വെനിസ്വേല ഉപരോധം കടുപ്പിച്ച് ട്രംപ്; 'ലഹരി വസ്തുക്കള്‍ കടത്തിയ' ബോട്ടിന് മേല്‍ യുഎസ് വ്യോമാക്രമണം, നാല് മരണം

വെനിസ്വേല ഉപരോധം കടുപ്പിച്ച് ട്രംപ്; 'ലഹരി വസ്തുക്കള്‍ കടത്തിയ' ബോട്ടിന് മേല്‍ യുഎസ് വ്യോമാക്രമണം, നാല് മരണം


വെനിസ്വേലയെതിരായ സമ്മര്‍ദ്ദനീക്കങ്ങള്‍ ശക്തമാക്കി അമേരിക്ക വീണ്ടും ' ലഹരിവസ്തുക്കള്‍ കടത്തുന്നതെന്ന് ആരോപിക്കപ്പെടുന്ന ബോട്ടിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ബുധനാഴ്ച (ഡിസംബര്‍ 17) നടന്ന ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. വെനിസ്വേലയിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കു പോകുന്നതുമായ ഉപരോധിത എണ്ണടാങ്കറുകള്‍ക്ക് 'സമ്പൂര്‍ണ ഉപരോധം' ഏര്‍പ്പെടുത്തിയതായി പ്രസിഡന്റ് ഡോണഡ് ട്രംപ് പ്രഖ്യാപിച്ചതിന് വെറും ഒരു ദിവസം പിന്നിടുമ്പോഴാണ് പുതിയ ആക്രമണം.

കഴിഞ്ഞ ആഴ്ചകളായി കരീബിയന്‍ മേഖലയിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ബോട്ടുകളെ ലക്ഷ്യമിട്ട് യുഎസ് സൈന്യം നിരന്തരമായി ആക്രമണം നടത്തുന്നുണ്ട്. ഈ നടപടികളില്‍ ഇതുവരെ ഏകദേശം 90 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ആഴ്ച വെനിസ്വേല തീരത്ത് നിന്ന് വലിയൊരു എണ്ണടാങ്കര്‍ പിടിച്ചെടുത്ത യുഎസ്, ഇത് ഉപരോധം ലംഘിച്ച് കള്ളവിപണിയില്‍ എണ്ണ കടത്തുകയായിരുന്നുവെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ, എണ്ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ കപ്പലുകള്‍ക്ക് പുതിയ ഉപരോധവും വാഷിംഗ്ടണ്‍ പ്രഖ്യാപിച്ചു.

വെനിസ്വേലയെ സാമ്പത്തികമായും സൈനികമായും ഒറ്റപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ ഇനിയും കടുപ്പിക്കുമെന്ന സൂചനയാണ് പുതിയ ആക്രമണങ്ങളിലൂടെ അമേരിക്ക നല്‍കുന്നത്.