വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയ മുഖ്യമന്ത്രിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം

വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയ മുഖ്യമന്ത്രിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം


തിരുവനന്തപുരം: സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയതില്‍ മുഖ്യമന്ത്രിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. ഞായറാഴ്ചയാണ് മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ധാരണയിലെത്തിയത്. തിങ്കളാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യം അറിയിച്ചപ്പോഴാണ് വിമര്‍ശനം ഉയര്‍ന്നത്.
സെക്രട്ടേറിയറ്റ് യോഗത്തില്‍ വൈകി എത്തിയ മുഖ്യമന്ത്രി ഗവര്‍ണറുമായുള്ള ഒത്തുതീര്‍പ്പ് നീക്കം ഏതാനും വാക്കുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന ചോദ്യം ചിലര്‍ ഉന്നയിച്ചു. പിഎം ശ്രീ പദ്ധതിയിലുണ്ടായതിനു സമാനമായ വിമര്‍ശനം ഇക്കാര്യത്തിലുമുണ്ടാകുമെന്ന് സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയില്‍ കേസ് നിലനി!ല്‍ക്കെ ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുന്നതു പാര്‍ട്ടി ഇതുവരെ എടുത്തു പോന്ന നിലപാടുകള്‍ക്ക് ചേരുന്നതാകില്ലെന്നും ചിലര്‍ പറഞ്ഞു.
എന്നാല്‍, മറ്റു വഴികള്‍ ഇല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രശ്‌നം നീട്ടിക്കൊണ്ടുപോകാന്‍ ആകില്ല. പ്രശ്‌നപരിഹാരം വൈകുന്നത് ഗുണം ചെയ്യില്ലെന്നും പിണറായി സെക്രട്ടേറിയറ്റില്‍ പറഞ്ഞു. മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കൂടുതല്‍ ചര്‍ച്ച ഉണ്ടായില്ല.

മന്ത്രിമാരും ഗവര്‍ണറുമായി നടത്തിയ ചര്‍ച്ചയില്‍, പേരുകളിലേക്ക് വന്നപ്പോള്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിനില്‍ക്കുന്ന ഡോ. സിസാ തോമസിനെ നിയമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സജി ഗോപിനാഥിന്റെ പേര് മന്ത്രിമാര്‍ നിര്‍ദേശിച്ചു. എന്നാല്‍, അവിടെ നടന്ന ക്രമക്കേടുകളില്‍ ഓഡിറ്റ് നടക്കുന്നത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പേര് അംഗീകരിക്കാന്‍ ഗവര്‍ണറും തയ്യാറായില്ല.
ഇതിനുശേഷമാണ് മുഖ്യമന്ത്രി ലോക്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. സജി ഗോപിനാഥിന് നിയമനം നല്‍കാന്‍ സിസയുടെ പേരില്‍ വഴങ്ങാനുള്ള സന്നദ്ധത മുഖ്യമന്ത്രി അറിയിച്ചു. അങ്ങനെയാണ് ഗവര്‍ണറുമായുള്ള ഒത്തുതീര്‍പ്പുണ്ടായത്. രണ്ടുവര്‍ഷത്തിലേറെയായി സിപിഎമ്മും സര്‍ക്കാരും സിസയ്‌ക്കെതിരേ കര്‍ക്കശ നിലപാടിലായിരുന്നു.