അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ അച്ഛനെ സ്ലെഡ്ജ് ഹാമറുകൊണ്ട് കൊലപ്പെടുത്തി

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ അച്ഛനെ സ്ലെഡ്ജ് ഹാമറുകൊണ്ട് കൊലപ്പെടുത്തി


ഷാംബര്‍ഗ് (ഇല്ലിനോയ്) : അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ ഒരാള്‍ പിതാവിനെ സ്ലെഡ്ജ് ഹാമര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാംഘട്ട കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അബിജിത് പട്ടേല്‍ എന്ന യുവാവാണ് പ്രതി. 67 വയസ്സുള്ള പിതാവ് അനുപം പട്ടേലിനെ ഇല്ലിനോയ്  സംസ്ഥാനത്തെ ഷാംബര്‍ഗ് നഗരത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 
കുക്ക് കൗണ്ടി പ്രോസിക്യൂട്ടര്‍മാര്‍ നല്‍കിയ വിവരമനുസരിച്ച്, പൊലീസ് സ്ഥലത്തെത്തിയ ഉടന്‍ തന്നെ അബിജിത് പട്ടേല്‍ കീഴടങ്ങി. ചോദ്യം ചെയ്യലിനിടെ, ബാല്യകാലത്ത് പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉന്നയിച്ച ഇയാള്‍, 'മതപരമായ ബാധ്യത' എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 
അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അബിജിത് പട്ടേലിന് സ്‌കിസോഫ്രീനിയ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുമ്പ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.