മെസ്സിക്ക് കൈകൊടുക്കാന്‍ പ്രമുഖര്‍ തയ്യാറാക്കിയത് ഒരു കോടി രൂപ വരെ; ഡല്‍ഹിയിലെ മൂടല്‍ മഞ്ഞില്‍ മെസ്സിയെത്താന്‍ വൈകി

മെസ്സിക്ക് കൈകൊടുക്കാന്‍ പ്രമുഖര്‍ തയ്യാറാക്കിയത് ഒരു കോടി രൂപ വരെ; ഡല്‍ഹിയിലെ മൂടല്‍ മഞ്ഞില്‍ മെസ്സിയെത്താന്‍ വൈകി


ന്യൂഡല്‍ഹി: എട്ടുതവണ ബാലണ്‍ ദോര്‍ ജേതാവായ ലയണല്‍ മെസ്സിയുടെ 'ഗോട്ട് ഇന്ത്യ ടൂര്‍' അവസാന ഘട്ടത്തില്‍ ഡല്‍ഹിയിലെത്തുമ്പോള്‍ അദ്ദേഹത്തെ അടുത്തു നിന്ന് കാണാനും കൈകൊടുക്കാനും ആഗ്രഹിക്കുന്ന പ്രമുഖര്‍ നല്‍കുന്നത് ഒരു കോടി രൂപ വരെയെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍ മിയാമി ടീമിലെ ചില കളിക്കാരും ലൂയിസ് സുവാരസ് ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കളും അടങ്ങിയ സംഘത്തോടെയാണ് മെസ്സി ഡല്‍ഹിയിലെത്തിയത്.

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് മെസ്സിക്കും സംഘത്തിനും നേരത്തെ നിശ്ചയിച്ച സമയത്ത് ഡല്‍ഹിയില്‍ എത്താന്‍ സാധിച്ചിരുന്നില്ല. രാവിലെ 10.45ന് ഡല്‍ഹിയിലെത്തി ചാണക്യപുരിയിലെ ലീല പാലസ് ഹോട്ടലില്‍ വിശ്രമിക്കുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അതിനായി ഹോട്ടലിലെ ഒരു മുഴുവന്‍ നില പൂര്‍ണമായും മാറ്റിവെച്ചിരുന്നു. 

ഒരു രാത്രിക്ക് മൂന്നര ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെ നിരക്കുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളിലാണ് മെസ്സി താമസിക്കുകയെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. അടച്ചിട്ട ഇടങ്ങളില്‍ വെച്ച് തെരഞ്ഞെടുത്ത വി ഐ പികളെയും കോര്‍പ്പറേറ്റ് അതിഥികളെയും മെസ്സി കാണുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.

മെസ്സിയുടെ ഇന്ത്യയിലെ ആദ്യദിനമായ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഉണ്ടായ അനിയന്ത്രിതാവസ്ഥകളുടെ പശ്ചാത്തലത്തില്‍, ലോകകപ്പ് ജേതാവിനായി ഹോട്ടലിനകത്തും പുറത്തും അദ്ദേഹം സന്ദര്‍ശിക്കുന്ന എല്ലാ ഇടങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ആഗോള ഫുട്ബോള്‍ ഇതിഹാസത്തെ നേരില്‍ കാണാനുള്ള അവസരത്തിനായി ചില വി ഐ പികള്‍ ഒരു കോടി രൂപ വരെ നല്‍കാന്‍ തയ്യാറാണെന്ന് എന്‍ ഡി ടി വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യന്‍ ആരാധകരില്‍ മെസ്സിക്കുള്ള അതിരില്ലാത്ത ജനപ്രീതിയെയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളില്‍ കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച മെസ്സി, രാഷ്ട്രീയ നേതാക്കളെയും ബോളിവുഡ് താരങ്ങളെയും ഫുട്ബോള്‍ താരങ്ങളെയും മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരെയും കുടുംബത്തോടൊപ്പം കണ്ടിരുന്നു.

ഡല്‍ഹി സന്ദര്‍ശനത്തിന്റെ ഭാഗമായി ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍, ഒളിമ്പിക്, പാരാലിംപിക് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെയുള്ള കായികരംഗത്തെ പ്രമുഖരുമായി മെസ്സി കൂടിക്കാഴ്ച നടത്തും.

നരേന്ദ്ര മോഡിയുമായി മെസ്സിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നുവെങ്കിലും റദ്ദാക്കി. മെസ്സിയോടൊപ്പം സുവാരസും റോഡ്രിഗോ ഡി പോളുമുണ്ട്. 

തുടര്‍ന്ന് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം സന്ദര്‍ശിക്കുന്ന മെസ്സി, തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി സംവദിക്കുന്ന ഫുട്ബോള്‍ ക്ലിനിക്കിലും പങ്കെടുക്കും. പിന്നീട് അഡിഡാസ് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിക്കായി പുരാന ക്വിലയിലേക്കാണ് യാത്ര. ഇവിടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പാരാലിംപിക് ജാവലിന്‍ ത്രോ സ്വര്‍ണമെഡല്‍ ജേതാവ് സുമിത് ആന്റില്‍, ലോക ചാമ്പ്യന്‍ നിഖത് സരീന്‍, ഒളിമ്പിക് ഹൈജമ്പര്‍ നിഷാദ് കുമാര്‍ എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും.

വൈകിട്ട് വിമാനത്താവളത്തിലേക്ക് മടങ്ങുന്ന മെസ്സി രാത്രി എട്ട് മണിയോടെ മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും സമയം വൈകിയതിനെ തുടര്‍ന്ന് പദ്ധതികള്‍ എങ്ങനെയായിരിക്കുമെന്ന് നിശ്ചയമില്ല.