ബോണ്ടി ബീച്ച് ഭീകരാക്രമണം: പാകിസ്ഥാനി മുസ്ലിം യുവാവെന്ന് സംശയം

ബോണ്ടി ബീച്ച് ഭീകരാക്രമണം: പാകിസ്ഥാനി മുസ്ലിം യുവാവെന്ന് സംശയം


സിഡ്‌നി: ബോണ്ടി ബീച്ചില്‍ ഹനുക്കാ ആഘോഷത്തിനിടെ നടന്ന വെടിവെയ്പ്പ് ആക്രമണത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ പാകിസ്ഥാനി വംശജനായ മുസ്ലിം യുവാവാണെന്ന സംശയമാണ് അധികൃതര്‍ക്കുള്ളതെന്ന് ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ ന്യൂസിനോട് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബോണിറിഗ് സ്വദേശിയായ 24കാരന്‍ നവീദ് അക്രം എന്നയാളെയാണ് സംശയിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസ്ഥലത്ത് നിന്ന് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് കണ്ടെത്തിയതായും അധികൃതര്‍ സ്ഥിരീകരിച്ചു. അക്രത്തിന്റെ ജനനത്തീയതി 2001 ഓഗസ്റ്റ് 12 ആണെന്നും അറിയിച്ചു.

അക്രത്തിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പ്രകാരം, സിഡ്നിയിലെ സെന്‍ട്രല്‍ ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റിയിലും ഇസ്ലാമാബാദിലെ ഹംദര്‍ദ് യൂണിവേഴ്സിറ്റിയിലും അദ്ദേഹം പഠിച്ചിരുന്നു. കൂടാതെ അല്‍ മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠനം നടത്തിയിരുന്നുവെന്നും അവിടെ മാതൃകാ വിദ്യാര്‍ഥിയെന്ന നിലയില്‍ പരിഗണിക്കപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ വ്യക്തമായ ആശയപരമായ നിലപാടുകള്‍ സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഈ വിവരങ്ങള്‍ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഡിസംബര്‍ 14 ഞായറാഴ്ച വൈകുന്നേരം ബോണ്ടി ബീച്ചില്‍ ഹനുക്കാ ഉത്സവത്തിന്റെ ആദ്യ ദിനാഘോഷത്തിനിടെ നടന്ന വെടിവെയ്പ്പില്‍, ആക്രമികളില്‍ ഒരാള്‍ ഉള്‍പ്പെടെ കുറഞ്ഞത് 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വൈകുന്നേരം ഏകദേശം 6.40ഓടെ പൊലീസ് വാഹനങ്ങള്‍ ബീച്ച് മേഖലയിലേക്ക് അടിയന്തിരമായി എത്തിത്തുടങ്ങിയതായി സാക്ഷികള്‍ പറഞ്ഞു. ക്യാംപ്‌ബെല്‍ പരേഡിനോട് ചേര്‍ന്ന പ്രദേശത്ത് നിന്ന് നിരവധി വെടിയൊച്ചകള്‍ കേട്ടതോടെ ജനക്കൂട്ടം ചിതറിയോടുകയായിരുന്നു.

പിന്നീട് പ്രചരിച്ച ദൃശ്യങ്ങളില്‍, കറുത്ത വസ്ത്രം ധരിച്ച രണ്ട് പേര്‍ ക്യാംപ്‌ബെല്‍ പരേഡിനെയും ബോണ്ടി പവിലിയനെയും ബന്ധിപ്പിക്കുന്ന നടപ്പാലത്തില്‍ നിന്ന് റൈഫിളുകളെന്ന് തോന്നിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നതായി കാണപ്പെട്ടു.

സിഡ്നിയിലെ ജൂത സമൂഹാംഗങ്ങള്‍ ഹനുക്കാ ഉത്സവത്തിന്റെ ആദ്യ രാത്രി ആചരിക്കുന്നതിനായി ഒത്തുകൂടിയിരുന്ന 'ചാനുക്കാ ബൈ ദ സീ' പരിപാടിയുടെ സമീപത്താണ് ആക്രമണം നടന്നത്. പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഈ വെടിവെയ്പ്പിനെ ജൂതവിരുദ്ധ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ചു. ആഘോഷത്തിന്റെയും വിശ്വാസത്തിന്റെയും നിമിഷത്തിലാണ് ജൂത ഓസ്ട്രേലിയക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

രാത്രിയോടെ നടത്തിയ മാധ്യമ ബ്രീഫിംഗില്‍ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സും പൊലീസ് കമ്മീഷണര്‍ മാല്‍ ലാന്യണും ആക്രമണ സമയത്ത് ആയുധധാരികളില്‍ ഒരാളടക്കം കുറഞ്ഞത് 11 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അറിയിച്ചു. സംഭവത്തെ ഔദ്യോഗികമായി ഭീകരാക്രമണമായി വര്‍ഗ്ഗീകരിച്ചതായി ലാന്യണ്‍ വ്യക്തമാക്കി. മരിച്ച പ്രതിയുമായി ബന്ധമുള്ള ക്യാംപ്‌ബെല്‍ പരേഡിലെ ഒരു വാഹനത്തിനുള്ളില്‍ സ്‌ഫോടക ഉപകരണങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഭീഷണി നേരിടുന്നതിനായി പ്രത്യേക ബോംബ് നിര്‍മാര്‍ജ്ജന സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.