നിതിന്‍ നബീന്‍ സിന്‍ഹ ബി ജെ പി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്

നിതിന്‍ നബീന്‍ സിന്‍ഹ ബി ജെ പി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്


ന്യൂഡല്‍ഹി: ബിഹാറിലെ മന്ത്രിയും യുവ നേതാവുമായ നിതിന്‍ നബീന്‍ സിന്‍ഹയെ ബി ജെ പി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ പിന്‍ഗാമിയെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി വര്‍ക്കിങ് പ്രസിഡന്റിനെ നിയമിച്ചത്. നിയമനം പ്രാബല്യത്തിലായെന്നു ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് അറിയിച്ചു. 

യു പി ബി ജെ പി അധ്യക്ഷനായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയെയും നിയമിച്ചു. ഭൂപേന്ദ്ര ചൗധരിയുടെ പിന്‍ഗാമിയായാണു കേന്ദ്ര മന്ത്രിയെ നിയോഗിച്ചിരിക്കുന്നത്. കായസ്ത വിഭാഗത്തില്‍ നിന്നുള്ള നേതാവാണു നാല്‍പ്പത്തഞ്ചുകാരന്‍ നിതിന്‍ നബീന്‍. നഡ്ഡയുടെ പിന്‍ഗാമിയായി ദേശീയ അധ്യക്ഷനായേക്കുമെന്നാണു കരുതുന്നത്. അങ്ങനെയെങ്കില്‍ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റാകും നിതിന്‍ നബീന്‍.

ബിഹാറിലെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ പി ഡബ്ല്യു ഡി മന്ത്രിയാണു നബീന്‍. പറ്റ്‌നയിലെ ബങ്കിപ്പുരില്‍ നിന്ന് അഞ്ചു തവണ എം എല്‍ എയായിട്ടുണ്ട്. തെരഞ്ഞെടുപ്പു വിജയത്തില്‍ പ്രവര്‍ത്തകര്‍ക്കു നന്ദി പറയാന്‍ പറ്റ്‌നയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ നിതിന്‍ നബീനെത്തിയപ്പോഴാണു ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായുള്ള നിയമനം പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ തീരുമാനം വിനയത്തോടെ സ്വീകരിക്കുന്നുവെന്നും നിരവധി പ്രവര്‍ത്തകരുടെ ത്യാഗങ്ങളാണ് തന്നെപ്പോലുള്ളവരെ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2020 ജനുവരിയില്‍ അമിത് ഷായുടെ പിന്‍ഗാമിയായാണു ജെ പി നഡ്ഡ ബി ജെ പി അധ്യക്ഷനായത്. മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയായെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് നഡ്ഡയ്ക്ക് ഒരു വര്‍ഷം കൂടി നീട്ടിനല്‍കിയിരുന്നു. എന്നാല്‍, ഇതിനുശേഷവും പിന്‍ഗാമിയെ തീരുമാനിക്കാനിയിരുന്നില്ല.

പുതിയ നേതാവിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുമോദിച്ചു. കഠിനാധ്വാനിയായ പ്രവര്‍ത്തകനാണു നിതിന്‍ നബീനെന്നു പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയും സമര്‍പ്പണവും പാര്‍ട്ടിക്ക് കരുത്തു നല്‍കുമെന്നു സമൂഹമാധ്യമത്തില്‍ കുറിച്ചു.