ബോണ്ടി ബീച്ചില്‍ കൊല്ലപ്പെട്ടവരില്‍ ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനെ അതിജിവിച്ച യുക്രെയ്ന്‍കാരനും

ബോണ്ടി ബീച്ചില്‍ കൊല്ലപ്പെട്ടവരില്‍ ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനെ അതിജിവിച്ച യുക്രെയ്ന്‍കാരനും


സിഡ്‌നി : ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചില്‍ ഹനുക്കാ ആഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 15 പേരില്‍ ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനെ അതിജീവിച്ചയാളും.

ഞായറാഴ്ച (ഡിസംബര്‍ 14) വൈകിട്ട് ജൂതസമൂഹത്തെ ലക്ഷ്യമാക്കി രണ്ട് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 40ലധികം പേര്‍ക്ക് പരിക്കേറ്റു. 
കൊല്ലപ്പെട്ടവരില്‍ ഉക്രെയിന്‍ സ്വദേശിയും ഹോളോകോസ്റ്റ് അതിജീവിതനുമായ അലക്‌സ് ക്ലെയ്റ്റ്മാന്‍ (Alex Kleytman) ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര ചാബാദ് സംഘടന സ്ഥിരീകരിച്ചു. ഭാര്യ ലാരിസയോടൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്ന അലക്‌സ്, വെടിവെപ്പിനിടെ ഭാര്യയെ രക്ഷിക്കാന്‍ മുന്നില്‍ കയറി നിന്നതോടെയാണ് വെടിയേറ്റതെന്നും ഭാര്യയെ കവചമാക്കി അദ്ദേഹം വീരമരണം വരിച്ചതായും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

പ്രാദേശിക റബ്ബിയും(ജൂത പുരോഹിതന്‍) ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ജൂതരുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ഹനുക്കാ ചടങ്ങിനിടെയുണ്ടായ ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.