ബോണ്ടി ബീച്ച് ആക്രമണം: തോക്കുധാരിയെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കിയ അഹമ്മദ് 'വീരന്‍' എന്ന് മാതാപിതാക്കള്‍

ബോണ്ടി ബീച്ച് ആക്രമണം: തോക്കുധാരിയെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കിയ അഹമ്മദ് 'വീരന്‍' എന്ന് മാതാപിതാക്കള്‍


സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന ഭീകര വെടിവെപ്പിനിടെ ആയുധധാരിയെ നേരിട്ട് തടഞ്ഞ് തോക്ക് പിടിച്ചെടുത്ത പഴക്കച്ചവടക്കാരനായ അഹമ്മദ് അല്‍ അഹമ്മദിനെ (43) 'വീരന്‍' എന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വിശേഷിപ്പിച്ചത്. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ അഹമ്മദ് ഇപ്പോള്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയനാകുകയാണ്.

വെടിവെപ്പിനിടയില്‍ മരത്തിനുപിന്നില്‍ ഒളിച്ചിരുന്ന തോക്കുകാരന്റെ വെടിയുണ്ടകള്‍ തീര്‍ന്നപ്പോള്‍ പിന്നില്‍ നിന്ന് ഓടിയെത്തിയ അഹമ്മദ് നീളമുള്ള തോക്ക് പിടിച്ചുവാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ലോകമെമ്പാടും പ്രചരിച്ചു. സമൂഹമാധ്യമങ്ങളില്‍ മാത്രം 2.2 കോടി പേര്‍ ഈ ദൃശ്യങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ആയുധരഹിതനായ ആക്രമിയിലേക്ക് മറ്റൊരു പൗരനും ഓടിയെത്തി എന്തോ വസ്തു എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

തോളില്‍ നാല് മുതല്‍ അഞ്ച് വരെ വെടിയുണ്ടകള്‍ പതിച്ചതായും ചിലത് ഇപ്പോഴും ശരീരത്തിനുള്ളില്‍ ഇരിക്കുന്നതായും അഹമ്മദിന്റെ മാതാപിതാക്കളായ മുഹമ്മദ് ഫതെ അല്‍ അഹമ്മദ്, മലാക്കെ ഹസന്‍ അല്‍ അഹമ്മദ് എന്നിവര്‍ പറഞ്ഞു. 2006ല്‍ ഓസ്‌ട്രേലിയയിലെത്തിയ മകനില്‍ നിന്ന് വര്‍ഷങ്ങളായി വേര്‍പിരിഞ്ഞിരുന്ന ഇവര്‍ രണ്ടുമാസം മുന്‍പാണ് സിറിയയില്‍ നിന്ന് സിഡ്‌നിയിലെത്തിയത്.

ബോണ്ടിയില്‍ സുഹൃത്തുക്കളോടൊപ്പം കാപ്പി കുടിക്കുമ്പോഴാണ് വെടിവെപ്പ് ശബ്ദം കേട്ടതെന്ന് കുടുംബം പറഞ്ഞു. ആളുകള്‍ വീഴുന്നത് കണ്ട അഹമ്മദ്, വെടിയുണ്ടകള്‍ തീര്‍ന്നപ്പോള്‍ ആയുധധാരിയെ സമീപിച്ച് തോക്ക് പിടിച്ചെടുക്കുകയായിരുന്നു. മൂന്ന്, ആറു വയസ്സുള്ള രണ്ടു പെണ്‍മക്കളുടെ പിതാവായ അഹമ്മദ് ആരെയെങ്കിലും രക്ഷിക്കേണ്ടി വന്നാല്‍ അവരുടെ പശ്ചാത്തലമോ മതമോ നോക്കാറില്ലെന്ന് പിതാവ് പറഞ്ഞു. 'ഓസ്‌ട്രേലിയയില്‍ എല്ലാവരും ഒരുപോലെയാണ്,' അദ്ദേഹം പറഞ്ഞു.

ഹനുക്കാ ആഘോഷത്തിനിടെ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 10 വയസ്സുള്ള കുട്ടിയും 87 വയസ്സുള്ള വയോധികനും ഉള്‍പ്പെട്ടതായി പൊലീസ് അറിയിച്ചു. 42 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമികളായ പിതാവും മകനും പൊലീസുമായി ഏറ്റുമുട്ടിയതില്‍ പിതാവ് കൊല്ലപ്പെട്ടു; മകന്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്.

പൊതുജനങ്ങളുടെ ഇടപെടലാണ് കൂടുതല്‍ ജീവനുകള്‍ രക്ഷിച്ചതെന്ന് പൊലീസ് കമ്മീഷണര്‍ മാല്‍ ലാന്യണ്‍ പറഞ്ഞു. അഹമ്മദിന്റെ ചികിത്സാനന്തര പരിചരണത്തിന് ജര്‍മ്മനിയിലും റഷ്യയിലുമുള്ള മക്കള്‍ക്ക് ഓസ്‌ട്രേലിയയില്‍ എത്താന്‍ സഹായിക്കണമെന്ന്  കുടുംബം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അഹമ്മദിനായി ആരംഭിച്ച ധനസമാഹരണത്തില്‍ 12 മണിക്കൂറിനകം 5.5 ലക്ഷം ഡോളര്‍ സമാഹരിച്ചതായും റിപ്പോര്‍ട്ടുണ്ട്. 
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അഹമ്മദിന്റെ ധീരകൃത്യത്തെ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പാകെ പ്രശംസിച്ചു.