എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് സുരക്ഷിത ലാന്‍ഡിംഗ് സൗകര്യമൊരുക്കി സിയാല്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് സുരക്ഷിത ലാന്‍ഡിംഗ് സൗകര്യമൊരുക്കി സിയാല്‍


കൊച്ചി:160 യാത്രക്കാരുമായി  ജിദ്ദയില്‍ നിന്ന് കോഴിക്കോടേക്ക്  പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിന്  സാങ്കേതിക തകരാറിനെതുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷിത ലാന്‍ഡിംഗ്.  എയര്‍ ഇന്ത്യ എക്‌സ്പ്രസ് കത 398 വിമാനം രാവിലെ 9:08ഓടെയാണ് സിയാലിന്റെ സുസജ്ജമായ സംവിധാനത്തില്‍ സുരക്ഷിത ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും   സുരക്ഷിതരാണ്. ആര്‍ക്കും പരിക്കില്ല. ടയറുകളില്‍   തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്  വിമാനം കൊച്ചിയിലേക്ക് തിരിച്ചു വിട്ടത്. 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്  (സിയാല്‍) ഈ സുരക്ഷിത ലാന്‍ഡിങ് വിജയകരമായി ഏകോപിപ്പിച്ചു. തകരാറിനെ തുടര്‍ന്നുള്ള ലാന്‍ഡിങ് വിവരം രാവിലെ 08:35ഓടെയാണ് സിയാലിന് ലഭിച്ചത്.   ഉടന്‍ തന്നെ എയര്‍പോര്‍ട്ട് റെസ്‌ക്യൂ & ഫയര്‍ ഫൈറ്റിങ് (എ.ആര്‍.എഫ്.എഫ്), സി.ഐ.എസ്.എഫ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികള്‍, ഇതര റെസ്‌ക്യൂ സര്‍വീസുകള്‍  എന്നിവയുള്‍പ്പെടെയുള്ള  സിയാല്‍ സംഘവും ഒപ്പം സംസ്ഥാന അഗ്‌നിശമന, പോലീസ് സേനകളും   പൂര്‍ണ്ണ സജ്ജരായി  എമര്‍ജന്‍സി സേവനങ്ങള്‍  മുന്‍കൂട്ടി സജ്ജീകരിച്ചു.  ലാന്‍ഡിങിന് ശേഷം നടത്തിയ പരിശോധനയില്‍ വലത് ഭാഗത്തുള്ള രണ്ടു ടയറുകളും പൊട്ടിയതായി സ്ഥിരീകരിച്ചു. റണ്‍വേയിലെ  തടസങ്ങള്‍ മാറ്റിയ ശേഷം  09:45ഓടെ വീണ്ടും പ്രവര്‍ത്തനസജ്ജമായി.  09:48 ന് ആദ്യ വിമാനം ടേക്ക് ഓഫ് ചെയ്തു.  അതേസമയം, കൊച്ചിയിലെ  6 ആഗമനം, 5 പുറപ്പെടല്‍ വിമാനങ്ങള്‍ വൈകി. ലാന്‍ഡിംഗ് വൈകിയ 3 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടു. 

മികച്ച ഏകോപനത്തിലൂടെ സുരക്ഷിത ലാന്‍ഡിങ്ങിനു സൗകര്യമൊരുക്കാന്‍ സിയാലിന് കഴിഞ്ഞതായി സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. 'സിയാലുമായി സഹകരിച്ചു വരുന്ന എല്ലാ ഏജന്‍സികളും സ്‌റ്റേക്ക്‌ഹോള്‍ഡര്‍മാരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍  ഈ സാഹചര്യം പ്രൊഫഷണലായി നമ്മള്‍ കൈകാര്യം ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരായി അവരുടെ സ്ഥലങ്ങളിലേക്ക്  എത്തിച്ചേരുന്നു എന്നറിയുന്നത്   ആശ്വാസകരമാണ്',  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിദ്ദ വിമാനത്താവളത്തിലെ റണ്‍വേയില്‍ വച്ച്,  ഏതോ  ബാഹ്യ വസ്തു മൂലം ടേക്ക് ഓഫിനിടെ  വിമാനത്തിന്റെ ടയറിന് കേടുപാടുണ്ടായി എന്ന് സംശയമുണ്ടായതിനാലാണ്  മുന്‍കരുതല്‍ ലാന്‍ഡിങ് നടത്തിയതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അറിയിച്ചു.  'വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.  എല്ലാ അതിഥികളെയും  റോഡു മാര്‍ഗം  കോഴിക്കോട് എത്തിച്ചു കൊണ്ടിരിക്കുകയാണ്. യാത്രക്കാര്‍ക്കുണ്ടായ  അസൗകര്യങ്ങളില്‍  ഖേദിക്കുന്നു', എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. സുരക്ഷിതമായ ലാന്‍ഡിങും റണ്‍വേ ക്ലിയറണ്‍സിനും ശേഷം സിയാലിലെ എല്ലാ ഓപ്പറേഷനുകളും സാധാരണ നിലയിലായിട്ടുണ്ട്.