ഇസ്ലാമാബാദ്: വിമാനയാത്രാ നിരോധന പട്ടികയും വിസ നിയന്ത്രണങ്ങളും വിദേശ സര്‍ക്കാരുകളുടെ കര്‍ശന മുന്നറിയിപ്പുകളും നാടുകടത്തലും അവഗണിച്ച് പാക്കിസ്ഥാനില്‍ നിന്ന് ഭിക്ഷാടകര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നത് തുടരുന്നതായി റിപ്പോര്‍ട്ട്. സൗദി അറേബ്യ 56,000 പാക് ഭിക്ഷാടകരെ നാടുകടത്തിയതായും 2025ല്‍ വിദേശത്ത് ഭിക്ഷാടനം നടത്തുന്ന സംഘങ്ങളെ തടയുന്നതിനായി പാക് അധികൃതര്‍ 66,000ത്തിലധികം യാത്രക്കാരെ വിമാനയാത്രയില്‍ നിന്ന് ഒഴിവാക്കിയതായും പാക് പാര്‍ലമെന്ററി സമിതി അറിയിച്ചു.
ഇസ്ലാമിലെ രണ്ട് വിശുദ്ധ സ്ഥലങ്ങള്‍ ഉള്ള സൗദി അറേബ്യ ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയ ഏകദേശം 56,000 പാക്കിസ്ഥാനികളെ നാടുകടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. അതേസമയം പാക്കിസ്ഥാന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി 2025ല്‍ 66,154 സംശയാസ്പദ യാത്രക്കാരെ വിമാനങ്ങളില്‍ നിന്ന് ഇറക്കി, വിദേശയാത്ര തടഞ്ഞു. ഭിക്ഷാടനം സംബന്ധിച്ച നിരവധി പരാതികള്‍ പാക് സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ മാസം, കുറ്റകൃത്യങ്ങളിലും ഭിക്ഷാടനത്തിലും ഏര്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍, പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് യു എ ഇ വലിയ തോതില്‍ നിര്‍ത്തിവച്ചിരുന്നു. ഇത്തരത്തിലുള്ള കണക്കുകള്‍, ആയിരക്കണക്കിന് പാക് പൗരന്മാരെ എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം പാക്കിസ്ഥാനിലെ ദേശീയ അസംബ്ലിയില്‍ ഒരു പാര്‍ലമെന്ററി പാനലാണ് പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ഉംറ വിസ ദുരുപയോഗം ചെയ്ത് മക്കയിലേക്കും മദീനയിലേക്കും എത്തി ഭിക്ഷാടനം നടത്തുന്നത് തടയാന്‍ പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടിരുന്നു.
സംഘടിത ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട 56,000 പാക്കിസ്ഥാനികളെ അടുത്തിടെ സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തിയെന്ന്
അനധികൃത കുടിയേറ്റവും ഭിക്ഷാടന സംഘങ്ങളും ആഗോളതലത്തില്‍ പാക്കിസ്ഥാന്റെ പ്രതിഛായയ്ക്ക് ഗുരുതരമായ ക്ഷതം വരുത്തിയിട്ടുണ്ടെന്നും തീര്‍ഥാടനവും ടൂറിസ്റ്റ് വിസകളും ദുരുപയോഗം ചെയ്ത് പശ്ചിമേഷ്യയിലെ നഗരങ്ങളില്‍ പാക് ഭിക്ഷാടകര്‍ നിറഞ്ഞുവെന്നും കറാച്ചി ആസ്ഥാനമായ 'ദി ന്യൂസ് ഇന്റര്‍നാഷണല്‍' പത്രം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി മേധാവി റിഫാത്ത് മുഖ്താര്‍ പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സില്‍ ഒരു പാക് ഉപയോക്താവ് പങ്കുവച്ച അനുഭവത്തില്‍, ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ താന്‍ പാക്കിസ്ഥാനിയായതില്‍ ലജ്ജിക്കുന്നുവെന്നും ബിന്‍ ദാവൂദ് സ്റ്റോറിനുള്ളിലും ഉംറ സമയത്തും തെരുവുകളിലും അവര്‍ ഭിക്ഷാടനം നടത്തുന്നുവെന്നും കുറിച്ചു.
യു എ ഇ, കുവൈത്ത്, അസര്‍ബൈജാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലും പാക് ഭിക്ഷാടകര്‍ സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
