പോറ്റിയെ കേറ്റി, എഫ് ഐ ആര്‍ കേറി

പോറ്റിയെ കേറ്റി, എഫ് ഐ ആര്‍ കേറി


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈറലായ 'പോറ്റിയേ കേറ്റിയേ സ്വര്‍ണം ചെമ്പായി മാറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് ഗാനരചയിതാവ്, സംവിധായകന്‍, ഗായകന്‍, ഗാനം പ്രചരിപ്പിച്ചവര്‍ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.

ജി പി കുഞ്ഞബ്ദുല്ല, ഡാനിഷ് മലപ്പുറം, സി എം എസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല നല്‍കിയ പരാതിയിലാണ് നടപടി. അയ്യപ്പന്റെ പേര് ഉപയോഗിച്ച് മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അവഹേളിച്ചുവെന്നുമാണ് പ്രധാന ആരോപണം.

അതേസമയം, 'പോറ്റിയേ കേറ്റിയേ' പാരഡി ഗാനത്തിനെതിരെ സി പി എം കൂടി പരാതി നല്‍കുമെന്ന് അറിയിച്ചു. ഇത് അതിഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. കോണ്‍ഗ്രസും മുസ്ലിം ലീഗും ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പാരഡി ഗാനത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയ തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതാവ് പ്രസാദ് കുഴിക്കാലയ്ക്ക് സി പി എം പിന്തുണ പ്രഖ്യാപിച്ചു. പാരഡി ഗാനത്തിനെതിരെ കൂടുതല്‍ ഹൈന്ദവ സംഘടനകള്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നതായും രാജു എബ്രഹാം അറിയിച്ചു.

സ്വര്‍ണക്കൊള്ളക്കെതിരായ പാരഡി ഗാനം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് വ്യാപകമായി പ്രചരിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ സ്വര്‍ണക്കൊള്ള ചര്‍ച്ചയായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഗാനം ഏറ്റുപാടിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതികള്‍ ഉയര്‍ന്നത്. ശരണം വിളികളോടുകൂടിയ പാരഡി ഗാനം അയ്യപ്പ ഭക്തരുടെ മനസ്സ് വേദനിപ്പിക്കുന്നതും വിശ്വാസത്തെ ഹനിക്കുന്നതുമാണെന്നാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ പരാതി. പാട്ട് വിശ്വാസത്തെ ബാധിക്കുന്നതാണെങ്കില്‍ പരിശോധിക്കുമെന്നായിരുന്നു എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പ്രതികരണം. സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്ന വിഷയത്തില്‍ എല്‍ ഡി എഫിനകത്ത് തന്നെ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പാരഡി വിവാദവും കേസും.

ഇതിനിടെ, പാട്ടിനെ പേടിക്കുന്ന പാര്‍ട്ടിയായി സി പി എം മാറിയോ എന്ന ചോദ്യവുമായി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എം എല്‍ എ രംഗത്തെത്തി. പരാതിയുമായി പോകുന്നത് പാരഡിയെക്കാള്‍ വലിയ കോമഡിയാണെന്ന് അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് നിരവധി കാരണങ്ങളുണ്ടെന്നും അതിലൊന്നാണ് ശബരിമല സ്വര്‍ണക്കൊള്ള വിഷയമെന്നും വിഷ്ണുനാഥ് പറഞ്ഞു. പാട്ട് സ്വര്‍ണക്കൊള്ളയ്‌ക്കെതിരായ ഒരു എഴുത്തുകാരന്റെ സര്‍ഗാത്മക പ്രതിഷേധമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.