മുംബൈ: റണ്‍വീര്‍ സിംഗ് നായകനായ ചാരത്രില്ലര്‍ ചിത്രം ധുരന്ധര്‍ ആഗോള ബോക്‌സോഫീസില്‍ മികച്ച മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത ആദ്യവാരം തന്നെ ശക്തമായ തുടക്കം നേടിയ ചിത്രം രണ്ടാം വാരാന്ത്യത്തില്‍ കളക്ഷന്‍ ഉയര്‍ത്തി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയായിരുന്നു. ഇതോടെ വിക്കഡ്: ഫോര്‍ ഗുഡ്, പ്രെഡേറ്റര്‍: ബാഡ്‌ലാന്‍ഡ്‌സ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി ലോകത്ത് മൂന്നാമത്തെ ഉയര്‍ന്ന വരുമാനം നേടിയ ചിത്രമായി ധുരന്ധര്‍ മാറി.
ആദ്യ വാരാന്ത്യത്തില്‍ ചിത്രം ആഗോളതലത്തില്‍ 17 മില്യണ്‍ ഡോളറിലധികം (ഏകദേശം 158 കോടി രൂപ) സ്വന്തമാക്കിയിരുന്നു. ആദ്യവാരം പൂര്‍ത്തിയാകുമ്പോള്‍ തന്നെ ലോകമെമ്പാടുമുള്ള മൊത്തം വരുമാനം 319 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ 7.8 മില്യണ്‍ ഡോളര്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്നായിരുന്നു. ഡിസംബര്‍ 12 മുതല്‍ 14 വരെ നടന്ന രണ്ടാം വാരാന്ത്യത്തില്‍ ചിത്രം 225 കോടി (ഏകദേശം 25 മില്യണ്‍ ഡോളര്‍) കൂടി നേടി, വിദേശ വിപണിയില്‍ മാത്രം 5.85 മില്യണ്‍ ഡോളറിന്റെ നേട്ടം കൈവരിച്ചു.
ഇതോടെ പത്ത് ദിവസത്തിനുള്ളില്‍ ധുരന്ധര്‍ നേടിയ ആഗോള ഗ്രോസ് വരുമാനം 544 കോടിരൂപ ആയി. തുടര്‍ന്ന് ലഭിച്ച അധിക വരുമാനം കൂടി ചേര്‍ന്നപ്പോള്‍ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കലക്ഷന്‍ 639 കോടി രൂപ (71 മില്യണ്‍ ഡോളര്‍) പിന്നിട്ടു. ഇതില്‍ 16 മില്യണ്‍ ഡോളര്‍ വിദേശ വിപണിയില്‍ നിന്നുള്ളതാണ്.
രണ്ടാം വാരാന്ത്യത്തിലെ 25 മില്യണ്‍ ഡോളര്‍ കളക്ഷനോടെ, സൂട്ടോപിയ 2, ഫൈവ് നൈറ്റ്‌സ് അറ്റ് ഫ്രെഡ്ഡീസ് 2 എന്നീ ചിത്രങ്ങള്‍ക്ക് പിന്നില്‍ മാത്രമാണ് ധുരന്ധര്‍ സ്ഥാനം പിടിച്ചത്. അതേസമയം, അതേ കാലയളവില്‍ വെറും 13 മില്യണ്‍ ഡോളര്‍ മാത്രമാണ് വിക്കഡ്: ഫോര്‍ ഗുഡ് നേടിയത്. പ്രെഡേറ്റര്‍: ബാഡ്‌ലാന്‍ഡ്‌സ്, നൗ യൂ സീ മീ: നൗ യൂ ഡോണ്ട്, ജുജുത്സു കൈസന്‍: എക്‌സിക്യൂഷന്‍ എന്നീ ചിത്രങ്ങളെയും ധുരന്ധര്‍ പിന്നിലാക്കി.
ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഭീകര-കുറ്റകൃത്യ ശൃംഖലയില്‍ കടന്നുകയറുന്ന ഇന്ത്യന്‍ ചാരനായ ഹംസയായി റണ്‍വീര്‍ സിംഗ് വേഷമിടുന്നു. അക്ഷയ് ഖന്ന, അര്‍ജുന്‍ റാംപാല്‍, സഞ്ജയ് ദത്ത്, ആര്‍. മാധവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശക്തമായ കഥാപശ്ചാത്തലവും താരനിരയും ചേര്‍ന്നതാണ് ധുരന്ധര്‍ ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ആഗോള ബോക്‌സോഫീസില്‍ മൂന്നാം സ്ഥാനത്ത് 'ധുരന്ധര്‍'; ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളെ മറികടന്ന് റണ്‍വീര്‍ സിംഗ് ചിത്രം
