റോബ് റൈനറുടെ മകന്‍ നിക് റൈനര്‍ അറസ്റ്റില്‍

റോബ് റൈനറുടെ മകന്‍ നിക് റൈനര്‍ അറസ്റ്റില്‍


ലോസ് ആഞ്ചലസ്: ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിന്റെയും മിഷേല്‍ സിംഗര്‍ റൈനറിന്റെയും മകന്‍ നിക് റൈനറിനെ ലോസ് ആഞ്ചലസ് കൗണ്ടിയില്‍ അറസ്റ്റ് ചെയ്തു. ലോസ് ആഞ്ചലസ് പൊലീസ് വകുപ്പും കൗണ്ടി ഷെരിഫ് വകുപ്പും സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഓണ്‍ലൈന്‍ രേഖകള്‍ പ്രകാരം 40 ലക്ഷം ഡോളറാണ് ജാമ്യത്തുക.

32കാരനായ റൈനര്‍ക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങളുടെ വിശദാംശങ്ങള്‍ രേഖകളില്‍ വ്യക്തമാക്കിയിട്ടില്ല.

ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറേയും ഭാര്യയേയും ഞായറാഴ്ച ലോസ് ആഞ്ചലസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് കൊലപാതകമായി പൊലീസ് അന്വേഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

റൈനര്‍ കുടുംബത്തിന്റെ വക്താവ് മരണങ്ങള്‍ സ്ഥിരീകരിക്കുകയും അപ്രതീക്ഷിത നഷ്ടത്തില്‍ തങ്ങള്‍ അതീവ ദുഃഖിതരാണെന്ന പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.

1970-കളില്‍ 'ഓള്‍ ഇന്‍ ദ ഫാമിലി' എന്ന ടെലിവിഷന്‍ പരമ്പരയില്‍ തുറന്നുപറയുന്ന ലിബറല്‍ മരുമകനായി അഭിനയിച്ചതിലൂടെ ശ്രദ്ധേയനായ റോബ് റൈനര്‍ 1980, 90 കാലഘട്ടത്തില്‍ ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്, വെന്‍ ഹാരി മെറ്റ് സാലി, ദി പ്രിന്‍സസ് ബ്രൈഡ്, മിസറി, എ ഫ്യൂ ഗുഡ് മേന്‍ എന്നിവയുള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ട് ഹോളിവുഡിലെ ഏറ്റവും കഴിവുള്ള സംവിധായകരില്‍ ഒരാളായി മാറി. അടുത്തകാലത്ത് അദ്ദേഹം സിനിമാ പ്രവര്‍ത്തനം കുറച്ചിരുന്നെങ്കിലും സ്‌പൈനല്‍ ടാപ്പ് എന്ന ചിത്രത്തിന്റെ തുടര്‍ഭാഗം സംവിധാനം ചെയ്തിരുന്നു. സെപ്റ്റംബറിലാണ് പുറത്തിറങ്ങിയത്.

ലിബറല്‍ ആശയങ്ങള്‍ക്ക് തുറന്ന പിന്തുണ നല്‍കുന്ന വ്യക്തിയായിരുന്നു റൈനര്‍; ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് അദ്ദേഹം സംഭാവനകളും നല്‍കിയിരുന്നു. ലോസ് ആഞ്ചലസ് മേയര്‍ കാരന്‍ ബാസും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസംവും റൈനര്‍ ദമ്പതികളുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.