വോട്ടു കള്ളന്മാര്‍ കസേരയൊഴിയണം; മോഡിയും ആര്‍ എസ് എസും വോട്ടു കള്ളന്മാരെന്ന് രാഹുല്‍ ഗാന്ധി

വോട്ടു കള്ളന്മാര്‍ കസേരയൊഴിയണം; മോഡിയും ആര്‍ എസ് എസും വോട്ടു കള്ളന്മാരെന്ന് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സത്യത്തിനൊപ്പം നില്‍ക്കുമെന്നും നരേന്ദ്ര മോഡി- ആര്‍ എസ് എസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ 'വോട്ട് കള്ളന്മാര്‍ കസേരയൊഴിയണം' എന്ന പേരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. തെരഞ്ഞെടുപ്പു കമ്മിഷണറുടെ പേരെടുത്തു വിമര്‍ശിച്ച രാഹുല്‍ അന്തിമമായി സത്യം വിജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ ബി ജെ പിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നു രാഹുല്‍ ആരോപിച്ചു. ഞങ്ങള്‍ സത്യത്തിനൊപ്പമാണു നിലകൊള്ളുന്നത്. മോഡിക്കും ആര്‍ എസ് എസിനും അധികാരമുണ്ട്. അവര്‍ വോട്ട് മോഷണത്തില്‍ ഏര്‍പ്പെടുന്നു. കോണ്‍ഗ്രസിന്റെ ഡി എന്‍ എ സത്യത്തിന്റേതാണ്.

ബി ജെ പിയുടെയും ആര്‍ എസ് എസിന്റേതും വോട്ട് മോഷണത്തിന്റെ ഡി എന്‍ എയാണ്. നിങ്ങള്‍ ഭയക്കേണ്ടെന്നും അന്തിമമായി മോഡിയെയും അമിത് ഷായെയും ആര്‍ എസ് എസിനെയും അധികാരത്തില്‍ നിന്നു പുറത്താക്കുമെന്നും രാഹുല്‍ അവകാശപ്പെട്ടു.

പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവര്‍ക്കൊപ്പമാണു രാഹുല്‍ രാംലീല മൈതാനിയിലെത്തിയത്. രാജ്യത്തൊട്ടാകെ നിന്ന് വോട്ട് മോഷണത്തിനെതിരെ പാര്‍ട്ടി ആറു കോടി ഒപ്പുകള്‍ ശേഖരിച്ച് രാഷ്ട്രപതിക്കു നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.