ഹനുക്കാ ആഘോഷത്തിനിയയിലെ കൂട്ടക്കൊല: ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നില്‍ അച്ഛനും മകനും

ഹനുക്കാ ആഘോഷത്തിനിയയിലെ കൂട്ടക്കൊല: ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നില്‍ അച്ഛനും മകനും


സിഡ്‌നി (ഓസ്‌ട്രേലിയ) :  സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ഹനുക്കാ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിന് പിന്നില്‍ അച്ഛനും മകനുമാണെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച (ഡിസംബര്‍ 14) നടന്ന ആക്രമണത്തില്‍, ആക്രമികളിലൊരാള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 50 വയസ്സുള്ള പിതാവിനെ സ്ഥലത്തെത്തിയ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതായും, 24 വയസ്സുള്ള മകന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇനി മറ്റ് പ്രതികളെ തേടുന്നില്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് കമ്മീഷണര്‍ മാല്‍ ലാന്യന്‍, വ്യക്തമാക്കി. മൂന്നാമൊരു അക്രമി ഉണ്ടായിരിക്കാമെന്ന മുന്‍ പ്രസ്താവനയും അദ്ദേഹം പിന്‍വലിച്ചു. ഇപ്പോള്‍ കൂടുതല്‍ പ്രതികളെ തേടേണ്ട സാഹചര്യമില്ലെന്ന് ലാന്യന്‍ പറഞ്ഞു.

യുവാവായ അക്രമി നവീദ് അക്രം എന്ന പേരിലുള്ള പാക്കിസ്ഥാനി പൗരനാണെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പിതാവിന്റെ പേര് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അദ്ദേഹം കഴിഞ്ഞ പത്ത് വര്‍ഷമായി ലൈസന്‍സുള്ള ആയുധ ഉടമയാണെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് നിയമപരമായി കൈവശം വെച്ചിരുന്ന ആറു തോക്കുകളും ഒരു വാഹനത്തിനുള്ളില്‍ നിന്ന് താല്‍ക്കാലികമായി നിര്‍മ്മിച്ച സ്‌ഫോടക വസ്തുക്കളും കണ്ടെത്തി.

ഹനുക്കയുടെ ആദ്യ ദിനത്തില്‍ 'ഹനുക്കാ ബൈ ദ സീ' എന്ന പേരില്‍ നടന്ന പൊതുആഘോഷത്തില്‍ ആയിരത്തിലധികം പേര്‍ ബോണ്ടി ബീച്ചില്‍ എത്തിയിരുന്നു. ഈ ചടങ്ങിനിടെയാണ് വെടിവെപ്പ് ആരംഭിച്ചത്. ജൂത സമൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന സൂചനകളുണ്ടെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പറഞ്ഞു. 'ഹനുക്കയുടെ ആദ്യ ദിവസം ജൂത സമൂഹത്തെ ഉദ്ദേശിച്ചുള്ള ആക്രമണമാണിത്,' അദ്ദേഹം പറഞ്ഞു.

ആക്രമണത്തില്‍ 40ലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. പരുക്കേറ്റവരില്‍ 43 വയസ്സുള്ള പഴവ്യാപാരി അഹമ്മദ് അല്‍ അഹമ്മദിന്റെ ധീരത ശ്രദ്ധേയമായി. വെടിവെപ്പ് നടക്കുന്നതിനിടെ ഒരു അക്രമിയെ നേരിട്ട അഹമ്മദ് വെടിയേറ്റ് പരുക്കേറ്റിട്ടും, പ്രതിയെ കീഴടക്കി ആയുധം പിടിച്ചെടുത്തു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

അഹമ്മദിന്റെ ഇടപെടല്‍ നിരവധി ജീവനുകള്‍ രക്ഷിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ അഭിനന്ദിച്ചു. സംഭവത്തിന്റെ പ്രേരണയും പശ്ചാത്തലവും വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.