്‍ കാര്‍ഡ് ഉടമയായ ഭര്‍ത്താവിന്റെയും പിന്തുണയോടെ അംഗീകൃത ഗ്രീന്‍ കാര്‍ഡ് പെറ്റീഷന്‍ നിലവിലുണ്ടെന്ന് 'ലോംഗ് ബീച്ച് വാച്ച്ഡോഗ്' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്രണ്ട് ഡെസ്‌കില്‍ നില്‍ക്കുന്നതിനിടെ നിരവധി ഫെഡറല്‍ ഏജന്റുകള്‍ കെട്ടിടത്തില്‍ പ്രവേശിക്കുകയും തുടര്‍ന്ന് കൗറിനെ അവിടേക്ക് വിളിപ്പിച്ച് അറസ്റ്റിലാണെന്ന് അറിയിക്കുകയുമായിരുന്നു.
അഭിഭാഷകനോട് ഫോണില്‍ സംസാരിക്കാന്‍ അനുവാദം ലഭിച്ചെങ്കിലും കൗറിനെ വിട്ടയച്ചില്ലെന്ന് മകള്‍ പറഞ്ഞു. മണിക്കൂറുകളോളം കുടുംബത്തെ അറിയിക്കാതെയായിരുന്നു കൗറിനെ മാറ്റിയത്. പിന്നീട്, അഡെലാന്റോ എന്ന സ്ഥലത്തെ മുന്‍ ഫെഡറല്‍ ജയിലായിരുന്ന, ഇപ്പോള്‍ ഐ സി ഇ തടങ്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നസ്ഥാപനത്തിലേക്കാണ് അവരെ രാത്രിയോടെ മാറ്റിയതെന്നും അവിടെ തുടരുന്നുവെന്നും കുടുംബം അറിയിച്ചു.
കുടുംബം അമേരിക്കയിലേക്ക് കുടിയേറിയ ശേഷം ആദ്യം ലഗൂന ബീച്ചിലായിരുന്നു താമസം. പിന്നീട് ജോലി കാരണമായി ലോംഗ് ബീച്ചിലെ ബെല്‍മോണ്ട് ഷോര്‍ പ്രദേശത്തേക്ക് താമസം മാറി. കൗറിനും ഭര്‍ത്താവിനും മൂന്ന് മക്കളാണഉള്ളത്. 34 വയസ്സുള്ള ജ്യോതിയും കൂടാതെ യു എസ് പൗരന്മാരായ മൂത്ത മകനും മകളുമുണ്ട്.
രണ്ട് ദശാബ്ദത്തിലേറെയായി ബെല്‍മോണ്ട് ഷോറിലെ സെക്കന്‍ഡ് സ്ട്രീറ്റില്‍ 'നടരാജ് ക്യൂസിന്‍ ഓഫ് ഇന്ത്യ ആന്‍ഡ് നേപ്പാള്‍' എന്ന ഭക്ഷണശാല നടത്തി, ലോംഗ് ബീച്ച് സമൂഹത്തിന്റെ പ്രിയപ്പെട്ട ഭാഗമായിത്തീര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഇതുകൂടാതെ, ബെല്‍മോണ്ട് ഷോര്‍ റൈറ്റ് എയ്ഡില്‍ ഏകദേശം 25 വര്‍ഷത്തോളം കൗര്‍ ജോലി ചെയ്തു. ഈ വര്‍ഷം ആദ്യം ഫാര്‍മസി ശൃംഖല അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്, അടുത്തിടെ 'റോയല്‍ ഇന്ത്യന്‍ കറി ഹൗസ്' എന്ന റസ്റ്റോറന്റില്‍ വീണ്ടും ജോലി തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ലോംഗ് ബീച്ചിനെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം റോബര്‍ട്ട് ഗാര്‍സിയ കൗറിന്റെ മോചനത്തിനായി ഇടപെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫെഡറല്‍ അധികാരികളുമായി ബന്ധപ്പെട്ട് സംസാരിച്ചുവരുന്നതായും, ബോണ്ടില്‍ മോചനം ലഭിക്കാന്‍ സഹായകരമായ അധിക നിയമനടപടികള്‍ കുടുംബം തയ്യാറാക്കുന്നതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
കുടുംബത്തിന്റെ വിവരമനുസരിച്ച്, അഡെലാന്റോയിലെ തടങ്കല്‍ കേന്ദ്രത്തില്‍ കൗര്‍ നിരവധി തടവുകാരോടൊപ്പം വലിയ ഡോര്‍മിറ്ററി മാതൃകയിലുള്ള മുറിയിലാണ് കഴിയുന്നത്. രാത്രി മുഴുവന്‍ ലൈറ്റുകള്‍ തെളിഞ്ഞ നിലയിലായിരിക്കുകയും തുടര്‍ച്ചയായ ശബ്ദം കാരണം ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നുവെന്ന് 'ഇന്ത്യവെസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു.
പരിമിതമായ സന്ദര്‍ശന സമയങ്ങളില്‍ കുടുംബാംഗങ്ങളെ കാണാന്‍ അനുവാദമുണ്ടെങ്കിലും, ചുരുങ്ങിയ സമയം മാത്രമുള്ള കൂടിക്കാഴ്ചയ്ക്കായി പലപ്പോഴും ഒരു ദിവസം മുഴുവന്‍ കാത്തിരിക്കേണ്ടിവരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതൊരു ദുരന്തസ്വപ്‌നമാണെന്നും അവരെ പുറത്തുകൊണ്ടുവരാന്‍ കഴിയുന്നതെല്ലാം ചെയ്യുകയാണെന്നും അവിടെ അവര്‍ക്കൊന്നും ചെയ്യാനില്ലെന്നും ജ്യോതി പറഞ്ഞു.
