റഷ്യയുടെ ഫ്രീസ് ആസ്തികള്‍ യുക്രെയ്‌ന് വായ്പായായി അനുവദിക്കണമെന്ന് സെലെന്‍സ്‌കി

റഷ്യയുടെ ഫ്രീസ് ആസ്തികള്‍ യുക്രെയ്‌ന് വായ്പായായി അനുവദിക്കണമെന്ന് സെലെന്‍സ്‌കി


ബ്രസ്സല്‍സ്: റഷ്യയുടെ ഫ്രീസ് ചെയ്ത ആസ്തികള്‍ ഉപയോഗിച്ച് യുക്രെയ്‌നിന് വായ്പ അനുവദിക്കുന്നതില്‍ അടിയന്തര തീരുമാനം എടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളോട് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലെന്‍സ്‌കി നിര്‍ണായക ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. യുക്രെയ്‌നിന്റെ സൈനികവും സാമ്പത്തികവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ തുക അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

യുക്രെയ്‌നിന് അടുത്ത മാസങ്ങളില്‍ തന്നെ പണം തീരുമെന്നും വസന്തകാലത്തോടകം സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കില്‍ ഡ്രോണ്‍ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ഉത്പാദനം കുറയ്‌ക്കേണ്ടിവരുമെന്നും സെലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഫ്രീസ് ചെയ്തിട്ടുള്ള റഷ്യയുടെ ഏകദേശം 210 ബില്യണ്‍ യൂറോ മൂല്യമുള്ള ആസ്തികളില്‍ ഭൂരിഭാഗവും ബെല്‍ജിയം ആസ്ഥാനമായ യൂറോക്ലിയര്‍ എന്ന സ്ഥാപനത്തിലാണുള്ളത്. ഇതുവരെ, ഈ തുക 'പരിഹാര വായ്പ'യായി ഉപയോഗിക്കുന്നതിനെതിരെ ബെല്‍ജിയവും മറ്റ് ചില അംഗരാജ്യങ്ങളും നിലപാട് സ്വീകരിച്ചിരുന്നു.

തങ്ങളുടെ പണം ഉപയോഗിക്കരുതെന്ന് റഷ്യ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പോളണ്ട് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌ക് 'ഈ ഘട്ടത്തില്‍ ധൈര്യപൂര്‍വം മുന്നോട്ടുവരേണ്ടതുണ്ട്' എന്ന് പ്രതികരിച്ചു.

യുദ്ധം നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കെ ചേര്‍ന്ന ബ്രസ്സല്‍സ് ഉച്ചകോടിക്കിടെ ഫ്രീസ് ചെയ്ത തുക തിരികെ നേടാന്‍ റഷ്യ മോസ്‌കോ കോടതിയില്‍ യൂറോക്ലിയറിനെതിരെ കേസ് ഫയല്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

അടുത്ത വര്‍ഷം യുക്രെയ്‌നിന് 4550 ബില്യണ്‍ യൂറോയുടെ കുറവുണ്ടാകുമെന്ന് സെലെന്‍സ്‌കി വ്യക്തമാക്കി. ഉച്ചകോടിയില്‍ നിന്ന് പരിഹാരമില്ലാതെ മടങ്ങില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉഴ്സുല വോണ്‍ ഡെര്‍ ലെയന്‍ ഉറപ്പുനല്‍കി. കരാര്‍ ഉണ്ടാകുമെന്നതില്‍ പ്രതീക്ഷയുണ്ടെന്നാണ് ഒരു യൂറോപ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതികരരിച്ചത്. 

ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട്ട് ഡി വെവറും നിര്‍ണായകമായ നിലപാട് സ്വീകരിച്ചു. 

2022 ഫെബ്രുവരിയില്‍ റഷ്യ- യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ ഉടന്‍ കരാര്‍ ഉണ്ടാകുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ക്കായി യു എസ്- റഷ്യ ഉദ്യോഗസ്ഥര്‍ ഈ വാരാന്ത്യത്തില്‍ മിയാമിയില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ക്രെംലിന്‍ ദൂതന്‍ കിരില്‍ ദിമിത്രിയേവ്, ട്രംപ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.

യുക്രെയ്ന്‍ ഉദ്യോഗസ്ഥരും യു എസിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. യുദ്ധം തുടര്‍ന്നാല്‍ സൈന്യത്തെ പിന്തുണയ്ക്കാനോ അല്ലെങ്കില്‍ പുനര്‍നിര്‍മ്മാണത്തിനായി മുഴുവന്‍ തുകയും വിനിയോഗിക്കാനോ പണം ആവശ്യമാണ് എന്ന് സെലെന്‍സ്‌കി പറഞ്ഞു. 

യൂറോപ്യന്‍ നേതൃത്വത്തിലുള്ള, യു എസ് പിന്തുണയുള്ള ബഹുരാഷ്ട്ര സേന യുക്രെയ്‌നില്‍ വിന്യസിക്കുന്ന പദ്ധതികള്‍ അംഗീകരിക്കാനാകില്ലെന്ന് ക്രെംലിന്‍ ആവര്‍ത്തിച്ചു. യൂറോപ്പ് 'പൂര്‍ണമായ തകര്‍ച്ചയിലാണ്' എന്നും റഷ്യയുടെ തകര്‍ച്ചയില്‍ നിന്ന് ലാഭം നേടാന്‍ ശ്രമിക്കുന്ന 'യൂറോപ്യന്‍ പന്നിക്കുട്ടികള്‍' എന്നും യുക്രെയ്‌നിന്റെ യൂറോപ്യന്‍ കൂട്ടുകാര്‍ എന്നും പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പരിഹസിച്ചു.

യൂറോപ്യന്‍ കമ്മീഷന്‍, യൂറോപ്പില്‍ ഫ്രീസ് ചെയ്തിട്ടുള്ള 210 ബില്യണ്‍ യൂറോ റഷ്യന്‍ ആസ്തികളില്‍ നിന്ന് അടുത്ത രണ്ട് വര്‍ഷത്തിനിടെ ഏകദേശം 90 ബില്യണ്‍ യൂറോ യുക്രെയ്‌നിന് വായ്പയായി നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് 2026- 27 കാലയളവില്‍ യുക്രെയ്‌നിന് ആവശ്യമായതായി കണക്കാക്കുന്ന 137 ബില്യണ്‍ യൂറോയുടെ ഏകദേശം രണ്ട് ഭാഗമാണ്. ഇതുവരെ ആസ്തികളില്‍ നിന്നുള്ള പലിശ മാത്രമാണ് യുക്രെയ്‌നിന് കൈമാറിയിട്ടുള്ളത്.

'അടുത്ത ഒരു വര്‍ഷം യുക്രെയ്‌നിന് പോരാട്ടം തുടരാന്‍ ഇതാണ് നിര്‍ണായക സമയം' എന്ന് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

റഷ്യയ്ക്കെതിരായ യുദ്ധച്ചെലവ് വര്‍ധിപ്പിക്കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു. അതേസമയം, യൂറോപ്യന്‍ യൂണിയന്‍ ബജറ്റിനെ ഗ്യാരണ്ടിയാക്കി അന്താരാഷ്ട്ര വിപണിയില്‍ നിന്ന് പണം കടം വാങ്ങുന്ന മറ്റൊരു പദ്ധതി ബെല്‍ജിയം പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഇതിന് ഏകകണ്ഠമായ അംഗീകാരം ആവശ്യമായതിനാല്‍, ഹംഗറിയുടെ വിക്ടര്‍ ഓര്‍ബാന്‍ യുക്രെയ്‌നിന് കൂടുതല്‍ യൂറോപ്യന്‍ യൂണിയന്‍ ധനം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യുക്രെയ്‌നിന് മുന്നിലെ അടുത്ത മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും, വായ്പാ തീരുമാനത്തിന്റെ ചരിത്രപ്രാധാന്യം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഊന്നിപ്പറയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.