ചിലിയില്‍ 35 വര്‍ഷത്തിനിടയിലെ ഏറ്റവും വലതുപക്ഷ പ്രസിഡന്റ്: ജോസ് ആന്റോണിയോ കാസ്റ്റിന് കൂറ്റന്‍ ജയം

ചിലിയില്‍ 35 വര്‍ഷത്തിനിടയിലെ ഏറ്റവും വലതുപക്ഷ പ്രസിഡന്റ്: ജോസ് ആന്റോണിയോ കാസ്റ്റിന് കൂറ്റന്‍ ജയം


സാന്റിയാഗോ: ചിലിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കനത്ത വലതുപക്ഷ നേതാവ് ജോസ് ആന്റോണിയോ കാസ്റ്റ് വന്‍ വിജയം നേടി. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 80 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ കാസ്റ്റ് 58 ശതമാനം വോട്ടുകള്‍ നേടി, എതിരാളിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ജീനെറ്റ് ജാരയെ വ്യക്തമായ വ്യത്യാസത്തില്‍ പിന്നിലാക്കി. ഫലം വ്യക്തമായതോടെ ജാര പരാജയം സമ്മതിച്ചു.

ഓഗസ്‌റ്റോ പിനോഷെയുടെ ഭരണകാലത്തെ തുറന്നുപറഞ്ഞ് പിന്തുണച്ചിരുന്ന കാസ്റ്റിന്റെ വിജയം 35 വര്‍ഷത്തെ ജനാധിപത്യ ചരിത്രത്തില്‍ ചിലിയില്‍ ഉണ്ടായ ഏറ്റവും വലതുപക്ഷ ഭരണകൂടത്തിലേക്കുള്ള വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു. സാന്റിയാഗോയുടെ കേന്ദ്രഭാഗങ്ങളില്‍ കാസ്റ്റ് അനുയായികള്‍ വാഹനങ്ങളുടെ ഹോണ്‍ മുഴക്കി, പതാകകള്‍ വീശി വിജയാഘോഷം നടത്തി.

അനിയന്ത്രിത കുടിയേറ്റം അവസാനിപ്പിക്കുക, വടക്കന്‍ അതിര്‍ത്തി അടയ്ക്കുക, വര്‍ധിച്ച കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക, മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് കാസ്റ്റിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. കോവിഡ് മഹാമാരിയും സാമൂഹിക കലാപങ്ങളും സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ കടന്നുകയറ്റവും ഒരുകാലത്ത് ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും സുരക്ഷിതവും സമൃദ്ധവുമായ രാജ്യങ്ങളിലൊന്നായിരുന്ന ചിലിയെ ഗുരുതരമായി ബാധിച്ചിരുന്നു.

കുറ്റകൃത്യങ്ങളുടെ വര്‍ധനയാണ് രാജ്യത്തെ പ്രധാന പ്രശ്‌നമെന്ന് 60 ശതമാനത്തിലധികം ചിലിക്കാര്‍ കരുതുന്നുവെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. സുരക്ഷ ഉറപ്പാക്കാന്‍ കടുത്ത നടപടികള്‍ ആവശ്യമാണെങ്കിലും അതിന് തയ്യാറാണെന്ന് പല വോട്ടര്‍മാരും അഭിപ്രായപ്പെട്ടു.

എന്നാല്‍ കാസ്റ്റിന്റെ കടുത്ത നിലപാടുകള്‍ രാജ്യത്തെ വീണ്ടും ഏകാധിപത്യത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും ശക്തമാണ്. 1990ല്‍ അവസാനിച്ച പിനോഷെ ഭരണകാലത്ത് ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും കാണാതാകുകയും ചെയ്തതിന്റെ ഓര്‍മ്മകള്‍ പലരെയും ഭീതിയിലാക്കുന്നു. കാസ്റ്റിനെ 'യൂണിഫോം ഇല്ലാത്ത പിനോഷെ'യെന്നുവരെ ചിലര്‍ വിശേഷിപ്പിക്കുന്നു.

വിജയത്തിനു പിന്നാലെ കാസ്റ്റ് ഐക്യത്തിന്റെ സന്ദേശമാണ് നല്‍കിയത്.  ചിലിയിലെ മുഴുവന്‍ ജനങ്ങളുടെയും  പ്രസിഡന്റാകാന്‍ ശ്രമിക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാലു വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തോടുള്ള ജനങ്ങളുടെ അസംതൃപ്തിയും നിര്‍ബന്ധിത വോട്ടെടുപ്പുമാണ് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.