മനില: സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഓസ്‌ട്രേലിയന്‍ അന്വേഷണത്തിലെ ചില കണ്ടെത്തലുകള്‍ ശക്തമായി തള്ളി ഫിലിപ്പീന്‍സ്. ആക്രമണത്തിന് മുന്‍പ് പ്രതികള്‍ ഫിലിപ്പീന്‍സില്‍ ഐസിസ് ബന്ധമുള്ള പരിശീലനം നേടിയെന്ന ഓസ്‌ട്രേലിയന്‍ അധികൃതരുടെ പരാമര്‍ശങ്ങള്‍ 'തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന്' ഫിലിപ്പീന്‍സ് വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും ഓസ്‌ട്രേലിയ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും മനില വ്യക്തമാക്കി.
'ഐസിസ് പരിശീലന കേന്ദ്രമായി ഫിലിപ്പീന്‍സിനെ ചിത്രീകരിക്കുന്ന പൊതുവായ പ്രസ്താവനകള്‍ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ശക്തമായി തള്ളുന്നു,' പ്രസിഡന്റിന്റെ വക്താവ് ക്ലയര്‍ കാസ്‌ട്രോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോണ്ടി ബീച്ച് സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ഫിലിപ്പീന്‍സില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഭീകരപരിശീലനം നേടിയെന്നതിന് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളോ തെളിവുകളോ ഇല്ലെന്നും ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ പ്രസ്താവന ഉദ്ധരിച്ച് അവര്‍ കൂട്ടിച്ചേര്‍ത്തു.
ബോണ്ടി ബീച്ച് ആക്രമണത്തില്‍ സാജിദ് അക്രം കൊല്ലപ്പെടുകയും മകന്‍ നവീദ് അക്രം അറസ്റ്റിലാകുകയും ചെയ്തിരുന്നു. നവീദിനെതിരെ ഭീകരവാദം ഉള്‍പ്പെടെ 15 കൊലപാതകക്കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സംഭവം ജൂത സമൂഹത്തെ ലക്ഷ്യമിട്ട ഭീകരാക്രമണമാണെന്ന നിലയിലാണ് ഓസ്‌ട്രേലിയന്‍ പൊലീസ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സാജിദും നവീദും നവംബര്‍ 1ന് ഫിലിപ്പീന്‍സില്‍ പ്രവേശിച്ചിരുന്നുവെന്നും അവരുടെ വാഹനത്തില്‍ നിന്ന് ഐസിസ് പതാകകള്‍ കണ്ടെത്തിയതായും ഓസ്‌ട്രേലിയന്‍ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. മിന്ദനാവോയിലെ ദാവോ പ്രദേശത്തിന് ദീര്‍ഘകാലമായി ഇസ്ലാമിസ്റ്റ് കലാപങ്ങളുടെ പശ്ചാത്തലം ഉണ്ടെന്നതും അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ മിന്ദനാവോയില്‍ സായുധ ഗ്രൂപ്പുകള്‍ മുന്‍വര്‍ഷങ്ങളുമായി താരതമ്യേന ഏറെ ദുര്‍ബലമായതായി ഫിലിപ്പീന്‍സ് സൈന്യം വ്യക്തമാക്കി. '2024 ആരംഭിച്ചതിന് ശേഷം വലിയ ഭീകരപ്രവര്‍ത്തനങ്ങളോ പരിശീലന പ്രവര്‍ത്തനങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ഗ്രൂപ്പുകള്‍ വിഘടിച്ച നിലയിലാണ്, വ്യക്തമായ നേതൃത്വവുമില്ല,' സൈനിക വക്താവ് കേണല്‍ ഫ്രാന്‍സല്‍ പഡില്ല പറഞ്ഞു. നവംബറില്‍ നടത്തിയ ഒരു മാസത്തോളം നീണ്ട യാത്രകൊണ്ട് കാര്യമായ പരിശീലനം നേടാനാവില്ലെന്നും, പ്രത്യേകിച്ച് ആയുധപരിശീലനം പോലുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായിരിക്കുമെന്നുമാണ് എഎഫ്പിയോട് സംസാരിച്ച കേണല്‍ സേര്‍ക്‌സസ് ട്രിനിഡാഡിന്റെ വിശദീകരണം.
ഇതിനിടെ, സാജിദ് അക്രം ഇന്ത്യയിലെ ഹൈദരാബാദ് സ്വദേശിയാണെന്നും 1998 നവംബറില്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണെന്നും സ്ഥിരീകരിച്ചു. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ആറ് തവണ മാത്രമാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചതെന്നും കുടുംബത്തിന് അദ്ദേഹത്തിന്റെ 'റാഡിക്കല്‍ ചിന്താഗതിയെക്കുറിച്ച് ' അറിവുണ്ടായിരുന്നില്ലെന്നും തെലങ്കാന പൊലീസ് അറിയിച്ചു. വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ അധികൃതരോടും ബന്ധപ്പെട്ട ഏജന്‍സികളോടും പൂര്‍ണ സഹകരണം ഉറപ്പുനല്‍കുന്നതായും ഇന്ത്യന്‍ പൊലീസ് വ്യക്തമാക്കി.
ബോണ്ടി ബീച്ച് ആക്രമണം: 'ഐസിസ് പരിശീലന കേന്ദ്രമെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്നത്' ഓസ്‌ട്രേലിയന്‍ കണ്ടെത്തലുകള്‍ തള്ളി ഫിലിപ്പീന്‍സ്
