മാന്‍ഹട്ടന്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ ദീര്‍ഘകാല സഹായി ഘിസ്‌ലെയിന്‍ മാക്‌സ് വെല്‍ തന്റെ ശിക്ഷ റദ്ദാക്കി ജയില്‍ മോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചു. 'ന്യായമായ വിചാരണ ലഭിച്ചില്ല' എന്നാരോപിച്ചാണ് 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന മാക്‌സ് വെല്‍ മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷനും സ്വന്തം നിയമസംഘവും തമ്മില്‍ ഗൂഢാലോചന നടന്നുവെന്നും നിര്‍ണായക തെളിവുകള്‍ മറച്ചുവച്ചുവെന്നും ഹര്‍ജിയില്‍ അവള്‍ ആരോപിക്കുന്നു. 'പുതുതായി കണ്ടെത്തിയ തെളിവുകള്‍' ജുറികള്‍ തുറന്ന മനസ്സോടെ സ്വതന്ത്രമായി തീരുമാനമെടുത്തില്ലെന്നത് വ്യക്തമാക്കുന്നുവെന്നാണ് മാക്‌സ് വെലിന്റെ വാദം. ഇത്തരം തെളിവുകള്‍ വിചാരണക്കിടെ ജുറിക്ക് മുന്നിലെത്തിയിരുന്നെങ്കില്‍ കുറ്റവിമുക്തയാകുമായിരുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു.
2022ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എപ്സ്റ്റീനുവേണ്ടി ലൈംഗികമായി ചൂഷണം ചെയ്യാന്‍ റിക്രൂട്ട് ചെയ്തതടക്കമുള്ള ഗുരുതര കുറ്റങ്ങളില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് സാമൂഹിക പ്രവര്‍ത്തകയായ മാക്‌സ് വെലിന് 20 വര്‍ഷം തടവുശിക്ഷ വിധിച്ചത്. വര്‍ഷങ്ങളോളം വിവിധ രാജ്യങ്ങളിലായി വ്യാപിച്ച ലൈംഗിക ചൂഷണ ശൃംഖലയുടെ കേന്ദ്രകഥാപാത്രമായ എപ്സ്റ്റീന്‍ 2019ല്‍ ന്യൂയോര്‍ക്ക് ജയിലില്‍ വിചാരണ കാത്തിരിക്കെ മരിച്ചിരുന്നു.
പ്രധാനമായി, ഈ ഹര്‍ജി മാക്‌സ് വെല്‍ തന്നെയാണ് അഭിഭാഷകന്റെ സഹായമില്ലാതെ സമര്‍പ്പിച്ചതെന്നതും ശ്രദ്ധേയമാണ്. എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അപ്പീല്‍ മാര്‍ഗങ്ങള്‍ എല്ലാം പരാജയപ്പെട്ട ശേഷം സമര്‍പ്പിക്കുന്ന ഇത്തരം ഹര്‍ജികള്‍ അപൂര്‍വമായാണ് വിജയിക്കുന്നത്; ശക്തവും നിര്‍ണായകവുമായ തെളിവുകള്‍ ഇല്ലെങ്കില്‍ കോടതികള്‍ സാധാരണയായി ഇവ തള്ളാറാണ് പതിവ്. മാക്‌സ് വെലിന്റെ മുന്‍ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍, അവളുടെ അപ്പീല്‍ പരിഗണിക്കാന്‍ യുഎസ് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.
'ന്യായമായ വിചാരണ ലഭിച്ചില്ല': ജെഫ്രി എപ്സ്റ്റീന്റെ സഹായി ഘിസ്‌ലെയിന്‍ മാക്‌സ് വെല്‍ മോചന ഹര്‍ജിയുമായി വീണ്ടും കോടതിയില്‍
