ബോണ്ടി ബീച്ച് വെടിവെപ്പ്: ഹനുക്ക ആരംഭദിനത്തില്‍ ന്യൂയോര്‍ക്കിലും ലോസ് ആഞ്ചലസിലും കര്‍ശന സുരക്ഷ

ബോണ്ടി ബീച്ച് വെടിവെപ്പ്: ഹനുക്ക ആരംഭദിനത്തില്‍ ന്യൂയോര്‍ക്കിലും ലോസ് ആഞ്ചലസിലും കര്‍ശന സുരക്ഷ


ന്യൂയോര്‍ക്ക്:   ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂതരുടെ ഹനുക്ക ആഘോഷത്തിനിടെയുണ്ടായ കൂട്ടവെടിവെപ്പിന്റെ പശ്ചാത്തലത്തില്‍  ന്യൂയോര്‍ക്കും ലോസ് ആഞ്ചലസും ഉള്‍പ്പെടെ അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ ജാഗ്രതയും സുരക്ഷാനടപടികളും ശക്തമാക്കി. ജൂത സമൂഹത്തെ ലക്ഷ്യമിട്ട ഭീകരാക്രമണമെന്നാണ് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് വ്യക്തമാക്കിയത്. ആക്രമണത്തില്‍ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഹനുക്കയുടെ ആദ്യ രാത്രിയില്‍ പൊതുആഘോഷങ്ങളും സിനഗോഗുകളും കേന്ദ്രീകരിച്ച് അധിക പൊലീസ് വിന്യാസം നടത്തുമെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. നിലവില്‍ നഗരത്തില്‍ പ്രത്യേക ഭീഷണി ഇല്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് സുരക്ഷ വര്‍ധിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 'വിശ്വാസാഘോഷം ഭയമില്ലാതെ നടത്താന്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്,' പൊലീസ് കമ്മിഷണര്‍ ജെസിക്ക ടിഷ് പറഞ്ഞു. ആക്രമണം യാദൃച്ഛികമല്ലെന്നും ജൂതരെ ലക്ഷ്യമിട്ടതാണെന്നും ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് പറഞ്ഞു.

പൊതുഹനുക്ക പരിപാടികളില്‍ സുരക്ഷ കൂട്ടുമെന്ന് ലോങ് ഐലന്‍ഡിലെ സഫോക്ക് കൗണ്ടിയും അറിയിച്ചു. ജൂത സമൂഹ നേതാക്കളുമായി ബന്ധം ശക്തമാക്കിയെന്നും സംശയാസ്പദ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

കാലിഫോര്‍ണിയയില്‍ ജൂത സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, സിനഗോഗുകള്‍, ഹനുക്ക പരിപാടികള്‍ എന്നിവിടങ്ങളില്‍ ലോസ് ആഞ്ചലസ് പൊലീസ് അധിക പട്രോളിംഗ് ഏര്‍പ്പെടുത്തി. ബെവര്‍ലി ഹില്‍സില്‍ ഉയര്‍ന്ന പ്രാധാന്യമുള്ള കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകളും ഡ്രോണുകളും വിന്യസിക്കുമെന്ന് പൊലീസ് മേധാവി അറിയിച്ചു. സ്വകാര്യ സുരക്ഷയും പൊലീസ് സാന്നിധ്യവും ശക്തമാക്കും. ലോസ് ആഞ്ചലസ് കൗണ്ടി ഷെരിഫ് വിഭാഗവും ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.

വാഷിംഗ്ടണ്‍ ഡി.സിയിലും സിനഗോഗുകള്‍ക്ക് അധിക സുരക്ഷ ഏര്‍പ്പെടുത്തിയതായി മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. ഓസ്‌ട്രേലിയയിലെ ആക്രമണവുമായി നഗരത്തിന് നേരിട്ട് ബന്ധമുള്ള ഭീഷണി നിലവില്‍ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഹനുക്ക എട്ട് ദിവസത്തെ ജൂത ഉത്സവമാണ്. ലോകമെമ്പാടുമുള്ള ജൂത സമൂഹങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പൊലീസ് വിഭാഗങ്ങള്‍, പൊതുസുരക്ഷ ഉറപ്പാക്കാന്‍ തുടര്‍ച്ചയായ നിരീക്ഷണം തുടരുന്നുവെന്ന് അറിയിച്ചു.