ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലാദേശ് ബന്ധങ്ങളില്‍ 1971ലെ വിമോചനയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യമെന്ന് പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് എം പി ശശി തരൂര്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍.
ഇസ്ലാമിസ്റ്റ് ശക്തികളുടെ പുനരുയിര്‍പ്പ്, ആഭ്യന്തര രാഷ്ട്രീയ രംഗത്തെ മാറ്റങ്ങള്‍, ധാക്കയില്‍ ചൈനയുടെയും പാകിസ്ഥാന്റെയും വര്‍ധിച്ച സ്വാധീനം എന്നിവയാണ് പ്രധാന ആശങ്കകളായി സമിതി ചൂണ്ടിക്കാണിച്ചത്. ഈ ഘട്ടത്തില്‍ ഇന്ത്യ തന്ത്രപരമായ പുനഃക്രമീകരണം നടത്തുന്നതില്‍ പരാജയപ്പെട്ടാല്‍ യുദ്ധത്തിലൂടെ അല്ല, പ്രസക്തിയില്ലായ്മയിലൂടെ ധാക്കയിലെ തന്ത്രപരമായ ഇടം ഇന്ത്യക്ക് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശശി തരൂര്‍ അധ്യക്ഷനായ സമിതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സര്‍ക്കാരേതര വിദഗ്ധരുടെയും സാക്ഷ്യങ്ങളെ ആധാരമാക്കിയുള്ളതാണ്. ഇന്ത്യ നേരിടുന്ന വെല്ലുവിളി ആഴമുള്ളതും ദീര്‍ഘകാല സ്വഭാവമുള്ളതുമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
1971ലെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ ബംഗ്ലാദേശിന്റെ സ്ഥിതി ഇന്ത്യയ്ക്ക് ഉടനടി നിലനില്‍പ്പിനെതിരെയുള്ള ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും ധാക്കയിലെ തുടരുന്ന രാഷ്ട്രീയ രീതികളും തന്ത്രപരമായ പുനഃക്രമീകരണവും ദീര്‍ഘകാലത്ത് ഇന്ത്യയുടെ സുരക്ഷാ- വിദേശനയങ്ങളെ പുനര്‍രൂപപ്പെടുത്താന്‍ ഇടയാക്കാവുന്ന വെല്ലുവിളികളാണെന്ന് സമിതി മുന്നറിയിപ്പ് നല്‍കി.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ രാഷ്ട്രീയ ആധിപത്യം കുറഞ്ഞുവരുന്നതും അനിശ്ചിതത്വത്തിന് കാരണമാകുന്ന പ്രധാന ഘടകമാണെന്ന് സമിതി വ്യക്തമാക്കി. 2024 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവാമി ലീഗ് 300 സീറ്റുകളില്‍ 224 എണ്ണം നേടിയെങ്കിലും വോട്ടര്‍ പങ്കാളിത്തം 40 ശതമാനം മാത്രമായിരുന്നു.
യുവാക്കള്‍ നയിക്കുന്ന ദേശീയവാദ വികാരം ബംഗ്ലാദേശില്‍ പ്രധാന രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ഇസ്ലാമിസ്റ്റ് സംഘങ്ങളുടെ പുനരുയിര്‍പ്പിനെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി.
ബംഗ്ലാദേശില്‍ ചൈനയുടെയും പാകിസ്ഥാന്റെയും വര്‍ധിച്ച സാന്നിധ്യം ഇന്ത്യയ്ക്കുള്ള പ്രധാന ആശങ്കയാണെന്നും പ്രാദേശിക സഖ്യങ്ങളില്‍ മാറ്റം വന്നാല്‍ ധാക്കയിലെ ഇന്ത്യയുടെ പരമ്പരാഗത സ്വാധീനം ക്ഷീണിക്കുകയും സുരക്ഷാ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയും ചെയ്യുമെന്ന് സമിതി വ്യക്തമാക്കി.
ബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിന്ന് രണ്ടു രാജ്യങ്ങളുടേയും ബന്ധങ്ങളെ വേര്‍തിരിച്ച് നിലനിര്‍ത്താന്‍ ഡല്‍ഹി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇടക്കാല സര്‍ക്കാരുമായി ഇടപെടല്‍ തുടരുന്നതായും ബംഗ്ലാദേശ് ജനതയുടെ ആഗ്രഹങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നതായും വിദേശകാര്യ മന്ത്രാലയം സമിതിയെ അറിയിച്ചു.
ബംഗ്ലാദേശിലെ മാറുന്ന രാഷ്ട്രീയ പാതയും ബാഹ്യ സഖ്യങ്ങളും ഇന്ത്യയുടെ സ്ഥിരമായ ശ്രദ്ധ ആവശ്യപ്പെടുന്നതാണെന്ന നിഗമനത്തോടെയാണ് സമിതി റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
