ബ്രൗണ്‍ സര്‍വകലാശാല വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെയും തിരിച്ചറിഞ്ഞു

ബ്രൗണ്‍ സര്‍വകലാശാല വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെയും തിരിച്ചറിഞ്ഞു


റോഡ് ഐലന്‍ഡ്: ബ്രൗണ്‍ സര്‍വകലാശാല ക്യാമ്പസില്‍ ശനിയാഴ്ച നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടുപേരും ഐവി ലീഗ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണെന്ന് സ്ഥിരീകരിച്ചു. എല കുക്ക്, ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയായ മുഖമ്മദ് അസീസ് ഉമുര്‍സോകോവ് എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാലോടെയാണ് എഞ്ചിനീയറിങ്ഫിസിക്‌സ് വിഭാഗം കെട്ടിടത്തിന് സമീപം വെടിവെപ്പ് നടന്നത്. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു.

അലബാമയിലെ ബര്‍മിങ്ഹാമിലുള്ള കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദ അഡ്വന്റിലെ അംഗമായിരുന്നു എല കുക്ക്. ഞായറാഴ്ച രാവിലെ നടന്ന ആരാധനയ്ക്കിടെ റവ. ക്രെയ്ഗ് സ്മാലിയാണ് കുക്കിന്റെ മരണവാര്‍ത്ത അറിയിച്ചത്. ഐല കുക്ക് 'അടിത്തറയുള്ള, ഉദാരമനസ്‌കയും വിശ്വാസനിഷ്ഠയുമുള്ള ഒരാളുമായിരുന്നു എന്നും 'സമൂഹത്തിനുള്ളില്‍ തെളിഞ്ഞ ഒരു വെളിച്ചം' എന്നും അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു. സഭയിലും സമൂഹത്തിലും സജീവമായിരുന്ന കുക്ക്, ബ്രൗണ്‍ സര്‍വകലാശാലയിലും അതേ പ്രകാശം പകര്‍ന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ബ്രൗണ്‍ യൂണിവേഴ്‌സിറ്റി കോളേജ് റിപ്പബ്ലിക്കന്‍സ് സംഘടനയുടെ ഉപാധ്യക്ഷയായിരുന്നു എല കുക്ക്. ധൈര്യവും കാരുണ്യവും നിറഞ്ഞ വ്യക്തിത്വം അവരെ സഹപാഠികള്‍ക്കിടയില്‍ വേറിട്ടുനിര്‍ത്തിയതായും സംഘടനയുടെ നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനുസ്മരിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളൈന്‍ ലെവിറ്റും കുക്കിന്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തി.

രണ്ടാമത്തെ ഇരയായ മുഖമ്മദ് അസീസ് ഉമുര്‍സോകോവ് ബ്രൗണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണെന്ന് ഉസ്‌ബെക്കിസ്ഥാനിലെ യുഎസ് അംബാസഡര്‍ ജോനാഥന്‍ ഹെനിക് സ്ഥിരീകരിച്ചു. 'ഡിസംബര്‍ 13ന് നടന്ന ദാരുണ സംഭവത്തില്‍ ഉമുര്‍സോകോവിന്റെ മരണം അറിഞ്ഞത് അത്യന്തം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകള്‍ക്കും സഹപാഠികള്‍ക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനങ്ങള്‍,' അംബാസഡര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ സര്‍വകലാശാല അധികൃതര്‍ ക്യാമ്പസില്‍ 'ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ്' നിര്‍ദേശം പുറപ്പെടുവിച്ചു. ബ്രൗണ്‍ സര്‍വകലാശാല പ്രസിഡന്റ് ക്രിസ്റ്റിന എച്ച്. പാക്‌സണ്‍ പുറത്തിറക്കിയ കുറിപ്പില്‍, 'ബ്രൗണിനും നമ്മുടെ കുടുംബങ്ങള്‍ക്കും പ്രാദേശിക സമൂഹത്തിനും അതീവ ദുഃഖകരമായ ദിവസമാണിത്. സംഭവത്തില്‍ വാക്കുകള്‍ക്കപ്പുറമുള്ള വേദനയാണ് ഞങ്ങള്‍ അനുഭവിക്കുന്നത്,' എന്ന് പറഞ്ഞു.

വെടിവെപ്പിന് ശേഷം പ്രതി ക്യാമ്പസില്‍ നിന്ന് രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഒരാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. സംഭവത്തിന്റെ പ്രേരണയെക്കുറിച്ചോ കുറ്റപത്രത്തെക്കുറിച്ചോ പോലീസ് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.