തിരുവനന്തപുരം: സുപ്രിം കോടതിക്കെതിരെ വിമര്‍ശനവുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ തങ്ങള്‍ നിയമിക്കുമെന്ന സുപ്രിം കോടതി പരാമര്‍ശത്തിനെതിരെയാണ് ഗവര്‍ണര്‍ പരസ്യമായി രംഗത്തെത്തിയത്. സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസും കേരള ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് വി സദാശിവത്തിന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു കേരള ഗവര്‍ണറുടെ വിമര്‍ശനം.
ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും അത്തരം സംഭവങ്ങള്‍ ഈയിടെ ഉണ്ടായെന്നും പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ സുപ്രിം കോടതിക്കെതിരെ തിരിഞ്ഞത്. നിയമനിര്‍മാണ സഭകളെ, ഓരോരുത്തരുടെയും ചുമതലകളെ കോടതികള്‍ ബഹുമാനിക്കണമെന്നും ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ കോടതികള്‍ക്ക് എങ്ങനെ വരുന്നു എന്നത് പ്രശ്‌നമാണെന്നും പറഞ്ഞ ഗവര്‍ണര്‍ എന്തിനാണ് സെര്‍ച് കമ്മിറ്റിയെ കോടതി നിയമിക്കുന്നതെന്ന ചോദ്യവും ഉന്നയിച്ചു. ചാന്‍സലര്‍ക്കാണ് അതിനുള്ള അധികാരമെന്നും മറ്റുള്ളവരുടെ ചുമതലകള്‍ കോടതി ഏറ്റെടുത്തു ചെയ്യുന്നതു ശരിയല്ലെന്നും പറഞ്ഞ ഗവര്‍ണര്‍ നിയമം പാലിക്കാന്‍ മാത്രം കോടതിക്കു പറയാമെന്നും നിങ്ങളുടെ ജോലിയും ഞങ്ങള്‍ ചെയ്തോളാം എന്നു പറയരുതെന്നും നാളെ തെരഞ്ഞെടുപ്പു കമ്മിഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ ചാന്‍സലര്‍ക്കാണ് അധികാരം. എന്തിനാണ് സെര്‍ച്ച് കമ്മിറ്റിയെ കോടതി നിയമിക്കുന്നത്? അതിനുള്ള അധികാരം ചാന്‍സലര്‍ക്കാണ്. യു ജി സി ചട്ടവും കണ്ണൂര്‍ വിസി നിയമന കേസിലെ സുപ്രിം കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. കോടതി ഇപ്പോള്‍ ഇത് പരിഗണിക്കാത്തതു ശരിയല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍ക്കാരും ഗവര്‍ണറും സമവായത്തിലെത്താത്ത സാഹചര്യത്തില്‍ കേരളത്തിലെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ നിയമനം തങ്ങള്‍ നടത്തുമെന്നു സുപ്രും കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു ഗവര്‍ണര്‍ സുപ്രും കോടതിക്കെതികരെ രംഗത്തെത്തിയത്.
ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പുരസ്‌ക്കാരം വിതരണം ചെയ്യുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നഗരേഷ് അടക്കമുള്ളവര്‍ സംബന്ധിച്ചിരുന്നു. അരലക്ഷം രൂപയും ജസ്റ്റിസ് കൃഷ്ണയ്യരുടെ ചിത്രം ആലേഖനം ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് ലോ ട്രസ്റ്റിന്റെ പുരസ്‌കാരം.
