പ്രതിസന്ധി നേരിടാന്‍ 50 ദശലക്ഷം ഡോളര്‍ അടിയന്തര ധനസഹായം നേടി സ്പിരിറ്റ് എയര്‍ലൈന്‍സ്

പ്രതിസന്ധി നേരിടാന്‍ 50 ദശലക്ഷം ഡോളര്‍ അടിയന്തര ധനസഹായം നേടി സ്പിരിറ്റ് എയര്‍ലൈന്‍സ്


ഫ്‌ളോറിഡ: പ്രവര്‍ത്തനം തുടരാന്‍ 50 ദശലക്ഷം ഡോളര്‍ അടിയന്തര ധനസഹായം നേടി സ്പിരിറ്റ് എയര്‍ലൈന്‍സ്. ഫ്‌ളോറിഡ ആസ്ഥാനമായ വിമാനക്കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സ്   നോട്ട്‌ഹോള്‍ഡര്‍മാരുമായി നടത്തിയ ധാരണ പ്രകാരം ഡെബ്റ്റര്‍-ഇന്‍-പൊസഷന്‍ ക്രെഡിറ്റ് കരാര്‍ ഭേദഗതി ചെയ്തതായും ആസൂത്രണം ചെയ്തിരുന്ന 100 ദശലക്ഷം ഡോളര്‍ ഫണ്ടിംഗ് റൗണ്ടില്‍ നിന്ന് ആദ്യഘട്ടമായി 50 ദശലക്ഷം ഡോളര്‍ ലഭ്യമാക്കിയതായും കമ്പനി അറിയിച്ചു.

വിമാനക്കമ്പനി പ്രവര്‍ത്തനം നിര്‍ത്തലാക്കുമെന്നതും ലിക്വിഡേഷനിലേക്കു നീങ്ങുമെന്നതുമായ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ നിര്‍ണായക സമയത്താണ് ധനസഹായം ലഭിച്ചത്. വ്യവസായ പ്രസിദ്ധീകരണമായ ദി എയര്‍ കറന്റ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് നിര്‍ണായകമായ 100 ദശലക്ഷം ഡോളര്‍ കടക്കാരുടെ ഭാഗത്ത് നിന്ന് തടഞ്ഞുവെക്കപ്പെടാന്‍ സാധ്യതയുണ്ടായതിനാല്‍ വാരാന്ത്യത്തില്‍ തന്നെ സ്പിരിറ്റ് പ്രവര്‍ത്തനം നിര്‍ത്തിയേക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. സ്പിരിറ്റ് പെട്ടെന്ന് സര്‍വീസ് നിര്‍ത്തിയാല്‍ ഉണ്ടാകാവുന്ന നെറ്റ്വര്‍ക്ക് ശൂന്യത നികത്താന്‍ മറ്റ് യു എസ് വിമാനക്കമ്പനികള്‍ തയ്യാറെടുപ്പുകള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ 50 ദശലക്ഷം ഡോളര്‍ ധനസഹായം ലഭിച്ചതോടെ ആ സാഹചര്യം ഒഴിവായെന്നും പ്രവര്‍ത്തനം നിര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെയാണെന്നും സ്പിരിറ്റ് പ്രതികരിച്ചു. തങ്ങളോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്കും ചെയ്യാത്തവര്‍ക്കും ഉള്‍പ്പെടെ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന ഉയര്‍ന്ന മൂല്യമുള്ള യാത്രാ അവസരങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നും ഈ അവധിക്കാലത്തും ഭാവിയിലും തങ്ങളുടെ അതിഥികളെ വിമാനത്തില്‍ സ്വാഗതം ചെയ്യാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സ്പിരിറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് ഡേവിസ് പറഞ്ഞു.

അതേസമയം, കമ്പനിയുടെ സാമ്പത്തിക സ്ഥിതി ഇപ്പോഴും ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു. ഈ ആഴ്ച തന്നെ കമ്പനിയുടെ ഭാവി നിര്‍ണയിക്കപ്പെടാന്‍ സാധ്യതയുണ്ട്. കടക്കാരുമായി ബന്ധപ്പെട്ട പ്രശനങ്ങളുടെ നിലപാടുകള്‍ ഡിസംബര്‍ 17ന് നിശ്ചയിച്ചിരിക്കുന്നതും സ്പിരിറ്റിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായകമായേക്കും. മൂന്നാം ഘട്ട ഫണ്ടിംഗ് റൗണ്ടില്‍ ശേഷിക്കുന്ന 50 ദശലക്ഷം ഡോളര്‍ ലഭ്യമാകുമോ എന്നത് പുനഃസംഘടനയ്ക്കുള്ള പദ്ധതിയിലോ തന്ത്രപ്രധാന ഇടപാടിലോ കമ്പനി കൂടുതല്‍ പുരോഗതി കൈവരിക്കുമോയെന്നതിനെ ആശ്രയിച്ചിരിക്കും.

സാധ്യതകളെക്കുറിച്ച് നിലവില്‍ സജീവ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് സ്പിരിറ്റ് അറിയിച്ചു. അടുത്ത ഒരു വര്‍ഷത്തേക്കു പ്രവര്‍ത്തനം തുടരുന്നത് കടുത്ത വെല്ലുവിളിയാകുമെന്ന് കമ്പനി കഴിഞ്ഞ മാസങ്ങളില്‍ തന്നെ സമ്മതിച്ചിരുന്നു. കുറഞ്ഞ ചെലവുള്ള ഈ വിമാനക്കമ്പനിയെ ഏറ്റെടുക്കുന്നതില്‍ താ്ത്പര്യം പ്രകടിപ്പിച്ച മറ്റ് യു എസ് വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയതായും അറിയിച്ചു.

ചെലവ് കുറയ്ക്കുന്നതിനുള്ള നടപടിയായി പൈലറ്റുമാരുമായും കാബിന്‍ ജീവനക്കാരുമായും ഉള്ള കരാറുകള്‍ കഴിഞ്ഞ ആഴ്ച പുതുക്കിയിരുന്നു. താത്ക്കാലികമായി വേതനവും ആനുകൂല്യങ്ങളും കുറയ്ക്കുന്നതിന് യൂണിയനുകളുടെ പിന്തുണയോടെയാണ് ധാരണയായത്. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 100 ദശലക്ഷം ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്നതായി കമ്പനി വിലയിരുത്തുന്നു.

ഇതിനൊപ്പം, നെറ്റ്വര്‍ക്കും ഫ്‌ളീറ്റും വന്‍തോതില്‍ ചുരുക്കുന്ന നടപടികളും സ്പിരിറ്റ് നടപ്പാക്കി വരികയാണ്. യു എസിലെ 14 മാര്‍ക്കറ്റുകളില്‍ നിന്ന് കമ്പനി പിന്മാറിയിട്ടുണ്ട്. എയര്‍ബസ് എ320 കുടുംബത്തിലെ നിരവധി വിമാനങ്ങള്‍ ലീസുകാര്‍ക്ക് തിരിച്ചുനല്‍കി, ഫ്‌ളീറ്റ് പകുതിയായി കുറയ്ക്കാനാണ് പദ്ധതി.

എയര്‍ലൈന്‍ ബിസിനസ് ഡേറ്റ പ്രകാരം, കഴിഞ്ഞ 15 ക്വാര്‍ട്ടറുകളില്‍ 14 തവണയും സ്പിരിറ്റ് നഷ്ടം രേഖപ്പെടുത്തി. മൂന്നാം പാദത്തില്‍ മാത്രം 317 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.