സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം ഇന്ത്യ അടച്ചു

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം ഇന്ത്യ അടച്ചു


ധാക്ക/ ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ചില തീവ്രവാദ ഘടകങ്ങളില്‍ നിന്നുള്ള ഭീഷണികളേയും അവിടെ നിന്നുള്ള പ്രകോപനപരമായ പ്രസ്താവനകളേയും തുടര്‍ന്ന് ധാക്കയിലെ ഇന്ത്യന്‍ വിസ അപേക്ഷ കേന്ദ്രം അടച്ചു. ജമുന ഫ്യൂച്ചര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ വിസ സേവനങ്ങളുടെ പ്രധാന സംയോജിത കേന്ദ്രമാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ സുരക്ഷാ സാഹചര്യമാണ് തീരുമാനത്തിന് കാരണമായതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ബുധനാഴ്ച അപേക്ഷ സമര്‍പ്പിക്കാന്‍ സമയം നിശ്ചയിച്ചിരുന്ന എല്ലാ അപേക്ഷകരുടെയും സമയം പിന്നീട് നിശ്ചയിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

ഇതിന് മുമ്പ്, ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ എം റിയാസ് ഹമിദുല്ലയെ വിളിച്ചുവരുത്തി ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യങ്ങള്‍ വഷളായതില്‍ ഇന്ത്യയുടെ കടുത്ത ആശങ്ക അറിയിച്ചിരുന്നു. ധാക്കയിലെ ഇന്ത്യന്‍ ദൗത്യസ്ഥാപനത്തിന് ചുറ്റും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചില തീവ്രവാദ ഘടകങ്ങള്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരിക്കുന്നതിലേക്കും മന്ത്രാലയം ശ്രദ്ധ ക്ഷണിച്ചു.

ബംഗ്ലാദേശിലെ ദൗത്യസ്ഥാപനങ്ങളുടെയും പോസ്റ്റുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അവിടത്തെ ഇടക്കാല സര്‍ക്കാരിന്റെ നയതന്ത്ര ബാധ്യതയാണെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുള്ള സുരക്ഷാഭീഷണികളില്‍ ഇന്ത്യ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.

അതേസമയം, ജൂലൈ ഒയിക്കോ (ജൂലൈ ഐക്യം) എന്ന പേരില്‍ വലിയ സംഘം ബുധനാഴ്ച ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഷെയ്ഖ് ഹസീനയെ ഇന്ത്യയില്‍ നിന്ന് ഉടന്‍ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.

ബംഗ്ലാദേശിലാകമാനം ഇന്ത്യയ്ക്ക് 16 വിസ അപേക്ഷ കേന്ദ്രങ്ങളുണ്ട്. വര്‍ഷംതോറും ഏകദേശം 22 ലക്ഷം വിസ അപേക്ഷകളാണ് ഇവിടങ്ങളില്‍ നിന്ന് സ്വീകരിക്കുന്നത്. 

ബംഗ്ലാദേശിലെ ചില സമീപകാല സംഭവങ്ങളെ കുറിച്ച് തീവ്രവാദ ഘടകങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യാജ പ്രചരണം ഇന്ത്യ പൂര്‍ണമായി തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവങ്ങളെക്കുറിച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഇന്ത്യയുമായി യഥാര്‍ഥ തെളിവുകള്‍ പങ്കുവച്ചിട്ടില്ലെന്നും മന്ത്രാലയം വിമര്‍ശിച്ചു.

ഒരു ബംഗ്ലാദേശ് രാഷ്ട്രീയ നേതാവ് ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ധാക്കയിലെ ദൂതനെ ഇന്ത്യ വിളിച്ചുവരുത്തിയത്. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് ഹസ്‌നത് അബ്ദുള്ള, ബംഗ്ലാദേശ് അസ്ഥിരമായാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ 'സെവന്‍ സിസ്റ്റേഴ്സിനെ' ഒറ്റപ്പെടുത്താനും വിഘടനവാദികള്‍ക്ക് അഭയം നല്‍കാനും രാജ്യം ശ്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബംഗ്ലാദേശ് അസ്ഥിരമായാല്‍ പ്രതിരോധത്തിന്റെ തീ അതിര്‍ത്തികള്‍ക്കപ്പുറം പടരുമെന്ന് അദ്ദേഹം തിങ്കളാഴ്ച നടന്ന റാലിയില്‍ പറഞ്ഞു.

അതേസമയം, ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ബംഗ്ലാദേശ് അധികൃതര്‍ വിളിച്ചുവരുത്തി, ഒരു കേസില്‍ സഹകരണം ആവശ്യപ്പെടുകയും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വേഗത്തിലുള്ള കൈമാറ്റം വീണ്ടും ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ കലാപവുമായി ബന്ധപ്പെട്ട് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.

മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാല സര്‍ക്കാര്‍ പാകിസ്ഥാനുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നത്. വിദ്യാര്‍ഥി നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിക്കെതിരായ ആക്രമണവും ഇന്ത്യയെ ലക്ഷ്യമാക്കി ഉപയോഗിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.