'വെനിസ്വേലയെ കടലില്‍ പൂട്ടും': എണ്ണക്കപ്പലുകള്‍ക്ക് പൂര്‍ണ ഉപരോധവുമായി ട്രംപ്

'വെനിസ്വേലയെ കടലില്‍ പൂട്ടും': എണ്ണക്കപ്പലുകള്‍ക്ക് പൂര്‍ണ ഉപരോധവുമായി ട്രംപ്


വാഷിംഗ്ടണ്‍: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയ്‌ക്കെതിരായ സമ്മര്‍ദം കടല്‍മാര്‍ഗം കടുപ്പിച്ച് അമേരിക്ക. ഉപരോധത്തിലുള്ള വെനിസ്വേലയിലേക്ക് എത്തുകയോ അവിടെ നിന്ന് പുറപ്പെടുകയോ ചെയ്യുന്ന എല്ലാ എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് 'സമ്പൂര്‍ണ ഉപരോധം' ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ദക്ഷിണ അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ നാവികസേന വെനിസ്വേലയെ ചുറ്റി വിന്യസിച്ചിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കയില്‍ നിന്ന് മോഷ്ടിച്ച എണ്ണയും ഭൂമിയും മറ്റ് സ്വത്തുക്കളും തിരികെ നല്‍കുന്നതുവരെ നടപടി ശക്തമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ആഴ്ച വെനിസ്വേലന്‍ തുറമുഖത്തില്‍ നിന്ന് പുറപ്പെട്ട ഉടന്‍, അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ ഉപരോധ പട്ടികയിലുണ്ടായിരുന്ന 20 വര്‍ഷം പഴക്കമുള്ള ഒരു എണ്ണക്കപ്പല്‍ യുഎസ് സൈന്യം പിടിച്ചെടുത്തിരുന്നു. ഹെലികോപ്റ്ററുകളില്‍ എത്തിയ സായുധ സേനാംഗങ്ങള്‍ കപ്പലില്‍ കയറി നിയന്ത്രണം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ സൈന്യത്തിനും അവരുടെ പ്രോക്‌സി സംഘങ്ങള്‍ക്കും ധനസഹായം നല്‍കുന്ന എണ്ണക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കപ്പലിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ കൂടുതല്‍ കപ്പല്‍ പിടിച്ചെടുപ്പുകള്‍ക്ക് സാധ്യത ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ പെന്റഗണിനോട് പ്രതികരണം തേടിയതായി സിബിഎസ് ന്യൂസ് അറിയിച്ചു.