വാഷിംഗ്ടണ്‍: ബ്രൗണ്‍ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഡൈവേഴ്‌സിറ്റി ഇമിഗ്രന്റ് വിസ (ഗ്രീന്‍ കാര്‍ഡ് ലോട്ടറി) പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. ബ്രൗണ്‍ സര്‍വകലാശാലയില്‍ രണ്ട് വിദ്യാര്‍ത്ഥികളും എംഐടിയിലെ ഒരു പ്രൊഫസറും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിക്ക് ഈ പദ്ധതിയിലൂടെ ഗ്രീന്‍ കാര്‍ഡ് ലഭിച്ചതായുള്ള വിവരത്തെ തുടര്‍ന്നാണ് നടപടി.
ഡിസംബര്‍ 13ന് റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സിലുള്ള ബ്രൗണ്‍ സര്‍വകലാശാലയിലെ ഫിസിക്‌സ് കെട്ടിടത്തില്‍ നടന്ന വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോര്‍ച്ചുഗല്‍ സ്വദേശിയായ ക്ലാഡിയോ മാനുവല്‍ നെവസ് വാലന്റേ (48) ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ 2000ല്‍ ബ്രൗണ്‍ സര്‍വകലാശാലയില്‍ ഫിസിക്‌സില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായി ചേര്‍ന്നിരുന്ന മുന്‍ വിദ്യാര്‍ത്ഥിയാണെന്ന് സര്‍വകലാശാല പ്രസിഡന്റ് ക്രിസ്റ്റിന എച്ച്. പാക്‌സണ്‍ അറിയിച്ചു.
ബ്രൗണ്‍ സര്‍വകലാശാല വെടിവെപ്പിന് പിന്നാലെ രണ്ട് ദിവസംകഴിഞ്ഞ് മസാച്യൂസെറ്റ്‌സിലെ ബ്രൂക്ക്‌ലൈനില്‍ എംഐടി ഫിസിക്‌സ് പ്രൊഫസര്‍ നൂനോ ലോറെയ്‌റോ (47)യെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയതിലും വാലന്റേയ്ക്കാണ് പങ്കുണ്ടെന്ന സംശയമെന്ന് അധികൃതര്‍ പറഞ്ഞു. ഇരുവരും പോര്‍ച്ചുഗലിലെ ഒരേ സര്‍വകലാശാലയില്‍ പഠിച്ചിരുന്നവരാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
വ്യാഴാഴ്ച ന്യൂ ഹാംഷയറിലെ ഒരു സ്‌റ്റോറേജ് കേന്ദ്രത്തില്‍ വാലന്റേ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പ്രതിയുടെ പേര് പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടു. സ്ഥലത്ത് നിന്ന് ആയുധങ്ങളും കണ്ടെത്തിയതായി പ്രൊവിഡന്‍സ് പൊലീസ് മേധാവി ഓസ്‌കര്‍ പെറെസ് പറഞ്ഞു. പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും പൊതുജനങ്ങള്‍ക്ക് ഇനി ഭീഷണിയില്ലെന്നും ബോസ്റ്റണിലെ യു.എസ്. അറ്റോര്‍ണി ഓഫീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ പ്രേരണ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2017ല്‍ ഡൈവേഴ്‌സിറ്റി വിസ പദ്ധതിയിലൂടെയാണ് വാലന്റേ അമേരിക്കയില്‍ പ്രവേശിക്കുകയും ഗ്രീന്‍ കാര്‍ഡ് നേടുകയും ചെയ്തതെന്ന് ക്രിസ്റ്റി നോം അറിയിച്ചു. 'ഈ ദുരന്തകരമായ പദ്ധതിമൂലം ഇനി ഒരു അമേരിക്കക്കാരനും ഹാനി സംഭവിക്കാതിരിക്കാനാണ് ഡിവി1 പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്,' എന്ന് അവര്‍ എക്‌സ് (X) പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. വര്‍ഷംതോറും കുറഞ്ഞ കുടിയേറ്റ നിരക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി 50,000 വരെ വിസകള്‍ നല്‍കുന്ന പദ്ധതിയാണ് ഡൈവേഴ്‌സിറ്റി ഇമിഗ്രന്റ് വിസ പ്രോഗ്രാം.
ബ്രൗണ്‍ സര്‍വകലാശാല വെടിവെപ്പ്: യു.എസ്. ഗ്രീന്‍ കാര്‍ഡ് ലോട്ടറി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ട്രംപിന്റെ ഉത്തരവ്
