സമവായം വന്നു; എല്ലാം ശരിയായി

സമവായം വന്നു; എല്ലാം ശരിയായി


തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍- ഗവര്‍ണര്‍ തര്‍ക്കത്തില്‍ സമവായം വന്നതോടെ സര്‍വകലാശാലയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പലതും ശരിയായി! മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഏറെക്കാലമായി നീണ്ടുനിന്നിരുന്ന വിഷയത്തില്‍ പരിഹാരമായത്. സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. സജി ഗോപിനാഥിനെയും നിയമിക്കാന്‍ ധാരണയായിരുന്നു.

പരിഗണിക്കാവുന്നവരുടെ പട്ടിക സെര്‍ച്ച് കമ്മിറ്റി മുഖ്യമന്ത്രിക്ക് കൈമാറിയതിനു പിന്നാലെ മുന്‍ഗണനാക്രമം നിശ്ചയിച്ച് ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. ഡിജിറ്റല്‍ സര്‍വകലാശാലയുടെ പട്ടികയില്‍ ഡോ. സജി ഗോപിനാഥിന്റെയും സാങ്കേതിക സര്‍വകലാശാലയുടെ പട്ടികയില്‍ സി സതീഷ്‌കുമാറിന്റെയും പേരുകളാണ് മുഖ്യമന്ത്രിയുടെ ലിസ്റ്റില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. ഇരുപട്ടികകളിലും ഇടംപിടിച്ച പേരുകള്‍ ഡോ. സിസ തോമസിന്റെയും ഡോ. പ്രിയ ചന്ദ്രന്റെയും ആയിരുന്നു. ഇരു പട്ടികകളിലും ഉള്‍പ്പെട്ടവര്‍ ഇവര്‍ മാത്രമാണെന്ന വാദം ഉന്നയിച്ച് സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. സിസ തോമസിനെയും ഡിജിറ്റലിലേക്ക് ഡോ. പ്രിയ ചന്ദ്രനെയും നിര്‍ദേശിക്കുമെന്ന് ഗവര്‍ണര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. തര്‍ക്കം തീര്‍ക്കാന്‍ മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും രാജ്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. 

സമവായമില്ലെന്ന സര്‍ക്കാര്‍- ഗവര്‍ണര്‍ നിലപാടിനെ തുടര്‍ന്ന് രണ്ടു സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സുപ്രിം കോടതി തന്നെ ഇടപെടുമെന്ന് വ്യക്തമാക്കിയതോടെയാണ് അപകടം മണത്ത് ഇരുവിഭാഗവും പരസ്പര സന്ധിക്ക് വഴിയൊരുക്കിയത്. പേരുകള്‍ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറാന്‍ സെര്‍ച്ച് കമ്മിറ്റിയോട് നിര്‍ദേശിക്കുകയും വിഷയം അടുത്ത ബുധനാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി- ഗവര്‍ണര്‍ കൂടിക്കാഴ്ചയും വഴിത്തിരിവുമുണ്ടായത്. 

ഇതിനു പിന്നാലെ, ഭാരതാംബ വിവാദത്തെ തുടര്‍ന്ന് ആറുമാസമായി സസ്പെന്‍ഷനില്‍ തുടരുകയായിരുന്ന രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ ഡെപ്യൂട്ടേഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. മാതൃസ്ഥാപനമായ ദേവസ്വം ബോര്‍ഡ് കോളേജില്‍ നിയമിക്കുന്നതിനുള്ള ഉത്തരവും പുറത്തിറങ്ങി. സര്‍വകലാശാലകളില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്ന ധാരണയുടെ ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്നാണ് സൂചന.

എന്നാല്‍ സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിസ്സഹകരണവും ക്യാമ്പസ് അന്തരീക്ഷം നേരത്തെ തന്നെ കലുഷിതമാക്കിയിരുന്നു. രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടി ഹൈക്കോടതി ശരിവച്ചതും വിഷയത്തിന് നിയമപരമായ പ്രാധാന്യം വര്‍ധിപ്പിച്ചിരുന്നു. 

വൈസ് ചാന്‍സലര്‍ നിയമനത്തിലെ സമവായം സര്‍വകലാശാല ഭരണത്തില്‍ സ്ഥിരത കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. എന്നാല്‍, രാഷ്ട്രീയ ഇടപെടലുകളും സംഘടനാതല ആവശ്യങ്ങളും തുടരുന്ന സാഹചര്യത്തില്‍, ഈ സമവായം ദീര്‍ഘകാല ശാന്തിയിലേക്ക് നയിക്കുമോ എന്നത് കണ്ടറിയേണ്ടതായിരിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.