വാഷിംഗ്ടണ്‍: കഞ്ചാവിനെക്കുറിച്ചുള്ള ഫെഡറല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനുള്ള സാധ്യത ഗൗരവമായി പരിഗണിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചന നല്‍കി. ഇതേ സമയം ഫെന്റനിലിനെ 'വ്യാപക നാശായുധം' (Weapon of Mass Destruction) ആയി പ്രഖ്യാപിച്ച് അദ്ദേഹം എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചു. ട്രംപിന്റെ ഈ ഇരട്ട പ്രഖ്യാപനം അമേരിക്കയില്‍ ലഹരി നയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ശക്തി പകരുകയാണ്.
കഞ്ചാവിനെ പുനര്‍വര്‍ഗീകരിക്കുന്നതിനെക്കുറിച്ച് ആലോചനയിലാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അത് ഞങ്ങള്‍ ശക്തമായി പരിഗണിക്കുകയാണ്' എന്നായിരുന്നു ട്രംപിന്റെ മറുപടി. ഗവേഷണ ആവശ്യങ്ങള്‍ക്കായി കഞ്ചാവിന്റെ നിലവിലെ വര്‍ഗീകരണം മാറ്റണമെന്ന ആവശ്യം വ്യാപകമാണെന്നും, പുനര്‍വര്‍ഗീകരണമില്ലാതെ പല തരത്തിലുള്ള ഗവേഷണങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ഈ വിഷയം ഗൗരവത്തോടെ പരിശോധിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
നിലവില്‍ ഫെഡറല്‍ നിയമപ്രകാരം കഞ്ചാവ് ഷെഡ്യൂള്‍-1 ലഹരിമരുന്നുകളുടെ പട്ടികയിലാണ്. ഹെറോയിന്‍, എല്‍എസ്ഡി തുടങ്ങിയവ ഉള്‍പ്പെടുന്ന ഈ പട്ടികയിലെ ഡ്രഗ്‌സിന് ഉയര്‍ന്ന ലഹരി സാധ്യതയും അംഗീകരിക്കപ്പെട്ട വൈദ്യോപയോഗമില്ലെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. എന്നാല്‍ പല യുഎസ് സംസ്ഥാനങ്ങളും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് അനുവദിച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യവുമായി ഫെഡറല്‍ നിലപാട് ഏറെക്കാലമായി ഏറ്റുമുട്ടുകയാണ്. നിരവധി സംസ്ഥാനങ്ങളില്‍ വിനോദോപയോഗവും നിയമവിധേയമാണ്.
വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടുപ്രകാരം, കഞ്ചാവിനെ ഷെഡ്യൂള്‍-3 വിഭാഗത്തിലേക്ക് മാറ്റുന്ന കാര്യമാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. വൈദ്യോപയോഗം അംഗീകരിക്കപ്പെട്ടതും കുറഞ്ഞ ദുരുപയോഗ സാധ്യതയുള്ളതുമായ മരുന്നുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കെറ്റാമിന്‍, അനബോളിക് സ്റ്റിറോയിഡുകള്‍ എന്നിവയും ഈ വിഭാഗത്തിലാണ്. എന്നാല്‍ ഇത്തരമൊരു മാറ്റം രാജ്യവ്യാപക നിയമീകരണമോ കുറ്റകരമല്ലാതാക്കലോ ആയിരിക്കില്ല. പകരം, ഗവേഷണത്തിനുള്ള നിയന്ത്രണങ്ങള്‍ ശിഥിലമാക്കാനും നിയമപരമായ കഞ്ചാവ് വ്യവസായത്തിന് നികുതി സംബന്ധമായ ഇളവുകള്‍ ലഭിക്കാനും ഇത് വഴിയൊരുക്കും.
അതേസമയം, പ്രസിഡന്റിന് ഏകപക്ഷീയമായി കഞ്ചാവിന്റെ വര്‍ഗീകരണം മാറ്റാന്‍ കഴിയില്ല. ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റും ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനും ഉള്‍പ്പെടുന്ന ഫെഡറല്‍ ഏജന്‍സികളുടെ നടപടി അനിവാര്യമാണ്. ഈ പ്രക്രിയ ആരംഭിക്കാന്‍ നിര്‍ദേശിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഉടന്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇതുസംബന്ധിച്ച് നീക്കങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും, ട്രംപ് 2025 ആദ്യം അധികാരത്തിലെത്തുന്നതിനുമുമ്പ് അത് പൂര്‍ത്തിയാക്കാനായിരുന്നില്ല.
കഞ്ചാവിനോട് ഇളവിന്റെ ഭാഷയും ഫെന്റനിലിനോട് കടുത്ത സമീപനവും ഒരുമിച്ച് മുന്നോട്ടുവച്ച ട്രംപിന്റെ പ്രഖ്യാപനം, അമേരിക്കയിലെ ലഹരി നയങ്ങള്‍ പുതിയ വഴിത്തിരിവിലേക്കാണോ എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.
'ഗവേഷണത്തിനായി' കഞ്ചാവ്; ഫെന്റനില്‍ 'വ്യാപക നാശായുധം' : ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയില്‍ പുതിയ ലഹരി ചര്‍ച്ചയ്ക്ക് തിരികൊളുത്തുന്നു
