ന്യൂയോര്‍ക്ക്: മെറിയം വെബ്‌സ്റ്റര്‍ അമേരിക്കന്‍ നിഘണ്ടു 2025ലെ വാക്കായി തെരഞ്ഞെടുത്തത് 'സ്ലോപ്' അഥവാ ചളി. നിലവാരമില്ലാത്ത താമശകളെയും ഉള്ളടക്കങ്ങളെയും കളിയാക്കാന്‍ ഉപയോഗിക്കുന്ന വാക്കായാണ് 'ചളി' നിഘണ്ടുവില്‍ ഈ വര്‍ഷത്തെ വാക്കായി ഇടം പിടിച്ചത്.
വ്യാജവാര്‍ത്ത, എഐ രചിത പുസ്തകങ്ങള്‍ തുടങ്ങി നിര്‍മിത ബുദ്ധി സൃഷ്ടിക്കുന്ന നിലവാരമില്ലാത്ത ഡിജിറ്റല്‍ ഉള്ളടക്കങ്ങളെ സൂചിപ്പിക്കുന്നതിനായാണ് ചളി അഥവാ സ്ലോപ്പ് എന്ന പദം തെരഞ്ഞെടുത്തത്. ജനറേറ്റീവ് എഐയുടെ സ്വാധീനം, അതിനെക്കുറിച്ചുള്ള ജനങ്ങളുടെ ആകാംക്ഷയും വെറുപ്പും, ഒപ്പം യഥാര്‍ഥ വിവരങ്ങള്‍ക്കായുള്ള ആഗ്രഹവും ഈ തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്.
നിലവില്‍ ലോകത്ത് എല്ലാ മേഖലയിലും നിര്‍മിത ബുദ്ധിയുടെ കടന്നു കയറ്റം കാണാനാവും. എന്തിനെക്കുറിച്ച് ചോദിച്ചാലും ശരിയെന്നോ തെറ്റെന്നോ വ്യത്യാസമില്ലാതെ മറുപടി പറയുന്ന എഐ പലപ്പോഴും വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എഐയുടെ നിലവാരത്തകര്‍ച്ചയെ സൂചിപ്പിക്കാനാണ് മെറിയം വെബ്സ്റ്റര്‍ യൂണിവേഴ്‌സിറ്റി ഈ പദം 2025ലെ വാക്കായി തെരഞ്ഞെടുത്തത്.
'സ്ലോപ്പ്' എന്ന വാക്കിന് 1700കളില്‍ 'മൃദുവായ ചളി' എന്നൊരു അര്‍ഥമുണ്ടായിരുന്നു. പുതിയ കാലത്ത് ഡിജിറ്റല്‍ യുഗത്തില്‍ എഐയുടെ തെറ്റായ ഉള്ളടക്കത്തെ സൂചിപ്പിച്ചാണ് തിരികെ വന്നിരിക്കുന്നത്. ജെന്‍സികള്‍ക്കിടയിലെ സര്‍വസാധാരണമായ വാക്കാണിത്.
