കൊച്ചി: കിഫ്ബി മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച കാരണം കാണിക്കല്‍ നോട്ടിസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുഖ്യമന്ത്രിയെ കൂടാതെ മുന്‍ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി സിഇഒ കെ.എം. അബ്രഹാമിനും അയച്ച നോട്ടിസുകളും സ്‌റ്റേ ചെയ്തു. കിഫ്ബിക്കെതിരായ തുടര്‍ നടപടി സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഇ.ഡി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്.
ഇ.ഡി നടപടി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മുഖ്യമന്ത്രി നോട്ടിസിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് റിയല്‍ എസ്‌റ്റേറ്റ് ഇടപാടായോ നിരോധിത ഭൂമി വാങ്ങലായോ കണക്കാക്കാനാവില്ല. വികസനത്തിന് ഭൂമി അത്യാവശ്യമാണെന്നും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ കിഫ്ബി ലംഘിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു.
മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി കിഫ്ബിക്കും മുഖ്യമന്ത്രിക്കും മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ.എം.എബ്രഹാം എന്നിവര്‍ക്കും നോട്ടിസ് അയച്ചത്. മൂന്നു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നവംബര്‍ അവസാനം നോട്ടിസ് നല്‍കിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിതമായാണ് ഇ.ഡി നടപടിയെന്ന് സിപിഎം ആരോപിച്ചിരുന്നു.
കിഫ്ബി മസാലബോണ്ടില്‍ ഇ.ഡിക്ക് തിരിച്ചടി; പിണറായിക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടിസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
