ദൂരദര്‍ശനും ആകാശവാണിയും പ്രേക്ഷക സ്വാധീനം ശക്തിപ്പെടുത്തുന്നു

ദൂരദര്‍ശനും ആകാശവാണിയും പ്രേക്ഷക സ്വാധീനം ശക്തിപ്പെടുത്തുന്നു


ന്യൂഡല്‍ഹി: ദൂരദര്‍ശന്റേയും ആകാശവാണിയുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്താനും പ്രേക്ഷക സ്വാധീനം മെച്ചപ്പെടുത്താനും കേന്ദ്രം പുതിയ നടപടികള്‍ സ്വീകരിക്കുന്നു. 

ഉള്ളടക്ക ഗുണനിലവാരവും വൈവിധ്യവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉയര്‍ന്ന പങ്കാളിത്തം ഉറപ്പാക്കാനും പരിപാടികള്‍ വേഗത്തില്‍ ഏറ്റെടുക്കാനും ലക്ഷ്യമിട്ട് ലളിതവത്ക്കരിച്ച 'ഉള്ളടക്ക ശേഖരണ നയം' 2024-ല്‍ അവതരിപ്പിച്ചിരുന്നു.

പുതിയ പരിപാടികള്‍ കൃത്യമായ ഇടവേളകളില്‍ പുറത്തിറക്കുകയും പ്രാദേശിക ഭാഷകളില്‍ ഉള്ളടക്കം നിര്‍മിക്കാന്‍ സംസ്ഥാനതല പ്രാദേശിക കേന്ദ്രങ്ങളില്‍ പ്രാദേശിക കലാകാരന്മാരെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. പ്രതിഭകളെ ആകര്‍ഷിക്കാനും ദൂരദര്‍ശന്റെ പരിപാടികള്‍ നിര്‍മിക്കുന്ന 66 കേന്ദ്രങ്ങളിലും മികച്ച പ്രാദേശിക ഉള്ളടക്കം ഉറപ്പാക്കാനുമായി കലാകാരന്മാരുടെയും താത്ക്കാലിക സേവനദാതാക്കളുടെയും വേതന നിരക്കുകള്‍ പരിഷ്‌കരിച്ചു.

പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടാന്‍ പ്രധാന ദേശീയ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം പതിവായി നടത്തുന്നു. 2025-ലെ മഹാകുംഭമേള (പ്രയാഗ്രാജ്), വേവ്‌സ് ഉച്ചകോടി (മുംബൈ), ഐ എസ് ആര്‍ ഒ ഉപഗ്രഹ വിക്ഷേപണങ്ങള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

സാങ്കേതിക നവീകരണത്തിന്റെ ഭാഗമായി നിരവധി ദൂരദര്‍ശന്‍ ചാനലുകള്‍ ഉയര്‍ന്ന എച്ച് ഡി ദൃശ്യമികവില്‍ സംപ്രേഷണം ചെയ്യുകയും വേവ്‌സ് ഒടിടി പ്ലാറ്റ്ഫോം ആരംഭിച്ച് ഡിജിറ്റല്‍ സാന്നിധ്യം ശക്തമാക്കുകയും ചെയ്തു. ദൂരദര്‍ശനും മറ്റ് ചാനലുകളും വേവ്‌സ് ഒടിടി-യിലും ന്യൂസ് ഓണ്‍ എയര്‍ മൊബൈല്‍ അപ്ലിക്കേഷനിലും സംയോജിപ്പിച്ചിട്ടുണ്ട്.

'ദി ആകാശവാണി പോഡ്കാസ്റ്റ്', 'ആകാശവാണി ഒറിജിനല്‍സ്' എന്നീ പേരുകളില്‍ ദൃശ്യ- ശ്രാവ്യ പോഡ്കാസ്റ്റ് പരമ്പരകള്‍ക്ക് ആകാശവാണി തുടക്കം കുറിച്ചു.

ക്ലസ്റ്റര്‍ മേധാവികള്‍ക്കും ഓഫീസ് മേധാവികള്‍ക്കും വ്യക്തമായ ചുമതലകള്‍ നല്‍കല്‍, വരുമാന വര്‍ധനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, ഉള്ളടക്കം മെച്ചപ്പെടുത്തല്‍, വിപണി സ്വാധീനം വര്‍ധിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ആകാശവാണിയില്‍ നടപ്പാക്കി.

ബഹുതല മാധ്യമ പ്രചാരണത്തിന്റേയും ഏകോപിത വിപണന പ്രവര്‍ത്തനങ്ങളുടെയും പിന്തുണയോടെ ആപ്പുകളും ഒ ടി ടിയും സമൂഹ മാധ്യമങ്ങളുമടക്കം ബദല്‍ സംപ്രേക്ഷണ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തി വരുന്നു.

2021-26 കാലയളവില്‍ 2,539.61 കോടി രൂപ ചെലവില്‍ സംപ്രേഷണ അടിസ്ഥാനസൗകര്യ ശൃംഖലാ വികസന പദ്ധതിയ്ക്ക് കീഴില്‍ പ്രസാര്‍ഭാരതിയുടെ ആധുനികവല്‍ക്കരണവും നവീകരണവും പുരോഗമിക്കുകയാണ്.

ഡിജിറ്റല്‍വത്ക്കരണം, പഴയ സംവിധാനങ്ങള്‍ മാറ്റിസ്ഥാപിക്കല്‍, സ്റ്റുഡിയോകളുടെയും പ്രസരണ സംവിധാനങ്ങളുടെയും നവീകരണം, സംപ്രേക്ഷണ വ്യാപ്തി വര്‍ധിപ്പിക്കല്‍, പുതിയ സാങ്കേതിക വിദ്യകള്‍ അവലംബിക്കല്‍ എന്നിവയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഉപഭോക്തൃ ഇടപെടല്‍ മെച്ചപ്പെടുത്തുക, വരുമാനത്തിന് മുന്‍തൂക്കം നല്‍കുന്ന ഉള്ളടക്കങ്ങള്‍ ആസൂത്രണം ചെയ്യുക, വിവിധ പ്ലാറ്റ്ഫോമുകളിലൂടെ പ്രചാരണം ശക്തിപ്പെടുത്തുക, സംയോജിത പരസ്യ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുക എന്നിവയും വരുമാന വര്‍ധനാ നടപടികളുടെ ഭാഗമാണ്.

2022- 25 കാലയളവില്‍ സര്‍ക്കാര്‍- ഇതര പരസ്യ വിഭാഗത്തില്‍ ആകാശവാണിയും ദൂരദര്‍ശനും ആകെ നേടിയ വരുമാനം 587.78 കോടി രൂപയാണ്.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഡോ. എല്‍ മുരുകന്‍ ലോക്‌സഭയില്‍ പരഷോത്തംഭായ് രൂപാലയുടെ ചോദ്യത്തിന് മറുപടിയായാണ് ഈ വിവരങ്ങള്‍ നല്‍കിയത്.