സിയാലിന് ദേശീയ ഊര്‍ജ സംരക്ഷണ അംഗീകാരം

സിയാലിന് ദേശീയ ഊര്‍ജ സംരക്ഷണ അംഗീകാരം


കൊച്ചി: അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ പാസഞ്ചര്‍, കാര്‍ഗോ ടെര്‍മിനല്‍ കെട്ടിടങ്ങള്‍ക്ക് പ്രശസ്തമായ  ഐ.ജി.ബി.സി (ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍) നെറ്റ് സീറോ എനര്‍ജി (ഓപ്പറേഷന്‍സ് പ്രീസര്‍ട്ടിഫൈഡ്) റേറ്റിംഗ് ലഭിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലുമായി (ഐ.ജി.ബി.സി) സഹകരിച്ച് സംഘടിപ്പിച്ച 23ാമത് ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍ഗ്രസിലാണ് സിയാലിന് ഈ അംഗീകാരം ലഭിച്ചത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടന്നത്. പരിസ്ഥിതിസൗഹൃദ  വിമാനത്താവള കെട്ടിടങ്ങളും സൗകര്യങ്ങളും നിര്‍മിക്കുന്നതിലും  പ്രവര്‍ത്തിപ്പിക്കുന്നതിലും സിയാലിന്റെ മികവിനുള്ള അംഗീകാരമാണ്  ഈ അവാര്‍ഡ്. 

കെട്ടിടങ്ങളുടെ ഊര്‍ജോപയോഗം കാര്യക്ഷമമാക്കാന്‍ നടപ്പിലാക്കുന്ന ആശയങ്ങള്‍ക്ക് ലഭിക്കുന്ന  ഇന്ത്യയിലെ ഏറ്റവും മികച്ച അംഗീകാരങ്ങളിലൊന്നാണ് ഐ.ജി.ബി.സി നെറ്റ് സീറോ എനര്‍ജി (ഓപ്പറേഷന്‍സ് പ്രീസര്‍ട്ടിഫൈഡ്) റേറ്റിംഗ്.  യാത്രക്കാര്‍ക്ക് നല്‍കി വരുന്ന സൗകര്യങ്ങളിലും  വിമാനത്താവള പ്രവര്‍ത്തനങ്ങളിലും സുസ്ഥിരത  ഉറപ്പാക്കിക്കൊണ്ട്, ഊര്‍ജ്ജ ഉപയോഗം, എയര്‍ കണ്ടീഷനിംഗ്, സ്മാര്‍ട്ട് ലൈറ്റിംഗ്, കാര്യക്ഷമമായ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നീ സൗകര്യങ്ങള്‍  സര്‍ട്ടിഫിക്കേഷന്‍ സംഘം വിലയിരുത്തി.
ലോകത്തിലെ തന്നെ  ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദക  വിമാനത്താവളമായി മാറാനും കൊച്ചി വിമാനത്താവളം സജ്ജമാകുന്നു.  

ഗ്രീന്‍ തിങ്ക് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസിലെ  (ജി.ടി.സി.എസ്) ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ കണ്‍സള്‍ട്ടന്റ്മാരായ  ദീപ ഗണേഷ്, ശ്രീഗണേഷ് വി. നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സിയാല്‍  മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി. എന്നിവര്‍ അവാര്‍ഡ് സ്വീകരിച്ചു.

ചിത്ര വിവരണം: മുംബൈയില്‍ നടന്ന 23ാമത് ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍ഗ്രസില്‍ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി.  എന്നിവര്‍ ഐ.ജി.ബി.സി നെറ്റ് സീറോ എനര്‍ജി (ഓപ്പറേഷന്‍സ് പ്രീസര്‍ട്ടിഫൈഡ്) അവാര്‍ഡ് സ്വീകരിക്കുന്നു. ജി.ടി.സി.എസ്, ഐ.ജി.ബി.സി, സി.ഐ.ഐ പ്രതിനിധികള്‍ സമീപം