ഡോളറിന് മുന്നില്‍ രൂപ കൂപ്പുകുത്തി; റെക്കോര്‍ഡ് താഴ്ചയില്‍ മൂല്യം 90.72

ഡോളറിന് മുന്നില്‍ രൂപ കൂപ്പുകുത്തി; റെക്കോര്‍ഡ് താഴ്ചയില്‍ മൂല്യം 90.72


ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വ്യാപാരകരാറിനെച്ചൊല്ലിയ അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ പിന്‍വലിപ്പും രൂപയ്ക്ക് കടുത്ത സമ്മര്‍ദ്ദമായി മാറുന്നു. തിങ്കളാഴ്ച (ഡിസം. 15) ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു. 0.2 ശതമാനം ഇടിവോടെ രൂപ 90.72 എന്ന റെക്കോര്‍ഡ് താഴ്ചയാണ് തൊട്ടത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 90.49 എന്ന മുന്‍ റെക്കോര്‍ഡും ഇതോടെ പിന്നിലായി.

ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരെ ഏകദേശം ആറു ശതമാനം മൂല്യനഷ്ടം നേരിട്ട രൂപ, ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചതായാണ് വിലയിരുത്തല്‍. ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണികളിലേക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം വരെ ഉയര്‍ന്ന തീരുവകളും, തുടര്‍ച്ചയായ വിദേശ മൂലധന പുറന്തള്ളലും രൂപയെ ദുര്‍ബലമാക്കുന്നതില്‍ നിര്‍ണായകമായി.

ഇന്ത്യ-അമേരിക്ക വ്യാപാരകരാറില്‍ വ്യക്തത വരുന്നതുവരെ കാത്തിരിക്കാം എന്ന നിലപാട് നിക്ഷേപകര്‍ സ്വീകരിച്ചതാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് ഫോറക്‌സ് വ്യാപാരികള്‍ പറയുന്നു. 2025ല്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ 18 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞു. ഡിസംബറില്‍ മാത്രം 500 മില്യണ്‍ ഡോളറിന്റെ ബോണ്ടുകളും അവര്‍ വിറ്റുതള്ളി. ഇതോടെ പോര്‍ട്ട്‌ഫോളിയോ ഔട്ട്ഫ്‌ലോയില്‍ ഏറ്റവും അധികം ബാധിക്കപ്പെട്ട വിപണികളിലൊന്നായി ഇന്ത്യ മാറി.

അതേസമയം, വ്യാപാരകരാര്‍ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രാരംഭ ചട്ടക്കൂട് കരാര്‍ അന്തിമഘട്ടത്തിലാണെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി. പരസ്പര തീരുവകള്‍ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഇടക്കാല കരാറും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും, ഇതുവരെ ആറ് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. സമയപരിധി വ്യക്തമാക്കാനാകില്ലെങ്കിലും കരാര്‍ 'വളരെ അടുത്ത്' എത്തിയിട്ടുണ്ടെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.