എണ്ണ അഴിമതി; ശ്രീലങ്കന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ രണതുംഗയെ അറസ്റ്റ് ചെയ്‌തേക്കും

എണ്ണ അഴിമതി; ശ്രീലങ്കന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ രണതുംഗയെ അറസ്റ്റ് ചെയ്‌തേക്കും


കൊളംബോ: എണ്ണ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയെ അറസ്റ്റ് ചെയ്‌തേക്കും. പെട്രോളിയം മന്ത്രിയായിരുന്ന കാലത്ത് ദീര്‍ഘകാല കരാറുകള്‍ നല്‍കുന്നതിനു വേണ്ടി നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി 23.5 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ വിദേശത്താണ് അര്‍ജുന രണതുംഗ.

അദ്ദേഹം തിരിച്ചെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കമ്മിഷന്‍ കൊളംബോ മജിസ്‌ട്രേറ്റ് അസങ്ക ബൊധരഗമ അറിയിച്ചു. രണതുംഗയുടെ മുതിര്‍ന്ന സഹോദരന്‍ ധമ്മിക രണതുംഗയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാനായിരുന്നു ധമ്മിക രണതുംഗ.

യു എസിന്റേയും ലങ്കയുടെയും ഇരട്ട പൗരത്വമുള്ള ധമ്മികയ്ക്ക് മജിസ്‌ട്രേറ്റ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. മാര്‍ച്ച് 13നാണ് കേസില്‍ ഇനി വാദം കേള്‍ക്കുക. രണതുംഗയുടെ മറ്റൊരു സഹോഗദരന്‍ പ്രസന്നയെ കഴിഞ്ഞ മാസം ഇന്‍ഷുറന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.