'ഞാന്‍ നീന്താന്‍ പോയിരുന്നു, ഇനി ഭക്ഷണം കഴിക്കാന്‍ പോകുന്നു'; ആക്രമണത്തിന് മുന്‍പ് അമ്മയോട് ബോണ്ടി ബീച്ച് ആക്രമി പറഞ്ഞത്

'ഞാന്‍ നീന്താന്‍ പോയിരുന്നു, ഇനി ഭക്ഷണം കഴിക്കാന്‍ പോകുന്നു'; ആക്രമണത്തിന് മുന്‍പ് അമ്മയോട് ബോണ്ടി ബീച്ച് ആക്രമി പറഞ്ഞത്


സിഡ്‌നി: ബോണ്ടി ബീച്ചില്‍ നടന്ന ജൂത ഹനുക്കാ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ പങ്കെടുത്തതായി തിരിച്ചറിഞ്ഞ 24കാരനായ നവീദ് അക്രം ശാന്തനും നല്ല പെരുമാറ്റമുള്ള യുവവാണെന്നാണ് അയാളുടെ മാതാവ് സാക്ഷ്യപ്പെടുത്തുന്നത്. പിതാവായ സാജിദ് അക്തറിനൊപ്പം ചേര്‍ന്നാണ് നവീദ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

ആക്രമണം നടന്ന ദിവസം സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്  മകനുമായി സംസാരിച്ചതായി നവീദിന്റെ അമ്മ വെരീന പറഞ്ഞു. അന്ന് രാവിലെ നവീദ് തനിക്ക് ഫോണ്‍ ചെയ്തതായും നീന്താനും സ്‌കൂബ ഡൈവിങ് ചെയ്യാനും പോയതായി പറഞ്ഞതായും അവര്‍ വെളിപ്പെടുത്തി. ചൂട് കൂടുതലായതിനാല്‍ ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങാനാണ് പദ്ധതിയെന്നും മകന്‍ അറിയിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. അന്ന് പിതാവിനൊപ്പം ജെര്‍വിസ് ബേയിലാണെന്നും നവീദ് അറിയിച്ചിരുന്നുവെന്നാണ് വെരീനയുടെ വെളിപ്പെടുത്തല്‍.

മകനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്ന് വെരീന പറഞ്ഞു. മകന് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നോ തീവ്രവാദ ബന്ധങ്ങളുണ്ടെന്നോ വിശ്വസിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. നവീദിന് ആയുധങ്ങളൊന്നും സ്വന്തമായി ഉണ്ടായിരുന്നില്ലെന്നും കര്‍ശനമായ ശീലങ്ങളോടെയുള്ള ജീവിതമാണ് നയിച്ചിരുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

'അവന്‍ സ്വയം ഒതുങ്ങി ജീവിക്കുന്ന ആളാണ്. മദ്യപാനമോ പുകവലിയോ ഇല്ല, പ്രശ്‌നങ്ങളില്‍ പെടാറുമില്ല. ജോലിക്ക് പോകും, വീട്ടില്‍ വരും, വ്യായാമം ചെയ്യും, അത്രമാത്രം. ഇത്തരമൊരു മകനെക്കുറിച്ച് ഏത് മാതാപിതാവിനും അഭിമാനിക്കാം,' എന്ന് ദി സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ് പത്രത്തോട് വെരീന പറഞ്ഞു.

അതേസമയം, ബോണ്ടി ബീച്ചില്‍ ജൂത ഉത്സവാഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് 16 പേര്‍ കൊല്ലപ്പെടുകയും 40ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയില്‍സ് പൊലീസ് തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് അറിയിച്ചു.

സംഭവത്തിനിടെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത ആക്രമികളില്‍ ഒരാളും മരണസംഖ്യയില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന കാര്യം അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.