കാന്‍ബെറ: ഓസ്ട്രേലിയയില്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് തോക്ക് നിയമങ്ങള്‍ ശക്തമാക്കാനും തോക്ക് രജിസ്റ്റര്‍ കൊണ്ടുവരാനും തീരുമാനിച്ചു. സിഡ്നി ബോണ്ടി ബീച്ചില്‍ ഹനുക്ക ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണിത്.
തോക്ക് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ലൈസന്‍സുള്ള വ്യക്തിക്ക് കൈവശം സൂക്ഷിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തും. തോക്ക് ലൈസന്‍സുകള്‍ സ്ഥിരമായി നല്‍കുന്ന രീതി നിര്‍ത്തലാക്കണമെന്നും നിര്‍ദേശമുണ്ട്. ആളുകളുടെ മാനസികാവസ്ഥയും സാഹചര്യവും കാലക്രമേണ മാറുമെന്ന സാധ്യത മുന്‍നിര്‍ത്തിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. തോക്കുകളുടെ ഉടമസ്ഥാവകാശം ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ് നടത്തിയവരില്‍ ഒരാളെ പിന്നിലൂടെ ചെന്ന് നിരായുധനാക്കി അന്താരാഷ്ട്ര ശ്രദ്ധ നേടിയ അഹമ്മദ് അല്‍-അഹ്മ്മദിനെ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് സന്ദര്‍ശിച്ചു. അഹ്മ്മദാണ് യഥാര്‍ഥ ജീവിതത്തിലെ ഹീറോ എന്ന് മിന്‍സ് പറഞ്ഞു. അഹ്മ്മദിന്റെ ധീരകൃത്യം നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നതിനു കാരണമായി തീര്‍ന്നിരുന്നു. അഹ്മ്മദിനെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും പ്രശംസിച്ചു. മനുഷ്യത്വത്തിന്റെ ഏറ്റവും മികച്ച പ്രവൃത്തി എന്നാണ് പ്രധാനമന്ത്രി അഹമ്മദിന്റെ ധീരകൃത്യത്തെ വിശേഷിപ്പിച്ചത്.
